Movie prime

ദയനീയമായ ഈ യാത്രയാണ് ഇന്ത്യയുടെ മുഖം

ഡൽഹിയിൽ നിന്ന് മുന്നൂറും നാനൂറും അഞ്ഞൂറും കിലോമീറ്ററുകൾ അകലെയുള്ള വിവിധ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് കാൽനടയായി പലായനം ചെയ്യുകയാണ് പതിനായിരങ്ങൾ. പെട്ടന്നൊരു ദിവസം രാജ്യം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും പെരുവഴിയിലായി. താമസിക്കാൻ ഇടമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ചെയ്യാൻ തൊഴിലില്ലാതെ പട്ടിണിയിലായ പാവങ്ങൾ വിദൂര ഗ്രാമങ്ങളിലുള്ള സ്വന്തം കുടിലുകളിലേക്ക് കാൽനടയായി യാത്ര ചെയ്യുകയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും കൈക്കുഞ്ഞുങ്ങളുമെല്ലാമായി ഇന്ത്യാമഹാരാജ്യത്തെ നമ്മുടെ സഹോദരീ സഹോദരന്മാർ നടത്തുന്ന കൂട്ടപ്പലായനത്തിൻ്റെ ഈ ഉത്തരേന്ത്യൻ ദൃശ്യങ്ങൾ More
 
ദയനീയമായ ഈ യാത്രയാണ് ഇന്ത്യയുടെ മുഖം

ഡൽഹിയിൽ നിന്ന് മുന്നൂറും നാനൂറും അഞ്ഞൂറും കിലോമീറ്ററുകൾ അകലെയുള്ള വിവിധ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് കാൽനടയായി പലായനം ചെയ്യുകയാണ് പതിനായിരങ്ങൾ. പെട്ടന്നൊരു ദിവസം രാജ്യം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും പെരുവഴിയിലായി. താമസിക്കാൻ ഇടമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ചെയ്യാൻ തൊഴിലില്ലാതെ പട്ടിണിയിലായ പാവങ്ങൾ വിദൂര ഗ്രാമങ്ങളിലുള്ള സ്വന്തം കുടിലുകളിലേക്ക് കാൽനടയായി യാത്ര ചെയ്യുകയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും കൈക്കുഞ്ഞുങ്ങളുമെല്ലാമായി ഇന്ത്യാമഹാരാജ്യത്തെ നമ്മുടെ സഹോദരീ സഹോദരന്മാർ നടത്തുന്ന കൂട്ടപ്പലായനത്തിൻ്റെ ഈ ഉത്തരേന്ത്യൻ ദൃശ്യങ്ങൾ കരളലിയിക്കുന്നതാണ്.

അടച്ചിട്ട രാജ്യത്ത് തൊഴിലോ കൂലിയോ ഭക്ഷണമോ ഇല്ലാതെ അതിജീവിക്കാനാവാത്ത മനുഷ്യര്‍. അവരെല്ലാം സ്വന്തം ഗ്രാമങ്ങളിലെത്തുമോ? വഴിയില്‍ തളര്‍ന്നു വീഴുമോ?

അതേപ്പറ്റിയാണ് ഡോ. ആസാദിൻ്റെ കുറിപ്പ്.

നനവൊപ്പാത്ത കണ്ണുകളും ശമിക്കാത്ത വേദനകളും നിലനില്‍ക്കെ നാമെങ്ങനെ സ്വതന്ത്രരാവുമെന്ന് ആ അര്‍ദ്ധരാത്രിയിലെ കൊടിയേറ്റനേരത്ത് നെഹ്റുവാണ് ചോദിച്ചത്.ആ രാത്രിക്കുശേഷം എഴുപത്തിമൂന്നു വര്‍ഷം കടന്നുപോയിരിക്കുന്നു. എത്രയോ തവണ ചെങ്കോട്ടയില്‍ കൊടിയേറി. എത്രയോ പ്രധാനമന്ത്രിമാര്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ആ ഒരൊറ്റ പ്രസംഗത്തിന്റെ പൊരുള്‍ പിന്നെയാരു തിരക്കി! കണ്ണീരും വേദനയും നിറഞ്ഞ പലായനങ്ങളുടെ കഥ നീളുകയാണ്.

ദയനീയമായ ഈ യാത്രയാണ് ഇന്ത്യയുടെ മുഖം

ഈ രാത്രിയില്‍ മഹാനഗരങ്ങളില്‍നിന്ന് മനുഷ്യര്‍ ചാലുചാലായി ഒഴുകുന്നു. ആയിരവും ആയിരത്തഞ്ഞൂറും കിലോമീറ്ററുകള്‍ക്ക് അപ്പുറം ഏതൊക്കെയോ ഗ്രാമങ്ങളിലേക്ക്. അവശരായ, അശരണരായ മനുഷ്യര്‍. അവര്‍ സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, തൊഴിലെടുത്തു തളര്‍ന്നവര്‍, ഭക്ഷണത്തിനു പണമില്ലാത്തവര്‍. കോവിഡിനെക്കാള്‍ ഭയക്കണം വിശപ്പിനെ എന്നറിയുന്നവര്‍. പതിനായിരക്കണക്കിനു മനുഷ്യര്‍.

കോവിഡ് ഭീതിയില്‍ രാജ്യം അടച്ചിട്ടപ്പോള്‍ അവരെക്കുറിച്ച് ആരസ്വസ്ഥരായി?! ദില്ലിയില്‍നിന്നും അഹമ്മദാബാദില്‍നിന്നും മുംബെയില്‍നിന്നും മറ്റനേകം നഗരങ്ങളില്‍ നിന്നുമുള്ള തിരിച്ചുപോക്കാണത്. അടച്ചിട്ട രാജ്യത്ത് തൊഴിലോ കൂലിയോ ഭക്ഷണമോ ഇല്ലാതെ അതിജീവിക്കാനാവാത്ത മനുഷ്യര്‍. അവരെല്ലാം സ്വന്തം ഗ്രാമങ്ങളിലെത്തുമോ? വഴിയില്‍ തളര്‍ന്നു വീഴുമോ?

നഗരങ്ങള്‍ക്ക് അവര്‍ നഗരപൗരരല്ല. അതിഥികളുമല്ല. കക്കൂസ് മാലിന്യങ്ങള്‍ എടുത്തു മാറ്റുന്നവര്‍, തെരുവുകള്‍ തൂത്തു വൃത്തിയാക്കുന്നവര്‍, ചുമടെടുക്കുന്നവര്‍, നാനാ വേലകള്‍ ചെയ്യുന്നവര്‍. രാജ്യമടച്ചപ്പോള്‍ അവര്‍ പുറത്തായി. തിന്നാനില്ല. കുടിക്കാനില്ല. തിരിച്ചുപോകാന്‍ വാഹനമില്ല. വഴിയില്‍ തണ്ണീര്‍ പന്തലുകളില്ല. ലാത്തിവീശി ഭയപ്പെടുത്തുന്ന പൊലീസുകാര്‍ മാത്രം.
ഈ പലായന ദൃശ്യം കണ്ടു നാം സ്വസ്ഥമായി ഉറങ്ങുന്നതെങ്ങനെ? എത്രയോ കാലമായി അവരിവിടെയുണ്ട്. വേലചെയ്തു ജീവിക്കുന്നവര്‍. കെടുതികളില്‍ കരിയേണ്ടവര്‍. വികസനങ്ങളില്‍ പുറംതള്ളപ്പെടേണ്ടവര്‍. പ്രളയങ്ങളില്‍ ഒലിച്ചു പോകേണ്ടവര്‍. പൗരത്വ പട്ടികയില്‍ ഇടം ലഭിക്കാത്തവര്‍. അവരുടെ ഈ ദയനീയമായ യാത്രയാണ് ഇന്ത്യയുടെ മുഖം.

കോവിഡ് അക്രമിക്കുംമുമ്പെ അവരെ അക്രമിച്ചു കീഴ്പ്പെടുത്തുന്നതാരാണ്? നഗരങ്ങളില്‍നിന്നു പുറത്തേക്കു വലിച്ചെറിയുന്നതാരാണ്? ഭരണകൂടമാണു പറയേണ്ടത്. ഇന്ത്യയുടെ ഭരണാധികാരികളേ, ഈ സഹനചിത്രത്തിനു നിങ്ങളെന്തു പേരിടും?