in

മതസ്വാതന്ത്ര്യം – ഇന്ത്യയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യുഎസ് പാനൽ

മതസ്വാതന്ത്ര്യ വിഷയത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട രാഷ്ട്രമാണ് ഇന്ത്യയെന്ന് അമേരിക്കൻ പാനൽ. നരേന്ദ്രമോദി സർക്കാർ മതന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ തടയുന്നില്ല, അവരുടെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നല്കുന്നില്ല, നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് പാനൽ ഉന്നയിച്ചിട്ടുള്ളത്. 2019-ൽ രാജ്യത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമായെന്ന്  കുറ്റപ്പെടുത്തുന്നു. മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ മുമ്പെന്നത്തേക്കാൾ വർധിച്ചു. സ്ഥിതി മെച്ചപ്പെടുത്താൻ ഇന്ത്യ മുതിരുന്നില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കമ്മിഷൻ അമേരിക്കൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

മുസ്ലിം കുടിയേറ്റക്കാരെ “ചിതലുകൾ” എന്ന് വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറിയ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയും പരാമർശങ്ങളുണ്ട്. രാജ്യത്തെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്.

“പ്രത്യേക ആശങ്ക ഉളവാക്കുന്ന രാഷ്ട്രങ്ങൾ” എന്ന വിഭാഗത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, എറിത്രിയ, ഇറാൻ, മ്യാൻമർ, വടക്കൻ കൊറിയ, പാക്കിസ്താൻ, സൗദി അറേബ്യ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ എന്നിവയാണ് നിലവിൽ യുഎസ് റിലീജിയസ് ഫ്രീഡം പാനലിൻ്റെ കരിമ്പട്ടികയിൽ ഉള്ള രാഷ്ട്രങ്ങൾ. ഇന്ത്യ, നൈജീരിയ, റഷ്യ, സിറിയ, വിയറ്റ്നാം എന്നിവയെ കൂടി ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന നിർദേശമാണ് പാനൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

സാമ്പത്തിക ഉപരോധ നടപടികൾ, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ  ഉത്തരവാദിത്തം കാണിക്കാത്ത ഉദ്യാഗസ്ഥർക്കെതിരെ  വിസാ നിരോധനം തുടങ്ങിയ ശിക്ഷാ നടപടികളാണ് ശുപാർശ ചെയ്തിട്ടുള്ളത്. വിദ്വേഷ പ്രസംഗങ്ങളെ പിന്തുടർന്ന് അവയ്ക്കെതിരെ ബോധവത്കരണം നടത്തുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്ക് ഗ്രാൻ്റ് നല്കാനും ശുപാർശയുണ്ട്.

എന്നാൽ യുഎസ് റിലീജിയസ് പാനലിൻ്റെ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു. റിപ്പോർട്ട് പക്ഷപാതപരമാണ്. ഏതു കാലത്തും ഇവർ ഇന്ത്യാ വിരുദ്ധത പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ പുതുമയില്ല. ഈ അവസരത്തിൽ കൂടുതൽ ഇന്ത്യാ വിരുദ്ധത പ്രകടിപ്പിക്കുകയാണ്- ഇന്ത്യ കുറ്റപ്പെടുത്തി.

റിലീജിയസ് ഫ്രീഡം പാനലിൻ്റെ റിപ്പോർട്ടിൽ അമേരിക്കൻ സർക്കാർ എന്തെങ്കിലും നടപടികൾ കൈക്കൊള്ളും എന്ന് വിദേശകാര്യ വിദഗ്ധർ കരുതുന്നില്ല. ശുപാർശകൾ മുന്നോട്ടു വെയ്ക്കാൻ മാത്രമേ പാനലിന് കഴിയൂ. നയപരമായ നടപടികൾ സ്വീകരിക്കേണ്ടത് അമേരിക്കൻ സർക്കാരാണ്. ഇന്ത്യ- അമേരിക്കൻ ബന്ധം ശക്തിപ്പെട്ട സാഹചര്യത്തിൽ സർക്കാർ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുമെന്ന് കരുതാനാവില്ല.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഓസ്കർ അവാർഡ് നിബന്ധനയിൽ ഇളവ് – സ്ട്രീമിങ്ങ് സിനിമകളെയും ഇത്തവണ പരിഗണിക്കും

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു