Movie prime

ഈ ഒറ്റമുറിയിലെ വിപ്ലവം മനുഷ്യരാശിയുടെ അതിജീവനത്തിനുള്ളതാണ്

ഈ കൊച്ചുമുറി ഒരു പ്രാര്ത്ഥനാലയമല്ല. ഓരോ നിമിഷവും പൊരുതാന് ഒരു ശത്രുവുണ്ട്. മനുഷ്യരാശിയുടെ ശത്രു. അതു കോവിഡാണ്. ഡോ. ആസാദ് എഴുതുന്നു മാരകമായ രോഗങ്ങള് ആത്മബോധം തിരിച്ചു തരും. എവിടെ നില്ക്കുന്നുവെന്ന, ചുറ്റുപാടും എന്തൊക്കെയെന്ന, സത്യത്തില് താനാരെന്ന പകിട്ടുകളില്ലാത്ത നേര്കാഴ്ച്ചയാണത്. വീട്ടില് അഥവാ ഒറ്റമുറിയില് ലോകം കുറുകിക്കൂടുന്ന നേരത്ത് നിറമോ ലിംഗമോ സമുദായമോ നമ്മെ അടയാളപ്പെടുത്തുന്നില്ല. വേര്തിരിക്കുന്നുമില്ല. ഭിത്തികള് ഭേദിച്ചു സര്വ്വ ലോകങ്ങളെയും സഹജീവികളെയും ഞാനാശ്ലേഷിക്കുന്നു. ഈ കൊച്ചുമുറി ഒരു പ്രാര്ത്ഥനാലയമല്ല. ഓരോ നിമിഷവും പൊരുതാന് ഒരു More
 
ഈ ഒറ്റമുറിയിലെ വിപ്ലവം മനുഷ്യരാശിയുടെ അതിജീവനത്തിനുള്ളതാണ്

ഈ കൊച്ചുമുറി ഒരു പ്രാര്‍ത്ഥനാലയമല്ല. ഓരോ നിമിഷവും പൊരുതാന്‍ ഒരു ശത്രുവുണ്ട്. മനുഷ്യരാശിയുടെ ശത്രു. അതു കോവിഡാണ്.

ഡോ. ആസാദ് എഴുതുന്നു

മാരകമായ രോഗങ്ങള്‍ ആത്മബോധം തിരിച്ചു തരും. എവിടെ നില്‍ക്കുന്നുവെന്ന, ചുറ്റുപാടും എന്തൊക്കെയെന്ന, സത്യത്തില്‍ താനാരെന്ന പകിട്ടുകളില്ലാത്ത നേര്‍കാഴ്ച്ചയാണത്. വീട്ടില്‍ അഥവാ ഒറ്റമുറിയില്‍ ലോകം കുറുകിക്കൂടുന്ന നേരത്ത് നിറമോ ലിംഗമോ സമുദായമോ നമ്മെ അടയാളപ്പെടുത്തുന്നില്ല. വേര്‍തിരിക്കുന്നുമില്ല. ഭിത്തികള്‍ ഭേദിച്ചു സര്‍വ്വ ലോകങ്ങളെയും സഹജീവികളെയും ഞാനാശ്ലേഷിക്കുന്നു.

ഈ കൊച്ചുമുറി ഒരു പ്രാര്‍ത്ഥനാലയമല്ല. ഓരോ നിമിഷവും പൊരുതാന്‍ ഒരു ശത്രുവുണ്ട്. മനുഷ്യരാശിയുടെ ശത്രു. അതു കോവിഡാണ്. പോരാട്ടം കടുക്കുമ്പോള്‍, വൈറസ്സുകളെ വിരിയിച്ചു തുറന്നുവിട്ട താല്‍പ്പര്യങ്ങളെയാകെ ശത്രുപക്ഷത്തു കാണാം. യഥാര്‍ത്ഥത്തില്‍ എനിക്കൊപ്പം ആരുണ്ടെന്ന്, ഏതേതു താല്‍പ്പര്യങ്ങളുണ്ടെന്ന് അതെനിക്കു കാണിച്ചു തരുന്നു.

എന്റെയറ എന്റെ രാഷ്ട്രം. ഞാനെന്റെ സൂക്ഷ്മ രാഷ്ട്രത്തിന്റെ മുന്‍നിര സൈനികന്‍. മാരക വൈറസ്സുകള്‍ ഏതോ ജൈവായുധങ്ങളാവാം. പിറകില്‍ അന്താരാഷ്ട്ര ഉപജാപങ്ങളുണ്ടാവാം. ഓരോ അണുവിലും പൊരുതി നില്‍ക്കണം. അതിനാല്‍ ഈ ഒറ്റമുറിയിലെ വിപ്ലവം മനുഷ്യരാശിയുടെ അതിജീവനത്തിനുള്ളതാണ്.

അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏകാന്തത അസഹ്യം. സ്വയം ഏറ്റെടുക്കുമ്പോള്‍ അതു സമരമാകും. സഹനവും സമര്‍പ്പണവും അതിന്റെ രാഷ്ട്രീയ മുഖങ്ങള്‍. ‘അറിയപ്പെടാത്ത അനേകരോടുള്ള സാഹോദര്യം’ നിശബ്ദതയുടെയും അനിശ്ചിതത്വത്തിന്റെയും ഈ നാളുകളില്‍ തളിര്‍ക്കും. എന്റെ മുറിയിലെ പുസ്തകങ്ങള്‍ അറ്റുപോയ സംഭാഷണങ്ങളെ പൂരിപ്പിക്കുന്നു.

കുഞ്ഞുസ്ക്രീനില്‍ ആരൊക്കെയാണ് വരുന്നത്! തൊട്ടവീട്ടിലെ കൂട്ട്. നേരത്തേ പിരിഞ്ഞ സുഹൃത്ത്, വഴി മാറിയ സഖാവ്, ഒപ്പമുണ്ട് ചോംസ്കി, സിസെക്, റിസോ, പിണറായി, ശൈലജ പിന്നെ മരിച്ചുപോയ ഫിദെല്‍. മഹാമാരികളില്‍നിന്നു കഥകുറുക്കിയ എഴുത്തുകാര്‍. പ്ലേഗുകാലത്തെ രതികള്‍. കോളറാ കാലത്തെ പ്രണയങ്ങള്‍. അലയുന്ന അഭയാര്‍ത്ഥികള്‍. യുദ്ധമുഖത്തെ സാധാരണ മനുഷ്യര്‍. അടച്ചുപൂട്ടിയ തൊഴില്‍ശാലകള്‍. ഭക്ഷണവും മരുന്നുമായി വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍. ഞാന്‍ ഒറ്റയ്ക്കല്ല. ഈ യുദ്ധം ഒരേകാംഗ ധ്യാന നാടകവുമല്ല!

എല്ലാ വെച്ചുകെട്ടലുകളും പൊഴിച്ച് ജീവിതം അതിന്റെ പച്ചയില്‍ തെളിയുകയാണ്. ഈ നിമിഷം അപൂര്‍വ്വമായ കണ്ടെത്തലാണ്. എനിക്കിപ്പോള്‍ എന്നെയും ലോകത്തെയും വേറെയൊരു രീതിയില്‍ കാണാനാവുന്നുണ്ട്. ഉരിഞ്ഞ വസ്ത്രങ്ങളെല്ലാം കത്തിച്ചുകളഞ്ഞ് ഞാനിപ്പോള്‍ തീര്‍ത്തും നഗ്നനായിരിക്കുന്നു. ഇനിയേതു വസ്ത്രമെന്ന് ഈ യുദ്ധത്തിന്റെ വിജയം നിശ്ചയിക്കട്ടെ.