Movie prime

നിർഭാഗ്യവശാൽ കനിവ് എന്നത് ഇവരുടെ DNA യിൽ ഇല്ലാതെ പോയി

കൊറോണ കാലത്ത് ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേരളം പ്രഖ്യാപിച്ചത്. പട്ടിണി കിടക്കുന്ന ഒരാൾ പോലും നമ്മുടെ സംസ്ഥാനത്തുണ്ടാവരുത് എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പത്ര സമ്മേളനം അവസാനിച്ചത്. തെരുവിൽ അലയുന്നവരും ഭിക്ഷ തേടുന്നവരും ഒറ്റപ്പെട്ട ഇടങ്ങളിൽ മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുന്നവരും ഉൾപ്പെടെ സമസ്ത ജനവിഭാഗങ്ങളുടെയും ജീവിതത്തെ സ്പർശിച്ചു കൊണ്ടാണ് പിണറായി വിജയൻ സംസാരിക്കുന്നത്. അസാധാരണമായ ഒരു സ്ഥിതിവിശേഷത്തെ നേരിടാൻ അസാധാരണമായ ചിന്ത വേണം എന്ന് അദ്ദേഹം നമ്മെ More
 
നിർഭാഗ്യവശാൽ കനിവ് എന്നത് ഇവരുടെ DNA യിൽ ഇല്ലാതെ പോയി

കൊറോണ കാലത്ത് ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേരളം പ്രഖ്യാപിച്ചത്. പട്ടിണി കിടക്കുന്ന ഒരാൾ പോലും നമ്മുടെ സംസ്ഥാനത്തുണ്ടാവരുത് എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പത്ര സമ്മേളനം അവസാനിച്ചത്. തെരുവിൽ അലയുന്നവരും ഭിക്ഷ തേടുന്നവരും ഒറ്റപ്പെട്ട ഇടങ്ങളിൽ മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുന്നവരും ഉൾപ്പെടെ സമസ്ത ജനവിഭാഗങ്ങളുടെയും ജീവിതത്തെ സ്പർശിച്ചു കൊണ്ടാണ് പിണറായി വിജയൻ സംസാരിക്കുന്നത്. അസാധാരണമായ ഒരു സ്ഥിതിവിശേഷത്തെ നേരിടാൻ അസാധാരണമായ ചിന്ത വേണം എന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾക്ക് മാതൃകയായി ഒരു ചെറിയ സംസ്ഥാനത്തെ ഫെഡറൽ ഭരണകൂടം പെരുമാറുമ്പോൾ, ആ കൊച്ചു പ്രദേശം കൂടി ഉൾക്കൊള്ളുന്ന കേന്ദ്ര സർക്കാറിൻ്റെ ഇക്കാര്യത്തിലുള്ള സമീപനം എന്താണ് ?

സമസ്ത മേഖലകളും തകർത്ത് തരിപ്പണമാക്കുന്ന കൊറോണ വൈറസ് ബാധയെ നേരിടാൻ, രാജ്യത്തെ കോടാനുകോടി ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരാൻ എന്താണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത് ?

അതേപ്പറ്റിയാണ് അസംഘടിത മേഖലാ തൊഴിലാളികൾക്കിടയിൽ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സുധാ മേനോൻ്റെ ഈ കുറിപ്പ്.

സമ്പൂർണ്ണ ലോക്ക് ഡൌൺ അനിവാര്യമായ അവസ്ഥയിലാണ് രാജ്യമിന്ന് എത്തിനിൽക്കുന്നതെങ്കിൽ തീർച്ചയായും അത്തരം അടിയന്തിര തീരുമാനം എടുക്കേണ്ടത് തന്നെയാണ്. കാരണം അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം ആണ് നമ്മളിന്ന് അഭിമുഖീകരിക്കുന്നത്. ‘ലക്ഷ്മൺ രേഖ’ ഒരു സാമൂഹ്യ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.അതിലൊന്നും തർക്കമില്ല.

പക്ഷെ, കഴിഞ്ഞ 11 കൊല്ലമായി അസംഘടിത മേഖലയിലെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഇന്നലത്തെ പ്രസംഗങ്ങൾ ഒരുപാട് വേദനിപ്പിച്ചു. ഘടനാപരമായി ഏറ്റവും സങ്കീർണ്ണമായ ഒരു ഇക്കണോമി ആണ് നമ്മുടേത്. ഏകദേശം 90% തൊഴിലാളികളും ഈ മേഖലയിൽ ആണ്. അതിൽ, 139 ദശലക്ഷം തൊഴിലാളികൾ അന്യസ്ഥലങ്ങളിൽ ജോലിചെയ്യുന്ന, യാതൊരു തൊഴിൽ രേഖയും ഇല്ലാത്ത കോൺട്രാക്ട് തൊഴിലാളികൾ ആണ്.

വീട്ടിനുള്ളിൽ ഇരുന്നു ജോലി ചെയ്യുന്ന home based workers മാത്രം ഏകദേശം 37 ദശലക്ഷം ഉണ്ടാകും. ഇവരിൽ ബഹുഭൂരിപക്ഷവും, അക്ഷരാർത്ഥത്തിൽ അടിമവേല ചെയ്യുന്നവരാണ്. തുച്ഛമായ കൂലിയിൽ, സാമൂഹ്യസുരക്ഷാപദ്ധതികളുടെ തണലില്ലാതെ അന്നന്നത്തെ അന്നത്തിനുള്ളത് കഷ്ടിച്ച് കണ്ടെത്തുന്നവർ. കോൺട്രാക്ടർ- സബ്‌കോൺട്രാക്ടർ- ദല്ലാൾ തട്ടുകളിലൂടെ കൈമാറി എത്തുന്ന ജോലി ആയതുകൊണ്ട് ഒരു തൊഴിലാളിയും ഒരു തൊഴിൽ ഇടത്തിൽ രണ്ടു മാസത്തിൽ കൂടുതൽ ഉണ്ടാകില്ല. ഈയൊരു പ്രശ്‍നം കൊണ്ട്തന്നെ ട്രേഡ് യൂണിയനുകൾ നിസ്സഹായരാണ്.

നോട്ടുനിരോധനവും, GST യും ഇവരുടെ അവസ്ഥ കൂടുതൽ ദയനീയമാക്കിയിരുന്നു. കൂലിയും തൊഴിൽ ദിനങ്ങളും നന്നേ കുറഞ്ഞു.

ഇന്നലെ, ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ, 90% വരുന്ന ഈ തൊഴിലാളികളെ കുറിച്ചു ഒരു വാക്ക്, ഒരു തലോടൽ, കാരുണ്യത്തിന്റെ ഒരുറവ എങ്കിലും പ്രതീക്ഷിച്ചു…കാരണം അത്രമേൽ കനിവ് തേടുന്ന ദുരിതമുഖത്താണ് അവർ.

പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ഇപ്പോഴും വീട്ടിൽ എത്താനാവാതെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും കുടുങ്ങിയിരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ വരെ അവർക്കിടയിൽ ഉണ്ട്. ഈ 21 ദിവസം അവർ എങ്ങനെ ജീവിക്കും ? ഏതു ലക്ഷ്മണരേഖയാണ് അവർക്കു ബാധകം? ഒരു മുന്നൊരുക്കവും ഇല്ലാത്ത ഈ പ്രഖ്യാപനം അവർക്കു ഇരുട്ടടി ആണ് .

മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ദരിദ്രകുടുംബങ്ങൾക്ക് അടിയന്തിര സഹായവും, സൗജന്യറേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ പലയിടത്തും പൊതുവിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ട് അർഹരായ എല്ലാവരിലും കൃത്യ സമയത്തു എത്തിക്കുക എന്നത് പലപ്പോഴും പ്രായോഗികം അല്ല.

ഇവിടെയാണ് പ്രധാനമന്ത്രിയുടെ സന്ദേശവും നേരിട്ടുള്ള സഹായവും അനിവാര്യമാകുന്നത്.

സോഷ്യൽ കമ്മ്യുണിക്കേഷന്റെ പ്രാധാന്യവും ഭാഷയും ഇന്ത്യയിൽ ഏറ്റവും നന്നായി അറിയാവുന്ന ഒരാൾ ആണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ഒരു ചെറിയ ഉറപ്പ്, ജൻധൻ അക്കൗണ്ട് വഴിയുള്ള ക്യാഷ് ട്രാൻസ്ഫർ, സംസ്ഥാനങ്ങൾക്ക് പൊതുവിതരണ സംവിധാനം വഴി കൂടുതൽ സൗജന്യ റേഷൻ കൊടുക്കാൻ വേണ്ടിയുള്ള ധനസഹായം…ഇത്രയും മതിയായിരുന്നു ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ആശ്വാസം കിട്ടുവാൻ. അത് ചെയ്യാൻ, ഒരുറപ്പ് കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം വെറും 15000 കോടിയുടെ ഹെൽത്ത് പാക്കേജ് മാത്രം!

50,000 കോടി രൂപയാണ് വെൽഫെയർ സെസ് ആയി ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ ബോർഡ് പിരിച്ചിട്ടുള്ളത് . അതിൽ മുപ്പതിനായിരം കോടി ഇപ്പോഴും ഉപയോഗിച്ചിട്ടില്ല. അത് ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഉപയോഗിക്കുക ?

നിർഭാഗ്യവശാൽ, മുറിവ് ഉണക്കുന്ന ഒരു വാക്കു പോലും ഇന്നലെ കേട്ടില്ല. നിർമലാ സീതാരാമനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നാൽ എല്ലായ്പൊഴും കോര്പറേറ്റുകളും മധ്യവർഗ്ഗവും മാത്രമാണ്. പാവങ്ങൾ അവരുടെ മുൻഗണനയിൽ ഉണ്ടാവാറില്ല. ഇന്നലെയും അവർ അത് തെളിയിച്ചു.

മോദിയുടെ പ്രതിച്ഛായ, പക്ഷെ, ‌”ലുട്ട്യൻസ്- ഡൂൺ സ്ക്കൂൾ- ലിബറൽ -ഡൽഹി മോഡൽ ‘ രാഷ്ട്രീയ നരേറ്റിവിന്റെ പൊളിച്ചെഴുത്തു ആയിട്ടാണ് അംഗീകരിക്കപ്പെട്ടതും, ആഘോഷിക്കപ്പെട്ടതും. സാധാരണക്കാരുടെ പ്രതിനിധി ആയിട്ടാണ് മോദി അവതരിക്കപെട്ടത്. പക്ഷെ, ഒന്നോർത്തു നോക്കുക, എപ്പോഴാണ് ദളിതനും, ദരിദ്രനും, ഭൂരഹിതനും വേണ്ടി അദ്ദേഹം രാജ്യത്തോട് സംസാരിച്ചിട്ടുള്ളത് ? ഒരു വാക്ക് എങ്കിലും…

പെട്രോൾ വിലവർധനയിലും, നോട്ടു നിരോധനത്തിലും, തൊഴിൽ നിയമ ഭേദഗതിയിലും, ബജറ്റിലും ഒക്കെ നമ്മൾ കണ്ടത്, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന

അടിസ്ഥാന വർഗ്ഗത്തോടുള്ള ഉത്തരവാദിത്തമില്ലായ്മ മാത്രം ആണ്.

ക്ഷേമരാഷ്ട്രത്തിന്റെ നീതിബോധത്തിനു പകരം വർത്തകസംസ്കാരത്തിന്റെ (mercantile ethos) താല്പര്യങ്ങളും, ലോകബോധവും ആണ് ബിജെപിയെ നയിക്കുന്നത് .അതുകൊണ്ടാണ് , കൊറോണയിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോഴും മധ്യപ്രദേശിലെ എംഎൽ എ മാരെ കോടികൾ വിലകൊടുത്തു വാങ്ങാൻ യാതൊരു മടിയും അവർക്കു ഇല്ലാത്തത്.

അതുകൊണ്ടാണ്, ഗ്രാമങ്ങളിൽ ആണ് ഭാരതീയ സംസ്കാരം എന്ന് ഉരുവിടുമ്പോഴും, തങ്ങളുടെ വോട്ട് ബാങ്ക് ആയ ഇന്ത്യൻ ഗ്രാമീണന്റെ നിലനിൽപ്പും അതിജീവനവും ഒരിക്കലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ കരുതലായും, കാരുണ്യമായും കടന്നുവരാത്തത്.

കനിവും, ഭരണനീതിയും, വിവേകവും പൗരനോടുള്ള ഉത്തരവാദിത്വവും വളരെ സ്വാഭാവികമായി ആർജ്ജിക്കേണ്ട ഒന്നാണ് . നിർഭാഗ്യവശാൽ അത് ഇവരുടെ DNA യിൽ ഇല്ലാതെ പോയി. ഈ ദുരിതകാലത്തു ഏറെ വേദനിപ്പിക്കുന്ന സത്യം.

കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരവും, നയങ്ങളിലെ മുൻഗണനയും, മാനവികബോധവും മാതൃകയാകുന്നത് ഇവിടെയാണ്.

(ഫേസ്ബുക്ക് പോസ്റ്റ്)