rhinoceros
in

ഇന്ന് ലോക കാണ്ടാമൃഗ ദിനം..അറിയാം കാണ്ടാമൃഗത്തെയും അവയുടെ തൊലിക്കട്ടിയെയും കുറിച്ച്

rhinoceros

ഇന്ന് (22 സെപ്റ്റംബര്‍)  ലോക കാണ്ടാമൃഗ ദിനമായി ലോകം ആചരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നാണ് കണ്ടാമൃഗം. ഇന്ത്യയില്‍ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ പ്രസിദ്ധമാണ് ആസാം സംസ്ഥാനത്തിലെ കാസിരംഗ ദേശീയോദ്യാനം. ലോക കണ്ടാമൃഗ ദിനത്തില്‍ പരിസ്ഥിതി സംഘടനയായ ‘ഗര്‍സീനിയ ഫൌണ്ടേഷന്‍’ കണ്ടാമൃഗത്തിന്റെ പ്രത്യേകതയും സവിശേതകളെയും കുറിച്ചു ഫേസ്ബുക്കില്‍ എഴുതിയ വിജ്ഞാനപ്രദമായ പോസ്റ്റ് വായനക്കാര്‍ക്കായി‌ ഇവിടെ പങ്കുവെയ്ക്കുന്നു.rhinoceros

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി” എന്ന് നമ്മൾ പലരെയും കുറിച്ച് പറയാറുണ്ട്. കാണ്ടാമൃഗങ്ങൾക്ക് ഇത് വളരെ പ്രധാനപ്പെട്ട അനുകൂലനമാണ്.പരാദ ജീവികളിൽ നിന്നും, പ്രാണികളിൽ നിന്നും, സൂര്യന്റെ കഠിനമായ ചൂടിൽ നിന്നും രക്ഷപ്പെടാൻ ഒരു പരിധി വരെ ഈ “തൊലിക്കട്ടി” അവയെ സഹായിക്കുന്നു.അവയുടെ തൊലി വളരെ കട്ടിയുള്ളതാണെങ്കിലും വളരെ സൂക്ഷ്‌മ സംവേദനശക്തിയുള്ളതാണ്. അതുകൊണ്ട്, ശരീരം സംരക്ഷിക്കാൻ അവ ചെളി കൊണ്ട് ഒരു കവചം ചർമ്മത്തിന് നൽകാറുണ്ട്. ചെളിയിൽ ഇറങ്ങി കിടക്കുകയും ചെളി ശരീരത്തിൽ പുരട്ടുകയുമൊക്കെ ചെയ്യുന്നത് കാണാം.


ഇനി മറ്റു ചില കാണ്ടാമൃഗ വിശേഷങ്ങളിലേക്ക് കണ്ണോടിക്കാം

ശരാശരി 500 കിലോഗ്രാം മുതൽ 2,500 കിലോഗ്രാം വരെ ഇവയ്ക്ക് ഭാരമുണ്ട്. ഭാരം കൂടുതലായതുകൊണ്ടു വേഗത കുറവാണെന്നൊന്നും കരുതണ്ട, മണിക്കൂറിൽ 55 കിലോമീറ്ററാണ് ഇവയുടെ വേഗത. ലോകത്തിലെ ഏറ്റവും വലിയ ജന്തുജാലത്തിൽ (megafauna) ഉൾപ്പെടുന്നവയാണ് സസ്യാഹാരികളായ കാണ്ടാമൃഗങ്ങൾ. കാണ്ടാമൃഗങ്ങളെയെല്ലാം തന്നെ റൈനൊസെറോറ്റിഡെ (Rhinocerotidae) എന്ന കുടുംബത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ കാലിലും വിരലുകൾ പോലെ തോന്നാവുന്ന മൂന്ന് കുളമ്പുകൾ ഉണ്ട്.


പുൽമേടുകൾ, മഴക്കാടുകൾ, ചതുപ്പുകൾ ഒക്കെയാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ. ലോകത്ത് ആകെ അഞ്ചു തരം കാണ്ടാമൃഗങ്ങളാണുള്ളത്, ആഫ്രിക്കയിലുള്ള കറുത്ത കാണ്ടാമൃഗം, വെളുത്ത കാണ്ടാമൃഗം എന്നിവ കൂടാതെ ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന സുമാത്രൻ കാണ്ടാമൃഗം, ജാവൻ കാണ്ടാമൃഗം, ഇന്ത്യൻ അഥവാ വലിയ ഒറ്റ കൊമ്പൻ കാണ്ടാമൃഗം എന്നിവയാണ് അവ.


ഇവയുടെ ശാരീരിക സവിശേഷതകൾ ഒന്ന് നോക്കാം 

ഈ ജീവി വർഗം അറിയപ്പെടുന്നത് തന്നെ അവയുടെ കൊമ്പുകളിലൂടെയാണ്. അത് വളരുന്നതു അവയുടെ മൂക്കുകളിൽ നിന്നുമാണ്. മൂക്ക്-കൊമ്പ് എന്ന അർത്ഥമുള്ള റൈഹിനോകെറോസ് (rhinokerōs) എന്ന ഗ്രീക് പാദത്തിൽ നിന്നുമാണ് റൈനോസെറസ് (Rhinoceros) എന്ന പേരുണ്ടായിരിക്കുന്നത്. രോമങ്ങൾ കൂടിച്ചേർന്ന് ഉറച്ചു കട്ടിയായി രൂപംകൊള്ളുന്നതാണ് കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ. ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലും മറ്റും അടങ്ങിയിട്ടുള്ള കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് ഈ കൊമ്പ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജാവൻ കാണ്ടാമൃഗത്തിനും ഇന്ത്യൻ കാണ്ടാമൃഗത്തിനും ഒരു കൊമ്പും, വെള്ള, കറുപ്പ്, സുമാത്രൻ കാണ്ടാമൃഗങ്ങൾക്ക് രണ്ട്‍ കൊമ്പുമാണുള്ളത്. നല്ല ഘ്രാണശക്തിയും ശ്രവണശക്തിയുമുള്ള കാണ്ടാമൃഗങ്ങൾക്ക് കാഴ്ചശക്തി കുറവാണ്. നല്ല വലുപ്പവും കരുത്തും ഉള്ള ഇവ സസ്യഭുക്കുകളാണ്. ഒരു കാണ്ടാമൃഗം ശരാശരി 60 വയസ്സുവരെ ജീവിക്കും.

ഭൂരിഭാഗം കാണ്ടാമൃഗങ്ങളും ഒറ്റയ്ക്ക് നടക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ചില ഇനങ്ങൾ, പ്രത്യേകിച്ച് വെളുത്ത കാണ്ടാമൃഗം കൂട്ടമായി താമസിക്കാറുണ്ട്. ഈ കൂട്ടങ്ങൾ സാധാരണയായി ഒരു പെണ്ണും അവളുടെ കുഞ്ഞുങ്ങളും ചേരുന്നതായിരിക്കും. എന്നാലും ചിലപ്പോൾ പ്രായപൂർത്തിയായ പെൺ കാണ്ടാമൃഗങ്ങളെയും ഒരുമിച്ചു കാണാറുണ്ട്. നേരെമറിച്ച് ആൺ കാണ്ടാമൃഗങ്ങൾ ഇണ ചേരുന്ന സമയങ്ങൾ ഒഴിച്ചാൽ തികച്ചും ഒറ്റയാന്മാരാണ്. അവയുടെ സ്വന്തം പ്രദേശത്തിൻറെ അതിർത്തി നിർണയിക്കുന്നതിൽ നിർബന്ധബുദ്ധിയുള്ളവരാണ്. ഓരോ അതിരുകളും മല വിസർജനം ചെയ്തു അതിർത്തികൾ രേഖപ്പെടുത്തുന്നു. ഓരോ കാണ്ടാമൃഗത്തിന്റെയും വിസർജ്യത്തിനു പ്രത്യേകം മണമായിരിക്കും.


ദുഖകരമെന്നു പറയട്ടെ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 500,000 കാണ്ടാമൃഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്തിപ്പോൾ 29,000 കാണ്ടാമൃഗങ്ങൾ മാത്രമേ കാട്ടിൽ അവശേഷിക്കുന്നുള്ളൂ. ഈ ഭംഗിയുള്ള ജീവിയുടെ പ്രധാന ഭീഷണി നിയമവിരുദ്ധമായ വേട്ടയാടലാണ്, കാരണം അവയുടെ കൊമ്പുകൾ മരുന്നിനായി പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് ഏഷ്യയിൽ ഉപയ്യോഗിക്കാറുണ്ട്. IUCN (International Union for Conservation of Nature) തയ്യാറാക്കിയ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് എല്ലാ കാണ്ടാമൃഗങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.


എല്ലാ വർഷവും സെപ്റ്റംബർ 22 നാണ് ലോക റയ്നോ ദിനം ആഘോഷിക്കുന്നത്! കടുത്ത വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തെ സംബന്ധിച്ച അവബോധം ആളുകളിൽ സൃഷ്ടിക്കുക, സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് വ്യക്തികളുടെയും സംഘടനകളുടെയും ശ്രദ്ധ ആകർഷിക്കുക എന്നതൊക്കെയാണ് ഈ ദിനത്തിൻറെ ഉദ്ദേശം.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

drishyam 2

വീഡിയോ: ജോർജ് കുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലേക്ക്

xiaomi

ഗ്രാമീണ ഇന്ത്യയിൽ ട്രാവലിങ്ങ് സ്റ്റോർ വില്പനയുമായി ഷവോമി