Movie prime

Video | നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ?

 

നമ്മുടെ നാട്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയുള്ള പണം തട്ടലാണ്. അതിനായി നമ്മ്ുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നമ്മള്‍ പോലും അറിയാതെ സിം കാര്‍ഡുകള്‍ എടുത്ത് അവ ഉപയോഗിച്ചാവും തട്ടിപ്പുകാര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുക.

ഒടുവില്‍പോലീസ് അന്വേഷിച്ച എത്തുമ്പോഴാവും ഈ വിവരങ്ങള്‍ നമ്മള്‍ അറിയുന്നത് . എന്നാല്‍ ഇനി അങ്ങനെ അല്ല നമ്മുടെ ആധാര്‍ ഉപയോഗിച്ച മറ്റൊരാള്‍ സിം കാര്‍ഡ് എടുത്തിട്ടുണ്ടോ എന്നറിയാന്‍ ഒരു പോര്‍ട്ടല്‍ ഒരുങ്ങുന്നു. ടാഫ് കോപ് എന്ന്  പേരിട്ട  പോര്‍ട്ടല്‍  കേന്ദ്ര ടെലികോം  മന്ത്രാലയമാണ്  രൂപകല്‍പന ചെയ്തത്.

വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കി തരപ്പെടുത്തുന്ന സിം കാര്‍ഡുകള്‍ ഉപയോക്താവിന് സ്വയം കണ്ടെത്താവുന്ന സംവിധാനമാണിത് . ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ടാഫ്കോപ്. പോര്‍ട്ടലിന്റെ പരീക്ഷണം   തെലങ്കാന , ആന്ധ്രാപ്രദേശ്  എന്നീ സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു . ബി . എസ് .എന്‍ .എല്‍  നമ്പറുകളില്‍ കേരളത്തില്‍ ഭാഗീകമായി പരീക്ഷണം നടത്തിവരുന്നു . എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷണത്തെ നടത്തിയ ശേഷമാകും ദേശവ്യാപകമായി ടാഫ്കോപ് പോര്‍ട്ടല്‍ ഉപയോഗിക്കാനാകുക .

ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം?

ഉപയോക്താക്കള്‍ TAFCOP വെബ്‌സൈറ്റ് തുറന്ന് , പോര്‍ട്ടലില്‍  മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള കോളത്തില്‍ നമ്മുടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കുകയും ഒറ്റത്തവണ പാസ്വേഡ് (OTP) ഉപയോഗിച്ച് അത് പരിശോധിക്കുകയും വേണം. കൊടുക്കുന്ന നമ്പര്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പോര്‍ട്ടലിലേയ്ക്കാണ് പോവുക .അപ്പോള്‍ ആദ്യം നല്‍കിയ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍കാര്‍ഡ് കണ്ടെത്തുകയും തുടര്‍ന്ന് ഈ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന  മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണിക്കുകയും ചെയ്യും.

ഇതില്‍ നിന്നും ഉപയോക്താക്കള്‍ക്ക് അവരുടെ അറിവില്ലാതെ എടുത്ത  നമ്പറുകള്‍ തിരിച്ചറിയാനാകും തുടര്‍ന്ന്  ഈ പോര്‍ട്ടലിലൂടെ തന്നെ ആ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതുമാണ്. ടെലിക്കോം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരാളുടെ പേരില്‍ പരമാവധി 9 സിമ്മുകളാണ് എടുക്കാന്‍ കഴിയുക .  ഉപഭോക്താക്കള്‍ക്ക് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അവര്‍ ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ നമ്പറുകള്‍ റിപ്പോര്‍ട്ടുചെയ്യാനാകും.നോട്ട് റിക്വയേഡ് എന്ന കോളത്തില്‍ ക്ലിക്ക് ചെയ്താല്‍ സിം കാര്ഡ് അപ്പോള്‍ തന്നെ ഡി ആക്ടിവേറ്റും ആകും .  ടെലികോം സേവനദാതാക്കളാണ് നമ്പറുകള്‍ തടയുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്യുന്നത്. 

ട്രായ് ആരംഭിച്ച ഈ സേവനം ഉപയോഗപ്രദമായതാണെന്നും സേവനത്തെ അഭിനന്ദിക്കുകയാണെന്നും പേറ്റിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.ഒരാളുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് അതുപയോഗിച്ച് മറ്റുള്ളവരെ പറ്റിച്ചു പണം തട്ടുന്നത്  ഈ വെബ്‌സൈറ്റിന്റെ വരവോടെ പരാമാവധി കുറക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ.