in ,

ടൈം മാഗസിൻ്റെ പ്രഥമ ‘കിഡ് ഓഫ് ദ ഇയർ’പുരസ്കാരം ഇന്ത്യൻ‌ അമേരിക്കൻ‌ വംശജ ഗീതാഞ്ജലി റാവുവിന്

Time magazine
ഇന്ത്യൻ അമേരിക്കൻ വംശജയും പതിനഞ്ചുകാരിയുമായ ഗീതാഞ്ജലി റാവു ടൈം മാഗസിൻ്റെ ആദ്യത്തെ ‘കിഡ് ഓഫ് ദ ഇയർ’ പുരസ്കാരത്തിന് അർഹയായി. യുവ ശാസ്ത്രജ്ഞയും ഇൻവെൻ്ററുമാണ് ഗീതാഞ്ജലി. കുടിവെള്ളത്തിലെ മാലിന്യം, ലഹരിമരുന്ന് ആസക്തി, സൈബർ ബുള്ളിയിങ്ങ് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം നിർദേശിച്ച മിടുക്കിയാണ് പതിനഞ്ചുകാരി പെൺകുട്ടി.അയ്യായിരത്തിലധികം നോമിനികളിൽ നിന്നാണ് ഗീതാഞ്ജലിയെ തിരഞ്ഞെടുത്തത്. ടൈം  സ്‌പെഷ്യൽ പതിപ്പിനായി നടിയും ആക്റ്റിവിസ്റ്റുമായ അഞ്ജലീന ജോളിയാണ്  അഭിമുഖം നടത്തിയത്. Time magazine

ലോകം അതിനെ രൂപപ്പെടുത്തുന്നവരുടേതാണെന്നും ഒരു നിശ്ചിത നിമിഷത്തിൽ അത് എത്രമാത്രം അനിശ്ചിതത്വം നിറഞ്ഞതാണെന്ന് തോന്നുമെങ്കിലും ഓരോ പുതിയ തലമുറയും തങ്ങൾ നേടിയതിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നു എന്നത് പ്രതീക്ഷ പകർന്നു തരുന്നതാണെന്നും പുരസ്കാര വിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ ടൈം മാഗസിൻ പറഞ്ഞു.

നിരീക്ഷണവും ബ്രെയ്ൻ സ്റ്റോമിങ്ങും ഗവേഷണവും ആശയവിനിമയവുമാണ് തൻ്റെ വഴികളെന്ന്  കൊളറാഡോയിലെ വീട്ടിൽ നിന്ന് അഞ്ജലീന ജോളിയുമായി നടന്ന വെർച്വൽ സംഭാഷണത്തിനിടെ  പെൺകുട്ടി പറഞ്ഞു.മലിനമായ കുടിവെള്ളവും ലഹരി വസ്തുക്കളോടുള്ള ആസക്തിയും മുതൽ സൈബർ ബുള്ളിയിങ്ങ് വരെ നിരവധി പ്രശ്‌നങ്ങൾ ലോകം അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാങ്കേതികവിദ്യയാണ്  ഉപയോഗപ്പെടുത്തുന്നത്. ലോകമെമ്പാടുമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യുവ ഇന്നൊവേറ്റർമാരുടെ ഒരു ആഗോള സമൂഹത്തെ കെട്ടിപ്പടുക്കണം.

ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒട്ടേറെ പ്രശ്നങ്ങൾ പുതിയ തലമുറ അഭിമുഖീകരിക്കുന്നുണ്ട്. ലോകം ഒരു പുതിയ ആഗോള പാൻഡമിക്കിന്റെ മധ്യത്തിലാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങൾ പോലെ നിരവധി പ്രശ്നങ്ങൾ ഇപ്പോഴും അഭിമുഖീകരിക്കുന്നു. ഈ  പ്രശ്‌നങ്ങളൊന്നും തങ്ങൾ സൃഷ്ടിച്ചതല്ല. കാലാവസ്ഥാ വ്യതിയാനവും സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ ഉയർന്നു വന്ന സൈബർ ബുള്ളിയിങ്ങും  പരിഹരിക്കപ്പെടേണ്ടതുണ്ട്.ശാസ്ത്രമാണ് തന്റെ കർമ മേഖല എന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നു കാണാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി. അതായിരുന്നു തന്റെ ദൈനംദിന ലക്ഷ്യം. ആരെയെങ്കിലും സന്തോഷിപ്പിക്കുക ദിനചര്യ പോലെയായി. 

സാധാരണ ശാസ്ത്രജ്ഞരെ പോലെ തന്നെ കാണരുതെന്ന് പെൺകുട്ടി അഭ്യർഥിച്ചു. ടെലിവിഷനിൽ താൻ കാണുന്ന ശാസ്ത്രജ്ഞരെല്ലാം  പ്രായമുള്ള വെള്ളക്കാർ മാത്രമാണ്. ലിംഗഭേദവും പ്രായവും ചർമത്തിന്റെ നിറവുമെല്ലാം വെച്ച് മനുഷ്യർക്ക് ചില പ്രത്യേക റോളുകൾ കൽപിച്ചു നൽകുന്നത് വിചിത്രമാണ്.ലോകത്തിൻ്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സ്വന്തമായി ഉപകരണങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന്  പ്രേരിപ്പിക്കുകയുമാണ് തൻ്റെ ചുമതല. തനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ആർക്കും ഇത് ചെയ്യാൻ കഴിയും.

രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് സാമൂഹത്തിൽ മാറ്റം സൃഷ്ടിക്കാൻ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ചു തുടങ്ങിയത്.  ഡെൻവർ വാട്ടർ ക്വാളിറ്റി റിസർച് ലാബിൽ കാർബൺ നാനോട്യൂബ് സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നതായി മാതാപിതാക്കളോട് പറയുമ്പോൾ തനിക്ക് പത്ത് വയസ്സായിരുന്നു.

സ്വന്തം പ്രായത്തിലുള്ള കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന അഞ്ജലീന ജോളിയുടെ നർമം കലർന്ന ചോദ്യത്തിന് ക്വാറൻ്റൈൻ കാലത്ത് പതിനഞ്ച് വയസ്സുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനാണ് താൻ കൂടുതൽ സമയവും ചെലവഴിക്കുന്നത് എന്നായിരുന്നു മറുപടി. താൻ  ബെയ്ക്ക് ചെയ്യുമെന്നും ബെയ്ക്കിങ്ങ് ഒരു ശാസ്ത്രവും കൂടിയാണെന്നും പെൺകുട്ടി പറഞ്ഞു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ജനുവരിയിൽ രാഷ്ട്രീയ പാർടി ആരംഭിക്കുമെന്ന് രജനികാന്ത്; ഡിസംബർ 31-ന് പ്രഖ്യാപനം

എച്ച്ഡി‌എഫ്സി ബാങ്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ താല്ക്കാലികമായി നിർത്തിവെയ്ക്കണമെന്ന് ആർ‌ബി‌ഐ