tiktok
in

ഡാറ്റ സെൻ്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ തയ്യാറാണെന്ന് ടിക്ടോക്ക്

tiktok

പ്രാദേശികമായി ഡാറ്റ സംഭരിക്കാൻ, ഇന്ത്യയിൽ തന്നെ ഡാറ്റ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് സർക്കാരിനോട് ടിക്ടോക്ക്. ചൈനീസ് ഇന്റർനെറ്റ് കമ്പനിയായ ബൈറ്റ്ഡാൻസിന് കീഴിലുള്ള ഹ്രസ്വ വീഡിയോ ആപ്പായ ടിക്ടോക്കിന് രാജ്യത്ത് കോടിക്കണക്കിന് ആരാധകരുണ്ട്. നിരോധനത്തെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ഭീമമായ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്നാണ് വിലയിരുത്തൽ. പൂർവസ്ഥിതി പ്രാപിക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് എന്നതിൻ്റെ സൂചനയാണ് ഡാറ്റ സെൻ്റർ ഇന്ത്യയിൽ തന്നെ തുടങ്ങാനുള്ള സന്നദ്ധത അറിയിച്ചതിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഉപയോക്തൃ വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്നും, അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഉപയോക്താക്കളുടെ വ്യക്തിഗത സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും വലിയ പ്രാധാന്യമാണ് തങ്ങൾ നല്കുന്നതെന്നും കമ്പനി സർക്കാരിന് നൽകിയ മറുപടിയിൽ പറയുന്നു. രാജ്യത്തെ നിയമങ്ങളെല്ലാം അനുസരിച്ചാണ് നാളിതുവരെ പ്രവർത്തിച്ചതെന്നും തുടർന്നും അങ്ങിനെതന്നെ പ്രവർത്തിക്കുമെന്നും  ഉറപ്പുനല്കുന്നുണ്ട്. 

രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും അഖണ്ഡതയ്ക്കും ദോഷകരമായി പ്രവർത്തിക്കുന്നു, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു, ഡാറ്റ ചൈനയിലേക്ക് കടത്തുന്നു തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29-നാണ് ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനത്തിനുശേഷം 77 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നല്കി, വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഡാറ്റ മാനേജ്മെന്റ് രീതികൾ, ഡാറ്റയിലേക്കുള്ള അനധികൃത കടന്നുകയറ്റം, സുരക്ഷാ സവിശേഷതകൾ, ഡാറ്റ പ്രോസസ്സിംഗ്, ശേഖരണം തുടങ്ങിയ വിഷയങ്ങളിൽ  വിശദാംശങ്ങൾ തേടിയാണ് ഐടി മന്ത്രാലയം ചോദ്യാവലി നൽകിയിരുന്നത്. അതിന്  നല്കിയ മറുപടിയിലാണ് ഡാറ്റ സെൻ്ററുകൾ ഇന്ത്യയിൽ തന്നെ സ്ഥാപിക്കാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചത്.  

59 ചൈനീസ് ആപ്പുകളുടെ ക്ലോണുകളാണെന്ന ആരോപണത്തെ തുടർന്ന് 47 മൊബൈൽ ആപ്പുകൾ കൂടി കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.

പ്രതികരണം സർക്കാരിന് സമർപ്പിച്ചെന്നും ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാരുമായി യോജിച്ച്  പ്രവർത്തിക്കുമെന്നും ടിക് ടോക് പ്രതിനിധി പറഞ്ഞു.  പ്രവർത്തന കാലയളവിൽ ഉടനീളം, ഡാറ്റയുടെ സ്വകാര്യതയും സുരക്ഷാ ആവശ്യകതയും ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത പ്രകടമാക്കി.

നിരോധിത കമ്പനികൾ നല്കുന്ന വിശദീകരണം പരിശോധിക്കാനായി ഒരു ഉന്നതതല സമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ, കമ്പനി പ്രതിനിധികളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്താനോ കൂടുതൽ വിശദീകരണം തേടാനോ ഉള്ള തീരുമാനം കൈക്കൊള്ളേണ്ടത് വിദഗ്ധ സമിതിയാണ്.

തങ്ങൾ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നാണ് കമ്പനി നേരത്തേ നല്കിയ മറുപടി.പ്രാദേശിക ഡാറ്റ സെർവറുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് കൂടി അറിയിച്ചതോടെ കൂടുതൽ വിശ്വാസ്യത ഉറപ്പു നല്കാനാണ് കമ്പനി ശ്രമിക്കുന്നത്. അമേരിക്കയിലെയും സിംഗപ്പൂരിലെയും തേഡ് പാർട്ടി സെർവറുകളിലാണ് ഇന്ത്യക്കാരുടെ ഡാറ്റ സൂക്ഷിക്കുന്നതെന്നാണ് മുമ്പ്  അവകാശപ്പെട്ടിരുന്നത്.  ലോക്കൽ സെർവറുകൾ സ്ഥാപിക്കാമെന്ന ഉറപ്പ്, ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികളിൽ വിശ്വാസ്യത വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കാണണം. ഒരു ആഗോള ഉത്പന്ന, സാങ്കേതിക എഞ്ചിനീയറിംഗ് കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായും മറുപടിക്കത്തിൽ ടിക്ടോക് പറയുന്നുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

building collapsed

വീഡിയോ: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു

കെ.ടി.എം അഡ്വഞ്ചര്‍ 390 സ്വന്തമാക്കാൻ പുതിയ ഇ എം ഐ സംവിധാനം