in

സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി. ജെ. എസ്. ജോർജിന്

2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകർത്താവുമായ ടി. ജെ. എസ്. ജോർജിന്. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്‌കാരം. മാധ്യമപ്രവർത്തകർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

ഡോ. സെബാസ്റ്റിയൻ പോൾ അധ്യക്ഷനും പാർവതി ദേവി, എൻ. പി. രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ടി. ജെ. എസ്. ജോർജിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ. എസ്. ജോർജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയാണ് ടി.ജെ. എസ്. ജോർജ്. 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചു. ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ഹോംങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.

സ്വതന്ത്രഭാരതത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. പട്നയിൽ സെർച്ച് ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാൻ അന്ന് പട്നയിലെത്തിയത്. വി.കെ കൃഷ്ണമേനോൻ, എം.എസ് സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീ ക്വാൻ യ്യൂ തുടങ്ങിയവ മഹാൻമാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓർമക്കുറിപ്പുകളായ ഘോഷയാത്ര ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2019 മെയ് ഏഴിനു 91 വയസ് പിന്നിട്ട ടി. ജെ. എസ് ജോർജ് ഇപ്പോഴും സമകാലിക മലയാളം ഉൾപ്പെടുന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയൽ ഉപദേശക പദവി വഹിക്കുന്നു. പോയിന്റ് ഓഫ് വ്യൂ എന്ന പംക്തിയിൽ ജനാധിപത്യത്തിനും മതനിരപക്ഷേതയ്ക്കും രാഷ്ട്രീയ-സാമൂഹ്യ സദാചാരങ്ങൾക്കും എതിരായ നീക്കങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോ കറൻസിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് കാസ്പെഴ്സ്കി

മോറട്ടോറിയം: സർക്കാർ ശുപാർശ അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന് ബെഫി