Movie prime

ജലക്ഷാമം നേരിടാന്‍ പ്രതിദിനം 100 ലക്ഷം ലിറ്റര്‍ അധികജലം

തിരുവനന്തപുരം: വേനല്ക്കാലത്ത് കുടിവെള്ളക്ഷാമമുണ്ടാകാതിരിക്കാന് വാട്ടര് അതോറിറ്റി പ്രതിദിനം 100 ലക്ഷം ലിറ്റര് ശുദ്ധജലം കൂടി അരുവിക്കരയില് അധികമായി ഉല്പ്പാദിപ്പിച്ചു തുടങ്ങി. ഇതോടെ നഗരത്തില് വാട്ടര് അതോറിറ്റിയുടെ അരുവിക്കരയില് നിന്നുള്ള പ്രതിദിന ശുദ്ധജല വിതരണം 280 ദശലക്ഷം ലിറ്ററായി. ശുദ്ധജലക്ഷാമം ഒഴിവാക്കാന് അരുവിക്കരയില് നിന്നുള്ള ഉല്പാദനം യുദ്ധകാലാടിസ്ഥാനത്തില് കൂട്ടാന് ജലവിഭവ വകുപ്പ് അഡീഷനല് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വാട്ടര് അതോറിറ്റി ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിരുന്നു. ഇതേത്തുടര്ന്ന് അരുവിക്കരയിലെ 86, 74എംഎല്ഡി ജലശുദ്ധീകരണ ശാലകളില് ഉല്പാദനം കൂട്ടാനുള്ള നടപടികള് More
 
ജലക്ഷാമം നേരിടാന്‍ പ്രതിദിനം 100 ലക്ഷം ലിറ്റര്‍ അധികജലം

തിരുവനന്തപുരം: വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമമുണ്ടാകാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രതിദിനം 100 ലക്ഷം ലിറ്റര്‍ ശുദ്ധജലം കൂടി അരുവിക്കരയില്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. ഇതോടെ നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നുള്ള പ്രതിദിന ശുദ്ധജല വിതരണം 280 ദശലക്ഷം ലിറ്ററായി. ശുദ്ധജലക്ഷാമം ഒഴിവാക്കാന്‍ അരുവിക്കരയില്‍ നിന്നുള്ള ഉല്‍പാദനം യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടാന്‍ ജലവിഭവ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അരുവിക്കരയിലെ 86, 74എംഎല്‍ഡി ജലശുദ്ധീകരണ ശാലകളില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

അരുവിക്കരയില്‍ രാപകലില്ലാതെ നീണ്ട കഠിനജോലികള്‍ക്കൊടുവില്‍ 15 ദിവസം മാത്രമെടുത്താണ് അധിക ജലം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ലഭ്യമായ ഏറ്റവും വലിയ ക്രെയിനും വാട്ടര്‍ അതോറിറ്റിയുടെ കാപ്പുകാട് ദൗത്യത്തിനുപയോഗിച്ച കൂറ്റന്‍ പമ്പും, പ്രത്യേകമായി നിര്‍മിച്ച കപ്പിയുമെല്ലാം ഉപയോഗിച്ചു നടത്തിയ ജോലികളാണ് വിജയത്തിലെത്തിയത്. കുത്തനെയുള്ള ചരിവുകള്‍ നിറഞ്ഞ പ്രദേശത്ത് 600 മീറ്ററോളം നീളത്തില്‍ വെള്ളമെത്തിക്കാനായി പൈപ്പ് സ്ഥാപിക്കുന്ന ജോലിയും ശ്രമകരമായിരുന്നു.

2017ലെ വരള്‍ച്ചാസമയത്ത് കാപ്പുകാട് നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാന്‍ ഉപയോഗിച്ച കൂറ്റന്‍ പമ്പ് അരുവിക്കരയിലെത്തിച്ച്, കരമനയാറ്റില്‍ നിന്ന് 86, 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലകളിലേക്ക് ജലമെടുക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. അറൂനൂറു മീറ്ററോളം നീളത്തില്‍ 300എംഎം പൈപ്പും കുത്തനെയുള്ള ചരിവുകളുണ്ടായിരുന്ന പ്രദേശത്ത് 50 മീറ്റര്‍ എംഎസ് പൈപ്പും സ്ഥാപിച്ചാണ് വെള്ളം ജലശുദ്ധീകരണ ശാലയിലേക്കെത്തിച്ചത്. വൈദ്യുത ജോലികളും അടിയന്തരമായി ചെയ്തു തീര്‍ത്തു.

ശുദ്ധീകരിച്ച ജലം, സബ്മേഴ്സിബിള്‍ പമ്പുകള്‍ ഉപയോഗിച്ച് 40 മീറ്ററോളം ഉയരമുള്ള ബ്രേക്ക് പ്രഷര്‍ ടാങ്കിലെത്തിച്ചു. ഈ ടാങ്കിലേക്ക് ജലമെത്തിക്കുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിച്ചത് നഗരത്തില്‍ ലഭ്യമായ ഏറ്റവും ഉയരം കൂടിയ ക്രെയിന്‍ കൊണ്ടുവന്നാണ്. മാര്‍ച്ച് 31ന് ജലശുദ്ധീകരണ പമ്പും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ഇന്നലെ മുതല്‍ നഗരത്തില്‍ അധിക 50 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്തു തുടങ്ങി.

വെള്ളയമ്പലം 36 എംഎല്‍ഡി ഫില്‍ട്ടര്‍ ഹൗസ് പ്ലാന്‍റിലേക്കു വെള്ളമെത്തിക്കുന്ന ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ 30 ലക്ഷം ലിറ്റര്‍ അധിക ജലം പമ്പ് ചെയ്യത്തക്കവിധം പുതിയ സ്റ്റാര്‍ട്ടര്‍ ഘടിപ്പിച്ചതിലൂടെ വെള്ളയമ്പലം ഫില്‍റ്റര്‍ ഹൗസില്‍നിന്നുള്ള ഉല്‍പാദനവും കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. വേനല്‍ക്കാലത്ത് വെള്ളത്തിനുണ്ടാകുന്ന മഞ്ഞനിറം ഒഴിവാക്കാനായി എഡിബി സംഘത്തിന്‍റെ നിര്‍ദേശപ്രകാരം ശുദ്ധീകരണപ്രക്രിയയില്‍ ക്രമീകരണങ്ങള്‍ വരുത്തി ഇരുമ്പിന്‍റെ അംശം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

ഫില്‍ട്ടര്‍ ബഡ്ഡില്‍നിന്നു വരുന്ന അവശിഷ്ടജലം റീസൈക്കിള്‍ ചെയ്യുന്ന പണികളും നടക്കുന്നു. എല്ലാ പണികളും പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും പ്രതിദിനം 50 ലക്ഷം ലിറ്റര്‍ കൂടി വിതരണം ചെയ്യാന്‍ കഴിയും. അധിക ഉല്‍പാദനവും വിതരണവും പ്രതിദിനം 100 ലക്ഷം ലിറ്ററായി ഉയരും. ഇതോടെ നഗരത്തില്‍ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരമുണ്ടാകും.

വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെംബറും മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ ടി. രവീന്ദ്രന്‍, പ്രോജക്ട് ആന്‍ഡ് ഓപറേഷന്‍സ് ചീഫ് എന്‍ജിനീയര്‍ ബി.ഷാജഹാന്‍, തിരുവനന്തപുരം സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുരേഷ് ചന്ദ്രന്‍, അരുവിക്കര ഹെഡ് വര്‍ക്സ് ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എ.നൗഷാദ് എന്നിവരാണ് അധിക ഉല്‍പാദന-വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.