Movie prime

മരിച്ചു വീണ ഓരോ കുട്ടിയും സ്വപ്നം കണ്ടിട്ടുണ്ടാവും; ശേഷിക്കുന്നവരെ രക്ഷിക്കുന്ന ഒരു സ്നേഹവിപ്ലവം

ആൺ-പെൺ വിഭജനങ്ങൾക്കപ്പുറമുള്ള ലിംഗ/ ലൈംഗിക സവിശേഷതകളെ ഉൾക്കൊള്ളാൻ തയ്യാറാവാത്ത സമൂഹമാണ് നമ്മുടേത്. 2018 സെപ്റ്റംബർ ആറിന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധി നമ്മുടെ പൊതുബോധം ഉൾക്കൊണ്ടിട്ടില്ല. നിയമങ്ങളല്ല, ശീലങ്ങളാണ് നാടുവാഴുന്നത്. മതാത്മകവും ശീലങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതുമായ പൊതുബോധത്തിൻ്റെ കയ്യൂക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നടപ്പു ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായ ലിംഗ/ലൈംഗിക സവിശേഷതകൾ രോഗമായി, കൂട്ടുകെട്ടിൻ്റെ ദോഷമായി, ബാധകൂടിയതായി കാണുന്ന പൊതുബോധം. ഉപദേശിച്ചും തല്ലിയും ചികിത്സയെന്ന പേരിലും പാപപരിഹാരത്തിനുള്ള ആഭിചാരങ്ങളായും പ്രാകൃത ദണ്ഡനമുറകൾ കൊണ്ടും അവ വരുതിയിൽ More
 
മരിച്ചു വീണ ഓരോ കുട്ടിയും സ്വപ്നം കണ്ടിട്ടുണ്ടാവും; ശേഷിക്കുന്നവരെ രക്ഷിക്കുന്ന ഒരു  സ്നേഹവിപ്ലവം

ആൺ-പെൺ വിഭജനങ്ങൾക്കപ്പുറമുള്ള ലിംഗ/ ലൈംഗിക സവിശേഷതകളെ ഉൾക്കൊള്ളാൻ തയ്യാറാവാത്ത സമൂഹമാണ് നമ്മുടേത്. 2018 സെപ്റ്റംബർ ആറിന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധി നമ്മുടെ പൊതുബോധം ഉൾക്കൊണ്ടിട്ടില്ല. നിയമങ്ങളല്ല, ശീലങ്ങളാണ് നാടുവാഴുന്നത്. മതാത്മകവും ശീലങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതുമായ പൊതുബോധത്തിൻ്റെ കയ്യൂക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നടപ്പു ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായ ലിംഗ/ലൈംഗിക സവിശേഷതകൾ രോഗമായി, കൂട്ടുകെട്ടിൻ്റെ ദോഷമായി, ബാധകൂടിയതായി കാണുന്ന പൊതുബോധം. ഉപദേശിച്ചും തല്ലിയും ചികിത്സയെന്ന പേരിലും പാപപരിഹാരത്തിനുള്ള ആഭിചാരങ്ങളായും പ്രാകൃത ദണ്ഡനമുറകൾ കൊണ്ടും അവ വരുതിയിൽ വരുത്താൻ ശ്രമിക്കുന്നു. സകലരാലും വെറുക്കപ്പെടുന്നവർക്ക് തെരുവുകളല്ലാതെ അഭയമുണ്ടാവുന്നില്ല.

ലൈംഗികത പ്രത്യുല്പാദനമെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയുള്ളതല്ലെന്നും ലൈംഗിക വിദ്യാഭ്യാസമെന്നാൽ പ്രത്യുല്പാദന വിദ്യാഭ്യാസ മാവരുതെന്നും വിദ്യാലയങ്ങളിൽ നിന്നാരംഭിക്കുകയും വീടുകളെ കണ്ണി ചേർക്കുകയും ചെയ്യുന്ന സമഗ്രമായ വിചാരവിപ്ലവവും സ്നേഹവിപ്ലവവും ഈ സ്ഥിതിഗതികൾ ആവശ്യപ്പെടുന്നുണ്ടെന്നും അധ്യാപകനും എഴുത്തുകാരനുമായ ഷിജു ദിവ്യ.

മരിച്ചു വീണ ഓരോ കുട്ടിയും സ്വപ്നം കണ്ടിട്ടുണ്ടാവും; ശേഷിക്കുന്നവരെ രക്ഷിക്കുന്ന ഒരു  സ്നേഹവിപ്ലവം
ഷിജു ദിവ്യ

…………

ബ്രിട്ടീഷുകാർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഉപേക്ഷിച്ചു പോയ, വിക്ടോറിയൻ സദാചാരത്തിൻ്റെ അച്ചിൽ 1867-ൽ വാർത്തെടുത്ത നിയമത്തിലെ 377-ആം വകുപ്പാണ് ഏതാണ്ട് ഒന്നേമുക്കാൽ നൂറ്റാണ്ടോളം ഈ നാടുവാണത്. സന്താനോല്പാദനം മുൻനിർത്തി ലിംഗം യോനിയിൽ പ്രവേശിപ്പിച്ചുള്ളതല്ലാത്ത എല്ലാ ലൈംഗിക ക്രിയകളും നിയമം മൂലം നിരോധിക്കപ്പെട്ടിരുന്നു. മനുഷ്യനാവുക (Being Human) എന്ന പരികല്പന തന്നെ വർഗരാഷ്ട്രീയത്താലും തത്വചിന്തയാലും നാം അപനിർമ്മിച്ചുവെന്ന അക്കാദമിക്ക് അഹന്തകൾക്ക് അടിയിൽ നമ്മുടെ രാജ്യത്തെ നയിച്ച തത്വചിന്ത മനുഷ്യനിലേക്കു പോലും വളർന്നിരുന്നില്ല. സമൂഹത്തിന് പല വേലകൾ നിർവഹിക്കാൻ ശേഷിയുള്ള ഇരുകാലികളെ പെറ്റു കൂട്ടാനുള്ള ഇണ ചേരലിനെ മഹത്വവൽക്കരിച്ചല്ലാതെ ഒന്നുമില്ല ലൈംഗികതയിൽ. ഈ ധർമ്മം നിർവ്വഹിക്കാത്ത സ്വയംഭോഗവും സ്വവർഗരതിയും (അനുരാഗവും) സ്ത്രീ പുരുഷ ബന്ധത്തിൽ തന്നെ മിഷണറി പൊസിഷനപ്പുറമുള്ളതെല്ലാം പാപവും നിയമവിരുദ്ധവുമെന്ന് പ്രഖ്യാപിച്ച, ഒളിഞ്ഞുനോട്ട യുക്തിയിൽ നിൽക്കുന്നൊരു നിയമം. പുതിയ അടിമക്കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ അടിമപ്പെണ്ണുങ്ങളെ ചവുട്ടിക്കുന്ന കങ്കാണിമാർ അലറുന്ന രംഗമുണ്ട് കെ.ജെ. ബേബിയുടെ “മാവേലി മൻറത്തിൽ”.

മതവും ഭരണകൂടവും അതിൻ്റെ സോഷ്യൽ എഞ്ചിനിയറിങ്ങും ഇന്നും നിങ്ങളുടെ കിടപ്പുമുറിയുടെ ചെവിയിൽ അലറുന്നുണ്ട്. “കൈപ്പാടാ ചവിട്ട്. “

2015 ലെ നേഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഇതിലടങ്ങിയ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾ ബോധ്യമാവാൻ ഉപകരിക്കും.

സെക്ഷൻ 377 പ്രകാരം ഇന്ത്യയിൽ 1347 കേസുകൾ 2015-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. 1,006 കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

1,491 പേർ അറസ്റ്റു ചെയ്യപ്പെട്ടു. അതിൽ 177 പേർ 16 വയസ്സിൽ താഴെയുള്ള കുട്ടികളും സ്ത്രീകളുമായിരുന്നു. ട്രാൻസ് വ്യക്തികളുടെ വേറിട്ട കണക്കുകൾ ലഭ്യമല്ല. (അങ്ങനെയൊരു തന്മ നിയമപ്രകാരം നിലനിൽക്കുമായിരുന്നില്ല. അനീതിക്ക് ഇരയാവുന്നു എന്നത് മാത്രമല്ല, അത് രേഖപ്പെടുത്തുക പോലും ചെയ്യുന്നില്ല എന്നത് എത്ര ക്രൂരമാണ് ?)

378 കേസുകൾ നടപടികൾ പൂർത്തിയായതിൽ 175 എണ്ണം കുറ്റം നടന്നതായി കണ്ടെത്തി ശിക്ഷിക്കപ്പെട്ടപ്പോൾ

203 എണ്ണം തെളിവുകളില്ലാതെ വെറുതെ വിടുകയും ചെയ്തു. മേല്പറഞ്ഞ 1,347 കേസുകളിൽ 814 എണ്ണത്തിലെ ഇരകൾ കുട്ടികളായിരുന്നു. 2015 ൻ്റെ അവസാനം, 679 പേർ അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലുണ്ടായിരുന്നു. കടലിലെ മഞ്ഞുമലയുടെ ഒരറ്റം പോലുമാവില്ല ഇത്. ഒന്നേമുക്കാൽ നൂറ്റാണ്ടിൻ്റെ ചരിത്രത്തിലെ ഒരു വർഷം. എത്രായിരം മനുഷ്യരാവും ഇതുപോലെ !

നിരവധി തെരുവുപോരാട്ടങ്ങളുടെ, നിയമപോരാട്ടങ്ങളുടെ, നിശബ്ദരക്തസാക്ഷിത്വങ്ങളുടെ ചോരയും കണ്ണീരും വിയർപ്പും നിറഞ്ഞ ചരിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ 2018 ൽ ഈ ആർട്ടിക്കിൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വാദം കേൾക്കുകയും തുടർന്ന് 2018 സെപ്തംബർ 6ന് സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് പ്രായപൂർത്തി ആയവർ ഉഭയസമ്മതതോടെ നടത്തുന്ന സ്വവർഗരതി കുറ്റകരമല്ല എന്ന വിധി പുറപ്പെടുവിപ്പിച്ചു. ലൈംഗിക താല്പര്യം വ്യക്തികേന്ദ്രീകൃതമാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ഭാഗമാണ്, സ്വകാര്യമാണ്, സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല, അതിൽ ഭരണകൂടം തലയിടേണ്ടതില്ല എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ ആർ. എഫ്. നരിമാൻ, എ. എം ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു നാല് അംഗങ്ങൾ.

ഇത്ര വൈകിയിട്ടും ലൈംഗികതയും പദവിയും ഇങ്ങനെ മനസ്സിലാക്കുന്ന ലോകരാജ്യങ്ങളിൽ ഇരുപത്തി നാലാമതാണ് നാം എന്നത്, ലിംഗ/ ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങൾ ആഗോളതലത്തിൽ അനുഭവിക്കുന്ന മാറ്റിനിർത്തലിൻ്റെ, ആക്രമണത്തിൻ്റെ ഭീകരത വെളിവാക്കുന്നുണ്ട്. മനുഷ്യ സമുദായത്തിന് അതിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ല.

പക്ഷേ ഇന്നും നിയമമല്ല, ശീലങ്ങളാണ് നാടുവാഴുന്നത്. മതാത്മകവും ശീലങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതുമായ പൊതുബോധത്തിൻ്റെ കയ്യൂക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നടപ്പു ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായ ലിംഗ/ലൈംഗിക സവിശേഷതകൾ രോഗമായി, കൂട്ടുകെട്ടിൻ്റെ ദോഷമായി, ബാധകൂടിയതായി കാണുന്ന പൊതുബോധം. ഉപദേശിച്ചും തല്ലിയും ചികിത്സയെന്ന പേരിലും പാപപരിഹാരത്തിനുള്ള ആഭിചാരങ്ങളായും പ്രാകൃത ദണ്ഡനമുറകൾ കൊണ്ടും അവ വരുതിയിൽ വരുത്താൻ ശ്രമിക്കുന്നു. സകലരാലും വെറുക്കപ്പെടുന്നവർക്ക് തെരുവുകളല്ലാതെ അഭയമുണ്ടാവുന്നില്ല. ജീവിക്കാനുള്ള പണത്തിനും സ്വന്തം ശാരീരികാവശ്യങ്ങൾക്കും തെരുവിൻ്റെ കുത്തഴിഞ്ഞ ഇരുട്ടിനെ ആശ്രയിക്കേണ്ടി വരുന്നവർ. ആവശ്യം കഴിയുന്നതെന്തും വലിച്ചെറിയുന്ന, ആ ഇരുട്ടിലുണരുന്ന അധോലോകത്തിൻ്റെ ആയുധങ്ങളിൽ തീർന്നു പോവുന്നു. ഇത് അവരോടു നാം നടത്തുന്ന പ്രത്യക്ഷ ഹിംസ.

സൗഹൃദങ്ങൾ കൊണ്ട്, പഠന മികവുകൊണ്ട് അതിജീവിക്കാൻ ശ്രമിക്കുന്ന വേറിട്ടു നടപ്പുകാരുടെ പുറകെ ചെന്നു വേട്ടയാടുന്നു

“നാടിനും വീടിനും കൊള്ളാത്തവരെന്ന” പഴി പറച്ചിലുകൾ. “ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും” ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താത്ത ഇരിപ്പും നടപ്പും തടിയും മുടിയുമെല്ലാം അപഹസിക്കാനും അക്രമിക്കാനുമുള്ള കുറ്റകൃത്യങ്ങളാവുന്ന വിചിത്ര നീതി കൊല്ലാതെ കൊല്ലുന്നു ബാക്കിയുള്ളവരെ. ജീവിതം തന്നെ അനേകമരണങ്ങൾക്കിടയിലെ പിടച്ചിലാക്കി മാറ്റുന്ന പരോക്ഷ ഹിംസ. നമ്മുടെ ആയുധങ്ങളിൽ ചോര പുരളാത്ത, ഈ ഹിംസ താങ്ങാനാവാത്ത ഓരോ ആത്മഹത്യകളും ഈ സമൂഹം നടത്തുന്ന കൊലയല്ലാതെ മറ്റൊന്നുമല്ല.

2012 ലെ ഒരു പഠനത്തിൽ ലോകബാങ്ക് ഇങ്ങനെ നിരീക്ഷിക്കുന്നു.

“ലൈംഗികതയും ലിംഗപദവിയുമെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി അംഗീകരിക്കുന്നവരിൽ ഭൂരിപക്ഷം പോലും അതിൻ്റെ സാമൂഹ്യ സംവാദങ്ങളോട് ഉദാസീനരാണ്. ദാരിദ്ര്യം, തൊഴിൽ, സമ്പദ്ഘടനയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒന്നായാണ് ലൈംഗിക രാഷ്ട്രീയത്തെ അവർ കാണുന്നത്. എന്നാൽ ദാരിദ്ര്യം, തൊഴിൽ ചൂഷണം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ പ്രമേയങ്ങൾക്ക് ലിംഗ/ലൈംഗികാവസ്ഥകളുമായി നല്ല ബന്ധമുണ്ടെന്ന് അവർ തിരിച്ചറിയുന്നില്ല.”

പഠന സ്ഥലങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങി മനുഷ്യർ കൂടുന്ന ഇടങ്ങളൊന്നും ലൈംഗിക ന്യൂനപക്ഷത്തിൽ പെട്ടവർക്ക് സുഗമമായി പ്രാപിക്കാവുന്നവയല്ല. “വൈറ്റ് കോളർ ജോലി ചെയ്യുന്ന 58% ട്രാൻസ് വ്യക്തികളും മേലധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും തുടർസ്വഭാവമുള്ള കടുത്ത വിവേചനം നേരിടേണ്ടി വരുന്നുണ്ട് എന്ന് ഒരു സർവ്വേ വ്യക്തമാക്കുന്നു. ഇതേ സർവ്വേയിൽ കോത്തി വിഭാഗത്തിൽപെട്ടവരുടെ ശരാശരി മാസവരുമാനം 70 രൂപയിൽ താഴെയാണെന്നും ചെന്നെയിലെ MSM വിഭാഗത്തിൽ പെട്ട 66% മനുഷ്യർക്ക് ദിവസം 1.50 രൂപയിൽ താഴെയാണ് വരുമാനമെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക സ്വാതന്ത്ര്യത്തിനുമപ്പുറം തൊഴിൽ നിഷേധവും ചൂഷണവുമെല്ലാമടങ്ങുന്ന ജീവിതത്തിൻ്റെ സർവ്വ മണ്ഡലങ്ങളും തൊട്ടുനിൽക്കുന്ന ഒന്നാണ് LGBTQ സമൂഹത്തിൻ്റെ അതിജീവനമെന്നത്.

എൻ്റെ മുന്നിൽ നമ്മുടെ ഹയർസെക്കണ്ടറിയുടെ പാഠപുസ്തകവും പാഠ്യ പദ്ധതിയുമുണ്ട്. അതിൻ്റെ രണ്ടാം വർഷ സുവോളജി പാഠപുസ്തകത്തിൽ മനുഷ്യരുടെ പ്രത്യുല്പാദനത്തെയും പ്രത്യുല്പാദന ആരോഗ്യത്തെയും കുറിച്ചുള്ള പാഠമുണ്ട്. അതിനപ്പുറമുള്ള ലൈംഗിക സവിശേഷതകളെക്കുറിച്ച് ഹയർ സെക്കണ്ടറി വരെയുള്ള പാഠ്യപദ്ധതി മൗനം പാലിക്കുന്നു. കുഞ്ഞുങ്ങളുണ്ടാവാത്ത സ്ത്രീകൾ മുതൽ LGBT സമൂഹത്തിൽ പെട്ടവർ വരെ അങ്ങനെ ഒറ്റയടിക്ക് പുറത്താവുന്നു. അങ്ങനെ 2018 ലെ സുപ്രധാന വിധി ഉച്ചാടനം ചെയ്ത സായിപ്പിൻ്റെ 377-ആം വകുപ്പ് നമ്മുടെ പാഠപുസ്തകത്തിൽ ഇപ്പോഴും ഒളിച്ചുപാർക്കുന്നു. .കുട്ടികളുടെ കൗമാര സവിശേഷതകളെപ്പറ്റി പഠിക്കാനും അതിൽ കുട്ടികൾക്ക് ഓറിയൻ്റേഷൻ ഉണ്ടാക്കാനും രൂപീകരിച്ചതാണ് സൗഹൃദ ക്ലബ്. അതിൻ്റെ കൗമാരവിദ്യാഭ്യാസ പരിപാടിയും

“റീ പ്രൊഡക്ടീവ് ഹെൽത്ത് ” എന്ന കാഴ്ചപ്പാടിലാണ് ഊന്നുന്നത്. കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും സൗഹൃദ അടക്കമുള്ള പദ്ധതികൾ സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങളെ, ക്രിയാത്മകമായ സംഭാവനകളെ കാണാതെയല്ല ഇതു പറയുന്നത്, നിരന്തര നവീകരണമെന്ന, നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ആന്തരികാദർശത്തിൽ ഊന്നി നിന്നു കൊണ്ടാണ്. ലിംഗ/ലൈംഗിക

വൈവിധ്യങ്ങളോടുള്ള ഭയവും വിദ്വേഷവും സാർവ്വത്രികമായ നമ്മുടെ സമൂഹത്തിൽ അതിനെ ബലപ്പെടുത്തുന്നതാവരുത് നമ്മുടെ വിദ്യാഭ്യാസവും.

തീർച്ചയായും ലൈംഗികത പ്രത്യുല്പാദനമെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയുള്ളതല്ല. അതുകൊണ്ടു തന്നെ ലൈംഗിക വിദ്യാഭ്യാസമെന്നാൽ പ്രത്യുല്പാദന വിദ്യാഭ്യാസവുമാവരുത്. അവള(ന)വളെ(നെ) തിരിച്ചറിയലാണത് . തന്നിലും മറ്റുള്ളവരിലുമുള്ള അനേക തന്മകളെ തിരിച്ചറിയലാണത്. ലൈംഗികത ജീവിവർഗ്ഗത്തിൻ്റെയാകെ അവകാശമാണെന്ന് ബോദ്ധ്യപ്പെടലാണത്. ഭക്ഷണം പോലെ , ശ്വാസവായു പോലെ അടിസ്ഥാന ആവശ്യമാണതെന്നും അതിലെ പരമാധികാരി ഓരോരുത്തരുമാണെനനും . ആ പരമാധികാരം തനിക്കെന്ന പോലെ അപരർക്കുമുണ്ടെന്നുമുള്ള തിരിച്ചറിവാണത്. ആൺ/പെൺ വിഭജനത്തിനപ്പുറത്തെ വൈവിധ്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും പ്രാപ്തമാക്കലാവണമത്. തന്നിലെത്തന്നെ തിരിച്ചറിയാനും പ്രഖ്യാപിക്കാനും ഓരോ വ്യക്തിക്കും ആത്മവിശ്വാസം നൽകലാണത്. പ്രത്യേകിച്ച് തൻ്റെ ഉള്ളിലെ തന്മയെ തിരിച്ചറിയുന്ന ആ ഘട്ടത്തിൽ കുട്ടിക്ക് കൈത്താങ്ങും വഴിവിളക്കുമാവാൻ കഴിയണം നമ്മുടെ വിദ്യാലയങ്ങൾക്ക്. വിദ്യാലയങ്ങളിൽ നിന്നാരംഭിക്കുകയും വീടുകളെ കണ്ണി ചേർക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ വിചാരവിപ്ലവവും സ്നേഹവിപ്ലവവും ഈ സ്ഥിതിഗതികൾ ആവശ്യപ്പെടുന്നുണ്ട്. വേറിട്ടു നടന്ന കുറ്റത്തിന് പൊതുബോധം വിധിച്ച ആത്മഹത്യാമുനമ്പുകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും നാം ആട്ടിയോടിച്ചു കൂടാ.