Vi
ബ്രാൻഡ് ഐഡൻ്റിറ്റി പുതുക്കി ‘വി’ എന്ന പുതിയ പേരിൽ അറിയപ്പെടുന്ന വോഡഫോൺ ഐഡിയ ലിമിറ്റഡിന് ജൂൺ മാസത്തിൽ നഷ്ടമായത് 4.8 ദശലക്ഷം ഉപയോക്താക്കളെ. തുടർച്ചയായ എട്ട് മാസത്തെ ഇടിവാണ് വരിക്കാരുടെ എണ്ണത്തിൽ കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് നില അല്പം മെച്ചപ്പെടുത്തിയ എയർടെല്ലിന് 1.1 ദശലക്ഷം വരിക്കാരാണ് കുറഞ്ഞത്. 4.5 ദശലക്ഷം വരിക്കാരെ പുതിയതായി ലഭിച്ച റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് മാത്രമാണ് ജൂൺ മാസത്തിൽ നേട്ടമുണ്ടാക്കിയ ഏക ടെലികോം ഓപ്പറേറ്റർ.Vi
മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ജിയോയ്ക്ക് നിലവിൽ 34.8 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. എയർടെല്ലിന്റെയും വോഡഫോണിന്റെയും വിപണി വിഹിതം യഥാക്രമം 27.8 ശതമാനവും 26.8 ശതമാനവുമാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്എൻഎൽ) ജൂണിൽ 1.7 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്.
2 ജി, 3 ജി, 4 ജി അടക്കം മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം ജൂണിൽ 3.2 ദശലക്ഷം കുറഞ്ഞ് 1.14 ബില്യനായി. അതേ സമയം, ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ സ്ഥിരവരിക്കാരുടെ എണ്ണം 40,000 മുതൽ 19.8 ദശലക്ഷം വരെ ഉയർന്നിട്ടുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ എന്നിവയ്ക്ക് ജൂണിൽ യഥാക്രമം 2.2 ലക്ഷം, 25,256, 6,854 ഫിക്സഡ് ലൈൻ വരിക്കാരെ ലഭിച്ചിട്ടുണ്ട്. എന്നാൽ 1.8 ലക്ഷം വരിക്കാരെ ജൂണിൽ ബിഎസ്എൻഎല്ലിന് നഷ്ടമായി.
നഗരങ്ങളിലെ മൊത്തം വരിക്കാരുടെ എണ്ണം മെയ് അവസാനം 637.9 ദശലക്ഷമായിരുന്നു. ജൂണിൽ അത് 636.8 ദശലക്ഷമായി കുറഞ്ഞു. ഗ്രാമീണ വരിക്കാർ 525.8 ദശലക്ഷമായിരുന്നത് 523.7 ദശലക്ഷമായും കുറഞ്ഞിട്ടുണ്ട്. നഗര, ഗ്രാമ വരിക്കാരുടെ എണ്ണത്തിലെ പ്രതിമാസ ഇടിവ് യഥാക്രമം 0.16 ശതമാനവും 0.41 ശതമാനവുമാണെന്ന് ട്രായ് അറിയിച്ചു.
ഒന്നിലധികം സിം കാർഡുകൾ കൈവശമുള്ളവർ ഒന്നൊഴികെ മറ്റുള്ളവ ഉപേക്ഷിച്ചത് മൂലമാണ് ദശലക്ഷക്കണക്കിന് മൊബൈൽ വരിക്കാരുടെ നഷ്ടം സംഭവിച്ചതെന്ന് ടെലികോം വിദഗ്ധർ പറയുന്നു. തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കവും റീചാർജ് ഔട്ട് ലെറ്റുകളുടെ അഭാവവും മാർച്ച് അവസാനത്തോടെ ആരംഭിച്ച നഷ്ടത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഫിക്സഡ് ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ബിഎസ്എൻഎൽ ആണ് മുന്നിലുള്ളത്. ജൂണിൽ ബി എസ് എൻ എല്ലിന് 7.9 ദശലക്ഷം വരിക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന് 2.5 ദശലക്ഷവും ആട്രിയ കൺവെർജൻസ് ടെക്നോളജീസിന് (എസിടി ഫൈബർ നെറ്റ് ) 1.7 ദശലക്ഷവും റിലയൻസ് ജിയോക്ക് 1.1 ദശലക്ഷവും വരിക്കാരാണ് ഉള്ളത്. ഉപയോക്താക്കളെ ആകർഷിക്കാനായി റിലയൻസ് ജിയോയും എയർടെലും ലാഭകരമായ ഫിക്സഡ് ബ്രോഡ്ബാൻഡ് പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.