in ,

കേരള പോലീസിനൊരു സല്യൂട്ട് ആകാൻ പോന്ന ചിത്രം 

ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിൽ പോളിംഗ് ബൂത്തുകൾക്ക് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട നാല്പതോളം വരുന്ന പൊലീസ് സംഘം. അവരിൽ ഒൻപതു പേരടങ്ങുന്ന കേരള ടീമിന്റെ നേതൃത്വം വഹിച്ച് സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പി. 

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ട അക്ഷരാർഥത്തിൽ ആണുങ്ങളുടെ സിനിമയാണ്. ഒറ്റ സ്ത്രീ കഥാപാത്രം പോലുമില്ലാത്ത സിനിമയിൽ മാവോയിസ്റ്റ് ഭീതിയാണ് കഥാപരിസരം ഉദ്വേഗജനകമാക്കുന്നത് . മാവോയിസ്റ്റുകളെ  നേരിടുന്ന പൊലീസുകാരുടെ നിശ്ചയദാർഢ്യമാണ് സിനിമയിലെ ഹീറോ. 

മമ്മൂട്ടി മുഖ്യ വേഷത്തിൽ എത്തുന്നുണ്ടെങ്കിലും പൊലീസ് വേഷം ചെയ്യുന്ന ഒൻപതുപേരും അവരുടെ  ഉജ്ജ്വലമായ പ്രകടനങ്ങളിലൂടെ നായകസ്ഥാനത്തേക്ക് ഉയരുന്നുണ്ടെന്ന് സംവിധായകൻ പറയുന്നു. ആ അർഥത്തിൽ കേരള പോലീസിനുള്ള സല്യൂട്ട് ആയി ചിത്രം മാറും. 

ആധുനികമായ സുരക്ഷാ സംവിധാനങ്ങളോ, ഉപകരണങ്ങളോ, ആയുധങ്ങളോ, പണമോ, വേണ്ടത്ര പരിശീലനമോ ഇല്ലാതെ ഇച്ഛാശക്തിയും നിശ്ചയ ദാർഢ്യവും മാത്രം കൈമുതലായ ഒരു കൂട്ടം പൊലീസുകാരാണ് ഉണ്ടയിലെ നായകർ. ഏതാനും റൈഫിളുകൾ മാത്രമാണ് അവരുടെ പക്കൽ ഉള്ളത്. അതിലിടാൻ കുറച്ച് ഉണ്ടകളും. 

അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം നീണ്ട ഇടവേള എടുത്താണ് ഖാലിദ് റഹ്മാൻ തന്റെ രണ്ടാമത്തെ  ചിത്രവുമായി എത്തുന്നത്. ജൂൺ പതിനാലിന്  റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുവരുന്നു. 

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ ലോപ്പസ്, ഓംകാർ ദാസ് മണിക്പുരി, ഭഗ്വൻ തിവാരി, ചിയാൻ ഹോ ലിയോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. സംഗീതം പ്രശാന്ത് പിള്ള. 

സജിത്ത് പുരുഷൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കണ്ണൂർ, കാസർകോഡ്, വയനാട്, തൃശ്ശൂർ, മംഗളൂരു, മൈസൂരു, ഛത്തിസ്ഗഢ്, നിലമ്പൂർ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന  ലൊക്കേഷനുകൾ. 

ക്ളൈമാക്സ് രംഗങ്ങൾ ഛത്തിസ്ഗഡിലാണ് ചിത്രീകരിച്ചത്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഛത്തിസ്ഗഢ്  ലൊക്കേഷൻ ആകുന്നത്. 12 കോടി ചിലവഴിച്ച ചിത്രത്തിന്റെ നിർമാണം കൃഷ്ണൻ സേതുകുമാറാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ടയുടെ ട്രെയ് ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആരവല്ലി മലനിരകളിൽ പതഞ്‌ജലി വനഭൂമി കൈയേറിയതായി ആരോപണം

പ്രളയാനന്തര പുനർനിർമാണം: 2000 കുടുംബങ്ങൾക്ക് കൂടി ഭവനം