in

ഇന്ത്യയുടെ ബഹിരാകാശ നഗരമായി മാറാൻ തിരുവനന്തപുരം

ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടായി തലസ്ഥാനത്ത് നോളജ് സിറ്റിയില്‍ യാഥാര്‍ത്ഥ്യമാകുന്ന സ്പെയ്സ് പാര്‍ക്കിലൂടെ ഇന്ത്യയുടെ ബഹിരാകാശനഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ബഹിരാകാശ വ്യവസായത്തിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് സംസ്ഥാനത്തിന്‍റേത്. ഐഎസ്ആര്‍ഒയുടെ ശാസ്ത്ര-സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ നാല്‍പത്തഞ്ചുശതമാനവും നടക്കുന്നത് തിരുവനന്തപുരത്താണ്. കൂടാതെ രാജ്യത്തെ ഏക ബഹിരാകാശ സര്‍വകലാശാലയുടെ സാന്നിധ്യവും ഇവിടെയുണ്ടെന്നും ഇത് ഈ മേഖലയിലെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെ ഉണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും പുത്തന്‍ ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍  ‘നവ ബഹിരാകാശം – അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന പ്രമേയത്തില്‍ സ്പെയ്സ് പാര്‍ക്ക് സംഘടിപ്പിക്കുന്ന ദ്വിദിന ഉച്ചകോടിയായ ‘എഡ്ജ് 2020’ ന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിനു കീഴിലുള്ളതാണ് സ്പെയ്സ് പാര്‍ക്ക്. കളമശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് സമുച്ചയത്തില്‍ ആരംഭിച്ച രാജ്യത്തെ ആദ്യ സൂപ്പര്‍ ഫാബ് ലാബും ഈ രംഗത്തെ മുന്നേറ്റത്തിന് കരുത്തേകും. ഭൗതിക-പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശ ശൃംഖലയ്ക്കും ദേശീയ- രാജ്യാന്തര പങ്കാളിത്തത്തിനും ഊന്നല്‍ നല്‍കുന്ന സ്പെയ്സ് പാര്‍ക്ക് ബഹിരാകാശവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയ്ക്കുള്ള സുപ്രധാന കേന്ദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നൂതനാശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ സാങ്കേതികവിദ്യ വാണിജ്യവല്‍ക്കരണ പരിപാടിയായ ‘അഗ്നി’യെ സംസ്ഥാന സര്‍ക്കാരുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അര്‍ബിന്ദ മിത്ര അറിയിച്ചു. സുപ്രധാന നഗരങ്ങളില്‍ നടപ്പാക്കുന്ന സിറ്റി നോളജ് ഇന്നൊവേഷന്‍ ക്ലസ്റ്ററിനെ കേരളവുമായി സഹകരിപ്പിക്കുന്നതിനും തയ്യാറാണ്. 

രാജ്യത്തെ ബഹിരാകാശ വ്യവസായത്തില്‍ ഐഎസ്ആര്‍ഒ-യെക്കൂടാതെ സ്വകാര്യമേഖലയുടേയും  പങ്കാളിത്തം അനിവാര്യമാണ്. ഗുണമേډയ്ക്കൊട്ടും കുറവുവരുത്താതെ ചെലവുകുറഞ്ഞ പ്രാപ്യമായ സാങ്കേതിക വിദ്യകളിലാണ് ബഹിരാകാശ വ്യവസായമേഖലയില്‍ രാജ്യം ശ്രദ്ധചെലുത്തുന്നത്.  34000 കോടി ഡോളര്‍  മൂല്യമുള്ള ആഗോള ബഹിരാകാശവ്യവസായ മേഖലയില്‍ ഇന്ത്യ നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആര്‍ഒയുടേയും സ്റ്റാര്‍ട്ടപ്പുകളുടേയും സഹകരണത്തോടെയുള്ള സ്പെയ്സ് പാര്‍ക്ക് പുതിയ ബഹിരാകാശയുഗമായ ‘സ്പെയ്സ് 2.0’ ലേക്കുള്ള സംസ്ഥാനത്തിന്‍റെ മികച്ച ചുവടുവയ്പ്പാണെന്ന് സംസ്ഥാന ഐടി, ഇലക്ട്രോണിക്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സിഐഐ കേരള മേധാവി ശ്രീ ജോണ്‍ കുരുവിളയും സ്പെയ്സ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പും കൈമാറി.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ശ്രീ എംസി ദത്തന്‍, ഫ്രഞ്ച് കോണ്‍സല്‍  ജനറല്‍ കാതറിന്‍ സുവാര്‍ഡ്, യുഎഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷദ് ഖമീസ് അല്‍ഷെമേലി,  ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ  സയന്‍സ്  ആന്‍ഡ് ഇന്നൊവേഷന്‍  മേധാവി സാറാ ഫാലോണ്‍, വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ റോയ് എം ചെറിയാന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയില്‍  ഐഎസ്ആര്‍ഒ, എയര്‍ബസ്, സിഎന്‍ഇഎസ്, എല്‍എഎസ്പി, സ്പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും  പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനത്തില്‍  വിവിധ ചര്‍ച്ചകള്‍ക്കും വിദഗ്ധരുടെ ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ചെസ്സ്‌ കളിച്ചാലും ശരീരഭാരം കുറയുമെന്ന് പഠനം

ബഹിരാകാശ മേഖലയില്‍ സ്വകാര്യ നിക്ഷേപം: നിയമത്തിന്‍റെ ചട്ടക്കൂട് വേണമെന്ന് ആന്‍ട്രിക്സ് സിഎംഡി