in

വിദ്യാര്‍ത്ഥി  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍ 

ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടിയായി കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍ സംഘടിപ്പിക്കുന്ന  ഇന്നോവേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്  സെന്‍റര്‍ (ഐഇഡിസി 2019) സമ്മേളനം തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നടക്കും. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ 19 ശനിയാഴ്ചയാണ് പരിപാടി.

ലോകത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ വൈവിദ്ധ്യങ്ങളും മുന്നേറ്റങ്ങളും ഐഇഡിസി 2019 സംരംഭകര്‍ക്ക് നല്‍കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരായ ആളുകളുമായി ആശയസംവാദത്തിനുള്ള അവസരവും ഉച്ചകോടിയിലുണ്ടാകും. 25 പ്രഭാഷകര്‍, 25 ഇവന്‍റുകള്‍, നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരുള്‍പ്പെടെ നാലായിരത്തോളം പേര്‍ ഐഇഡിസിയില്‍ പങ്കെടുക്കും. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടേതടക്കമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഉച്ചകോടിക്കെത്തുന്നത്. സ്വന്തം ആശയം അവതരിപ്പിക്കുന്നതിനോടൊപ്പം വിജയം കൈവരിച്ച സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇതിലൂടെ അവര്‍ക്ക് കഴിയും. വിജയം കൊയ്ത സംരംഭകരുടെ കഥ അവരില്‍ നിന്നുതന്നെ കേള്‍ക്കാനുള്ള അവസരവും ഐഇഡിസി ഒരുക്കുന്നുണ്ട്.
വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അറിവിന്‍റെയും പ്രായോഗിക പരിജ്ഞാനത്തിന്‍റെയും കലവറയാണ് ഐഇഡിസി ഉച്ചകോടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഈ രംഗത്തെ ആഗോള വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകള്‍ക്കൊപ്പം സാങ്കേതികവിദ്യയുടെ  മാറുന്ന മുഖവും ഉച്ചകോടിയില്‍ അനാവരണം ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വാസ്തവികതയുടെയും കമ്പ്യൂട്ടര്‍ ഭാവനയുടെയും സംയോജിത രൂപമായ എക്സ്റ്റെന്‍ഡഡ് റിയാലിറ്റി, ബ്ലോക്ക്ചെയിന്‍ ട്രാക്ക്  എന്നിവയില്‍ പ്രത്യേക സെഷനുകള്‍  ഉച്ചകോടിയിലുണ്ടാകും. സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി സ്റ്റാര്‍ട്ടപ് എക്സ്പോയും  സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച സംരംഭകരും ആഗോള തലത്തിലെ വിദഗ്ധരും ആശയവിനിമയം നടത്തുന്ന ആക്ടിവിറ്റി ഹബ്,  ഭാവിയിലെ വെല്ലുവിളികളും നൂതന സാങ്കേതികവിദ്യയുടെ പ്രാധാന്യവും വിശദീകരിക്കുന്ന പാനല്‍ ചര്‍ച്ചകള്‍ എന്നിവ ഉച്ചകോടിയെ ആകര്‍ഷകമാക്കും.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍, സംസ്ഥാന ഇല്ക്ട്രോണിക്സ്-ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ എം എസ്, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് സഹ സ്ഥാപക ശ്രീമതി ഡീന ജേക്കബ്, ഹംഗ്രി ലാബിന്‍റെ സ്ഥാപക ബിയാന്‍ ലി, ഗൂഗിള്‍ ഡെവലപ്പര്‍ റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ സിദ്ധാന്ത് അഗര്‍വാള്‍, അവതാരക ശ്രീമതി രേഖ മേനോന്‍, സഫാരി ടിവി എം ഡി ശ്രീ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, വിവിധസ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവര്‍ ഐഇഡിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി   https://iedcsummit.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കൊച്ചി ഡിസൈന്‍ വീക്ക് രണ്ടാം ലക്കം ഡിസംബര്‍ 12 മുതല്‍ 14 വരെ

മെഴ്‌സിഡസ് ബെന്‍സ് ജി 350 ഡി ഇന്ത്യയില്‍