in

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരുടെ ക്ഷേമം ലക്ഷ്യമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയുടെ കാഴ്ചപ്പാട് വാര്‍ഷിക പദ്ധതിക്കും ബാധകമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമായ കാഴ്ചപ്പാടാണ് കേരള പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പുതിയ നിര്‍മാണങ്ങള്‍ അതീജീവനശേഷിയുള്ളതാകണം. 

ഈ സമീപനത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്തണം. ഇതിനുവേണ്ടി ആധുനിക സങ്കേതികവിദ്യയും നൂതന ആശയങ്ങളും ഉപയോഗപ്പെടുത്തണം. നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കി സമയബന്ധിതമായി ഓരോ പദ്ധതിയും പൂര്‍ത്തിയാക്കണം.

വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി ടോം ജോസും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. 

കേരള പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടുവെച്ച കരുത്തുറ്റ വികസനം ലക്ഷ്യമാക്കുന്ന പദ്ധതി സമീപനവും നിര്‍വഹണ രീതികളും സ്വീകരിക്കണമെന്ന് സെക്രട്ടറിമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ രേഖയിലെ നിര്‍ദേശങ്ങളും മുന്‍ഗണനകളും കൂടി കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിരേഖയിലെ പദ്ധതികള്‍ മെച്ചപ്പെടുത്തണം. 

നബാര്‍ഡിന്‍റെയും ഗ്രാമീണ അടിസ്ഥാന വികസന ഫണ്ടിന്‍റെയും (ആര്‍.ഐ.ഡി.എഫ്) പദ്ധതികളുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കണം. ഒരുപാട് പദ്ധതികള്‍ ഏറ്റെടുക്കുന്നതിനല്ല, ഏറ്റെടുക്കുന്നവ സമൂഹത്തിന് ഏറെ പ്രയോജനകരമായും വേഗത്തിലും നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. 

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിക്കാനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ വിലയിരുത്തേണ്ടത് ജീവനോപാധി പാക്കേജ് ചട്ടക്കൂടിന്‍റെ അടിസ്ഥാനത്തിലാകണം. ഇവിടെയും പദ്ധതികള്‍ സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്നവരെ ലക്ഷ്യമാക്കണം.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും നിയന്ത്രണങ്ങളും കാരണം കഴിഞ്ഞമാസം വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന് സമയനഷ്ടമുണ്ടായിട്ടുണ്ട്. ഈ കുറവ് പരിഹരിക്കുന്നിവിധം ചടുലമായി പ്രവര്‍ത്തിക്കാന്‍ എല്ലാ വകുപ്പുകളും തയ്യാറാകണം. 

പദ്ധതി നിര്‍വഹണ നടപടികളുടെ ആദ്യപടിയായ വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ ഉടനെ ആരംഭിക്കണം. ജൂണ്‍ മാസം പകുതിയോടെ എല്ലാ വകുപ്പുകളുടെയും 2019-20 വര്‍ഷത്തെ എല്ലാ പദ്ധതികളുടെയും ഭരണാനുമതി ലഭ്യമാക്കണം. അതിന് ഉതകുന്ന രീതിയില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ ക്രമീകരിക്കണം. മേയില്‍ തന്നെ വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ പൂര്‍ത്തിയാക്കുകയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാകുന്ന മുറയ്ക്ക് പദ്ധതികളുടെ ഭരണാനുമതി നല്‍കുകയും ചെയ്താല്‍ സമയനഷ്ടം ഒഴിവാക്കാം. 

ഓരോ പദ്ധതിക്കും ഭരണാനുമതി, സാങ്കേതികാനുമതി, സ്ഥലം ഏറ്റടുക്കല്‍, ടെണ്ടറിങ്ങ് തുടങ്ങിയ നടപടിക്രമങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍വഹണ കലണ്ടര്‍ ഉണ്ടാക്കുകയും അതു പാലിക്കുകയും വേണം. സ്ഥലം കണ്ടെത്തലോ ഏറ്റെടുക്കലോ ആവശ്യമില്ലാത്ത പദ്ധതികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ കഴിയും. നമ്മുടെ പശ്ചാത്തല സൗകര്യവികസനത്തിന് വലിയ പിന്തുണയാണ് കിഫ്ബി നല്‍കുന്നത്. കിഫ്ബി ധനസഹായത്തോടെയുള്ള എല്ലാ പദ്ധതികളുടെയും നിര്‍വഹണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയിലെ 11 ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം

2014 നു ശേഷം രാജ്യത്ത് നടന്നത്  942 ബോംബ് സ്ഫോടനങ്ങൾ: മോദിയോട് രാഹുൽ