Covid vaccine
in ,

നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട വാക്സിനുകൾ ഇന്ത്യയ്ക്ക് അനുയോജ്യമല്ല: വിദഗ്ധർ

സംഭരണ ഊഷ്മാവ് നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസ് വരെശുപാർശ ചെയ്യപ്പെടുന്ന വാക്സിനുകൾ [ vaccine ] സൂക്ഷിക്കാനുള്ള കോൾഡ് ചെയിൻ സൗകര്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധർ.

ലോകത്ത്വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനുകളിൽ ഭൂരിഭാഗവും സൂപ്പർ കോൾഡ് സ്റ്റോറേജ് ആവശ്യമുളളവ ആണെന്നും നൂതന സംവിധാനങ്ങളുള്ള ആധുനിക നഗരങ്ങളിൽ പോലും ഇവ സംഭരിക്കാനും ഒരിടത്തുനിന്ന്  മറ്റൊരിടത്തേക്ക് എത്തിക്കാനും ബുദ്ധിമുട്ടാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ മുൻ ഡയറക്റ്റർ ജനറൽ ഡോ. എൻ കെ ഗാംഗുലി അഭിപ്രായപ്പെട്ടു.

അമേരിക്കയിലെയും യൂറോപ്പിലെയും ആശുപത്രികളിൽ പോലും നെഗറ്റീവ് 70, നെഗറ്റീവ് 80 ഡിഗ്രി സെൽഷ്യസിലുള്ള മെഡിക്കൽ ഫ്രീസറുകൾ വിരളമാണ്. ഗവേഷണത്തിൽ വിജയം കണ്ട ഭൂരിഭാഗം വാക്സിനുകളും ഇത്തരം അതിശീത കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കേണ്ടതാണ് എന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. 

90 ശതമാനം ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്ന ഫൈസർ വാക്സിൻ നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതാണെന്ന റിപ്പോർട്ടുകളാണ് ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കകൾക്ക് ഇടയാക്കിയത്.

ഫലപ്രാപ്തി നിരക്ക് ഡിസംബർ അവസാനത്തോടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മോഡേണ വാക്സിനും സൂക്ഷിക്കേണ്ടത് നെഗറ്റീവ് 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. ഇത്തരം വാക്സിനുകൾ വികസ്വര രാജ്യങ്ങൾക്ക് അനുയോജ്യമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

ഉഷ്ണ തരംഗങ്ങളും വൈദ്യുതി വിതരണത്തിലെ വ്യാപകമായ തകരാറുകളും ഗ്രാമീണ മേഖലയുടെ പിന്നാക്കാവസ്ഥയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യയിൽ ഫൈസർ വാക്സിൻ സംഭരണം ഒരു ‘പേടിസ്വപ്നം’ ആവുമെന്ന് ഗാംഗുലി പറഞ്ഞു. ഫൈസർ, മോഡേണ വാക്സിനുകൾക്ക് യുകെ, യുഎസ്എ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള വമ്പിച്ച മുൻകൂർ ഓർഡറുകളും ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും.

ചില വാക്സിനുകൾ ഇന്ത്യയ്ക്ക് തീരെ പ്രായോഗികമല്ലെന്ന് ഐസിഎംആറിലെ സാംക്രമിക രോഗവിഭാഗം മുൻ മേധാവി ഡോ. ലളിത് കാന്ത് പറഞ്ഞു. ഫൈസർ, മോഡേണ വാക്സിനുകൾ മെസഞ്ചർ ആർഎൻഎകൾ (എം‌ആർ‌എൻ‌എ) ആണ്.  വളരെ കുറഞ്ഞ സംഭരണ ​​താപനില ആവശ്യമുള്ളവയാണ് രണ്ടു വാക്സിനുകളും. അത്തരം ഫ്രീസറുകൾ നമ്മുടെ രാജ്യത്ത് ലഭ്യമല്ല.

നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസ് താപനില 10 ദിവസം വരെ നിലനിർത്താൻ കഴിയുന്നതരം ഡ്രൈ ഐസ് കണ്ടെയ്നർ ലഭ്യമാക്കുമെന്ന് ഫൈസർ പ്രഖ്യാപിച്ചിട്ടുണ്ട്.  പക്ഷേ, ഇന്ത്യയുടെ ലോജിസ്റ്റിക് സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അതും പ്രായോഗികമല്ലെന്ന് ഡോ. ലളിത് കാന്ത് പറയുന്നു.  അതേസമയം, നെഗറ്റീവ് 2 ഡിഗ്രി സെൽഷ്യസിനും നെഗറ്റീവ് 8 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന വാക്സിനുകൾ ചില കമ്പനികൾ വികസിപ്പിക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടമാക്കി.

vaccine

ഭാരത് ബയോടെക്, സൈഡസ് കാഡില, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ വികസിപ്പിക്കുന്ന മൂന്ന് വാക്സിനുകളും ഇന്ത്യൻ സാഹചര്യത്തിന് അനുയോജ്യമായവയാണ്.  നിലവിലുള്ള കോൾഡ് സ്റ്റോറേജ് നെറ്റ്‌വർക്കുകളിൽ അവ സംഭരിക്കാനും സൂക്ഷിച്ചുവെയ്ക്കാനും കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.  

ലോകത്തെ വിവിധ ജനവിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും ഉൾക്കൊള്ളുന്ന വിധത്തിൽ കൂടുതൽ വാക്സിനുകൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.

ചിലതരം വാക്സിനുകൾ ചില വിഭാഗങ്ങൾക്ക് കൂടുതൽ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വാക്സിൻ ഗർഭിണികൾക്ക് സുരക്ഷിതമാണെങ്കിൽ  മറ്റൊന്ന് പ്രായമായവരിലാണ് കൂടുതൽ ഫലപ്രദമാകുന്നത്.  മഹാമാരിയെ ലോകത്തു നിന്നും പൂർണമായി തുടച്ചു നീക്കുന്നതിന് ലോക ജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടി വരും.

അതിനാൽ മുഴുവൻ വാക്സിൻ ഗവേഷകരോടും തങ്ങളുടെ പരീക്ഷണങ്ങൾ തുടരാൻ അവർ അഭ്യർഥിച്ചു. മുന്നിലുള്ളത് ആരാണ് എന്നത് പരിഗണിക്കാതെ എല്ലാവരും അവരവരുടെ പരീക്ഷണങ്ങൾ തുടരണം. എങ്കിൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാനാവൂ.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Garlic

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാം

Araadhya

ആരാധ്യയുടെ ഒമ്പതാം പിറന്നാളിൽ ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ