in

2020 -ലെ ലോകത്തെ മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയിൽ യു എസ് ടി ഗ്ലോബൽ

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡ്.  2020 -ലെ ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളിൽ  ഒന്നായാണ് യു എസ് ടി ഗ്ലോബൽ  തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.  ഇതോടൊപ്പം 2020 -ലെ  ഏറ്റവും മികച്ച 31 ടെക്നോളജി കമ്പനികളിൽ ഒന്നായും കമ്പനി അംഗീകാരം നേടി.


ലോകത്തെ ഏറ്റവും വലിയ തൊഴിൽ-റിക്രൂട്ടിങ് സൈറ്റായ ഗ്ലാസ്‌ഡോർ ആണ് എംപ്ലോയീസ് ചോയ്സ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.  ജീവനക്കാർ തങ്ങളുടെ ജോലി, തൊഴിൽ അന്തരീക്ഷം എന്നിവയെ മുൻനിർത്തി നൽകുന്ന പ്രതികരണങ്ങളെ വിലയിരുത്തിയാണ് ഈ  പുരസ്‍കാരം നിർണയിക്കുന്നത്. യു എസ് ടി ഗ്ലോബലിലെ ജീവനക്കാർ തങ്ങളുടെ കമ്പനിക്ക് 5 -ൽ 4.3 റേറ്റിങ് നൽകി.
ജീവിതങ്ങളെ മാറ്റിമറിക്കുക എന്ന ദൗത്യവുമായി അതിവേഗം മുന്നേറുന്ന യു എസ് ടി ഗ്ലോബൽ ഫോർച്യൂൺ 500, ഗ്ലോബൽ 1000 കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക പരിവർത്തനത്തിനുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളും പ്ലാറ്റ് ഫോമുകളും പ്രദാനം ചെയ്യുന്നു.


ഈ വർഷത്തെ ബെസ്റ്റ് പ്ലെയ്‌സസ്‌ റ്റു വർക്കിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമാണെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. “പൂർണമായും ജീവനക്കാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന ഈ പുരസ്‌കാരം കമ്പനിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച അംഗീകാരമായി കരുതുന്നു. ഉപയോക്താക്കൾക്കായി മികച്ച സേവനം കാഴ്ചവെയ്ക്കുന്നതോടൊപ്പം  ഏവരും ആഗ്രഹിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ലോകോത്തര നിലവാരമുള്ള ഒരു തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിലും ഞങ്ങളുടെ ജീവനക്കാർ വ്യാപൃതരാണ്” – അദ്ദേഹം പറഞ്ഞു.


കൾച്ചർ ഫസ്റ്റ് ദശാബ്ദം എന്ന നിലയിൽ മാറ്റത്തിനു തുടക്കം കുറിക്കുന്ന വർഷമാണ് 2020 എന്ന് അഭിപ്രായപ്പെട്ട ഗ്ലാസ്‌ഡോർ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ക്രിസ്റ്റ്യൻ  സതർലാൻഡ് -വോങ്, ഇത്തവണത്തെ എംപ്ലോയീസ് ചോയ്സ് അവാർഡ് ജേതാക്കളെല്ലാം തങ്ങളുടെ ഏതു പ്രവർത്തനത്തിലും സംസ്കാരം, കമ്പനിയുടെ ആത്യന്തിക ലക്ഷ്യം, ജീവനക്കാർ എന്നിവയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവയാണെന്ന് വിലയിരുത്തി.  അതിനാലാണ് ജീവനക്കാർ ബെസ്റ്റ് പ്ലെയ്‌സസ് റ്റു വർക്ക് ആയി അത്തരം സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതും- അദ്ദേഹം അഭിപ്രായപ്പെട്ടു.
യു എസ് ടി ഗ്ലോബലിൽ ജീവനക്കാരായി എത്തുന്നവർ തൊഴിൽ രംഗത്ത് വിജയം കൈവരിക്കുക മാത്രമല്ല, സവിശേഷമായ നേട്ടങ്ങൾ കൂടി ആർജിച്ചെടുക്കുന്നുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.  “അറിവു സമ്പാദിച്ചും വളർച്ച കൈവരിച്ചും മുന്നേറുന്ന ഈ യാത്രയിൽ അവർ സ്വന്തം സ്ഥാപനത്തിന്റെയും  ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നു. കമ്പനിയിൽ തുടർന്നും പ്രവർത്തിക്കാനുള്ള ജീവനക്കാരുടെ താല്പര്യത്തിന്റെയും അതിലൂടെ മെച്ചപ്പെട്ട ഒരു കരിയർ വികസിപ്പിക്കാനുള്ള അവരുടെ ആഗ്രഹത്തിന്റെയും പ്രതിഫലനമായും ഈ പുരസ്കാരത്തെ വിലയിരുത്താം”- അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗ്രെയ്റ്റ് പ്ലെയ്സ് റ്റു വർക്ക് പുരസ്കാരങ്ങൾ, സ്ത്രീകൾക്ക് ഏറ്റവും മെച്ചപ്പെട്ട തൊഴിലന്തരീക്ഷം നിലവിലുള്ള 100 കമ്പനികളുടെ പട്ടികയിൽ ഇടം, വർക്കിങ് മദർ -അവതാർ 100 എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ മോസ്റ്റ് ഇൻക്ലൂസീവ് കമ്പനീസ് ഇൻഡക്സിൽ( എം ഐ സി ഐ) പ്രമുഖ സ്ഥാനം തുടങ്ങി സമീപകാലത്ത് യു എസ് ടി ഗ്ലോബലിനെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്.     

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പ്രായം കുറഞ്ഞ അന്താരാഷ്ട്ര റഗ്ബി താരത്തിനുള്ള പുരസ്ക്കാരം ഇന്ത്യക്കാരിക്ക്

വിമുക്തി: ലഹരിവിമുക്ത പ്രചാരണയാത്ര 15 ന് കാസര്‍കോട്ട് സമാപിക്കും