in

കേരള ടൂറിസത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ 

തിരുവനന്തപുരം: ‘കം ഔട്ട് ആന്‍ഡ് പ്ലേ’ എന്ന പ്രചാരണചിത്രത്തിനുള്‍പ്പെടെ  2017-18 ലെ രണ്ട് ദേശീയ അവാര്‍ഡുകള്‍  കേരള ടൂറിസത്തിന് ലഭിച്ചു. ‘കം ഔട്ട് ആന്‍ഡ് പ്ലേ’യ്ക്ക് മികച്ച ടൂറിസം ചിത്രത്തിനുള്ള അവാര്‍ഡും സമഗ്ര ടൂറിസം വികസനത്തിന് ഇന്ത്യയിലെ മികച്ച മൂന്നാം സംസ്ഥാനത്തിനുള്ള അവാര്‍ഡുമാണ് കേരളം നേടിയത്. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ  സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി റാണി ജോര്‍ജും കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ്  സഹമന്ത്രി  പ്രഹ്ളാദ് സിംഗ് പട്ടേല്‍, വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍  സുരഭ് പോലോലികാശ്വില്ലി എന്നിവരില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു. 

ദൈനംദിന യാന്ത്രിക ജീവിതത്തില്‍ നിന്നുമാറി പ്രകൃതിയുമായി അലിഞ്ഞുചേരാന്‍ ഇന്ത്യയെ ക്ഷണിക്കുന്ന  ചിത്രമാണ് ‘കം ഔട്ട് ആന്‍ഡ് പ്ലേ’. ട്രെക്കിംഗ്, ആയൂര്‍വേദ മസാജ്, ചങ്ങാടയാത്ര, യോഗ, സുഗന്ധ വ്യഞ്ജന തോട്ട സന്ദര്‍ശനം, കേരള വിഭവങ്ങളെ പഠിക്കല്‍, തെങ്ങുകയറ്റം, ഹൗസ്ബോട്ട് യാത്ര എന്നിവയിലൂടെ പ്രകൃതിയെ രുചിച്ചറിയുന്നതിനുള്ള അവസരങ്ങളാണ് പ്രചാരണ ചിത്രം അനാവരണം ചെയ്യുന്നത്. കേരള ടൂറിസത്തിന്‍റെ പരസ്യ, വിപണന ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയ്ക്കു ലഭിച്ച അവാര്‍ഡുകള്‍ വിനോദസഞ്ചാര, ആതിഥേയ മേഖലകളിലെ സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിനോദസഞ്ചാര വിപണിയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയരുന്നതിന് ഇത് ആക്കംകൂട്ടും. സംസ്ഥാനത്തെ ടൂറിസം വളര്‍ച്ചയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യമുണ്ട്. സ്വകാര്യ പങ്കാളികള്‍ 2017-18 ലെ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിന്‍റെ  നൂതന പ്രചാരണത്തിനുള്ള മികച്ച മൂല്യനിര്‍ണയമാണ് അവാര്‍ഡുകളെന്ന് ടൂറിസം സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ക്ക് നൂതന മാര്‍ഗം തെളിക്കുന്നതിനും ഇത് സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്‍റര്‍നാഷണല്‍ പില്‍ഗ്രിമേജ് റെവലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്  (മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍/ട്രാവല്‍ ഏജന്‍റ്, കാറ്റഗറി അഞ്ച് അവാര്‍ഡ്), കാലിപ്സോ അഡ്വഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (മികച്ച അഡ്വഞ്ച്വര്‍ ടൂര്‍ ഓപ്പറേറ്റര്‍  അവാര്‍ഡ്, മൂന്നാര്‍ കരടിപ്പാറയിലെ റോസ് ഗാര്‍ഡന്‍സ് ഹോംസ്റ്റേ (കേന്ദ്ര സര്‍ക്കാരിന്‍റെ ടൂറിസം മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച  മികച്ച ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്, ഗോള്‍ഡ് & സില്‍വര്‍ വിഭാഗം),  കോക്കനട്ട് ക്രീക്ക്സ് ഫാം & ഫാംസ്റ്റേ   (സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണപ്രദേശം ഭരണം അംഗീകാരം ലഭിച്ച മികച്ച ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനം),  തിരുവനന്തപുരത്തെ മണല്‍തീരം ആയൂര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ പ്രൈവറ്റ് ലിമിറ്റഡ് (മികച്ച സുഖചികിത്സാ കേന്ദ്രം) എന്നീ സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ദശലക്ഷം വരിക്കാരെ ലക്ഷ്യമിട്ട് ഡോക്സ്ആപ്പ് ഗോൾഡ്  

കെ എസ് യു എം സ്റ്റാര്‍ട്ടപ്പില്‍ ട്വിറ്റർ സ്ഥാപകന്‍റെ നിക്ഷേപം