Movie prime

എയർ ഇന്ത്യയ്ക്കു വിലയിടാൻ നിങ്ങൾക്കാവില്ല നിര്‍മ്മലാജി !

എയര് ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും കേന്ദ്രസര്ക്കാര് വിറ്റഴിക്കുന്നു എന്ന വാര്ത്ത കഴിഞ്ഞ ദിവസങ്ങളില് വന്നു. ഏതാനും വര്ഷങ്ങളായി എയര് ഇന്ത്യ ഭാഗികമായി വില്ക്കാനുള്ള നീക്കങ്ങള് ആരംഭിച്ചിട്ട്. വാങ്ങാന് ആരും തയ്യാറായിരുന്നില്ല. ഇപ്പോൾ 100% ഓഹരികളും വില്ക്കാന് തീരുമാനിച്ചിരിക്കുന്നു. ഇതോടെ ഇന്ത്യയുടെ സ്വന്തം വിമാന കമ്പനി ഇന്ത്യയ്ക്ക് അന്യമാകും. അപ്പോഴും എനിക്ക് ചോദിക്കാനുള്ളത് എയര് ഇന്ത്യയുടെ വില എത്രയാണ് നിര്മ്മലാജി? അങ്ങനെ വിലയിടാന് കഴിയുന്ന ഒന്നാണോ എയര് ഇന്ത്യ? എയര് ഇന്ത്യ രാജ്യത്തിന് നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള് കണക്കിലെടുത്താല് അതിനു വിലയിടാന് More
 
എയർ ഇന്ത്യയ്ക്കു വിലയിടാൻ നിങ്ങൾക്കാവില്ല നിര്‍മ്മലാജി !

എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വന്നു. ഏതാനും വര്‍ഷങ്ങളായി എയര്‍ ഇന്ത്യ ഭാഗികമായി വില്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട്. വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോൾ 100% ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടെ ഇന്ത്യയുടെ സ്വന്തം വിമാന കമ്പനി ഇന്ത്യയ്ക്ക് അന്യമാകും. അപ്പോഴും എനിക്ക് ചോദിക്കാനുള്ളത് എയര്‍ ഇന്ത്യയുടെ വില എത്രയാണ് നിര്‍മ്മലാജി? അങ്ങനെ വിലയിടാന്‍ കഴിയുന്ന ഒന്നാണോ എയര്‍ ഇന്ത്യ? എയര്‍ ഇന്ത്യ രാജ്യത്തിന് നല്‍കിയ, നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ കണക്കിലെടുത്താല്‍ അതിനു വിലയിടാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

മൂന്ന് കോടിയിലധികം ഇന്ത്യക്കാര്‍ പ്രവാസികളായി ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. ഇവരില്‍ ഭൂരിപക്ഷവും എയര്‍ ഇന്ത്യ വിമാനത്തിലാണോ പോകുന്നതും വരുന്നതെന്നും ചോദിച്ചാല്‍ അല്ല എന്നാവും ഉത്തരം. പക്ഷെ എയര്‍ ഇന്ത്യയില്‍ കയറാത്തവര്‍ പോലും കയറുന്ന ഒരു സമയം ഉണ്ട്. ഒത്തിരി പിറകിലേക്ക് ഒന്നും പോകേണ്ട. രണ്ടോ മൂന്നോ ദിവസം മുന്‍പുള്ള വാര്‍ത്ത എടുത്തു നോക്കിയാല്‍ കാണാം. കൊറോണ ഭീതിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ചൈനയിലെ വുഹാനില്‍ നിന്നും അവിടെയുള്ള ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ എത്തുകയും വീണ്ടും ചൈനയിലേക്ക് പോവുകയും ചെയ്തു.

1990ല്‍ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ അവിടെ ഒറ്റപ്പെട്ടു പോയ ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാരെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ രാജ്യത്തേക്ക് സുരക്ഷിതരായി എത്തിച്ചത്. ഒരു യുദ്ധ ഭൂമിയിലേക്ക് യാത്ര വിമാനങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ലോക ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു. വെണ്ടിയുണ്ടകളെയും മിസൈലുകളെയും വക വെയ്ക്കാതെ വ്യക്തമായ ആശയവിനിമയം പോലും സാധ്യമാകാതെ 63 ദിവസം കൊണ്ട് 488 തവണ വിശ്രമമില്ലാതെ 4,117 കിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും പറന്ന എയര്‍ ഇന്ത്യ ആ യുദ്ധഭൂമിയില്‍ നിന്നും അസാധ്യമെന്ന് ഐക്യരാഷ്ട്രസഭ വരെ പറഞ്ഞ കാര്യം സാധ്യമാക്കി ഇന്ത്യയുടെ യശസ്സുയര്‍ത്തി. ഒരു യുദ്ധഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകളെ രക്ഷിച്ച യാത്ര വിമാന സര്‍വീസ് എന്ന ഗിന്നസ് ലോക റെക്കോര്‍ഡിനും എയര്‍ ഇന്ത്യ അര്‍ഹരായി. അക്ഷയ് കുമാര്‍ നായകനായ ‘എയര്‍ ലിഫ്റ്റ്‌’ എന്ന ബോളിവുഡ് ചിത്രം ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു.

കാലങ്ങള്‍ കടന്നു പോയപ്പോള്‍ എയര്‍ ഇന്ത്യ സര്‍ക്കാരിനു വെള്ളാനയായി മാറി. എയര്‍ ഇന്ത്യ വിമാനം വൈകി വരുന്നതും യാത്രക്കാർ ബഹളം വെയ്ക്കുന്നതും പ്രതിഷേധിക്കുന്നതും വാര്‍ത്തയായി. എയര്‍ ഇന്ത്യ രാജ്യത്തിന് നാണക്കേടാണെന്ന് വരെ മാധ്യമങ്ങള്‍ പറഞ്ഞു. പക്ഷെ സര്‍ക്കാരിനു പിന്നെയും എയര്‍ ഇന്ത്യയെ ആശ്രയിക്കേണ്ടതായി വന്നു.

2006ല്‍ ഇസ്രയേലും ലെബനനും തമ്മില്‍ പ്രശ്നം രൂക്ഷമായപ്പോള്‍ അവിടെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള 2,300 ഇന്ത്യക്കാരെയും നിരവധി ശ്രീലങ്കന്‍, നേപ്പാള്‍ പൗരന്മാരെയും നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വീണ്ടും രംഗത്തിറങ്ങി. ഏറെ ദുഷ്ക്കരമായിരുന്നെങ്കിലും നാവിക സേനയുടെ സഹായത്തോടെ എയര്‍ ഇന്ത്യ ആ ദൗത്യം വിജയിപ്പിച്ചു.

യുദ്ധം അവസാനിച്ച് സമാധാനം കൈവന്നതോടെ എയര്‍ ഇന്ത്യ വീണ്ടും രാജ്യത്തിൻറെ കണ്ണിലെ കരടായി. അതിന്റെ രക്തത്തിനായി പലരും ദാഹിച്ചു. സ്വകാര്യ വിമാന കമ്പനികള്‍ക്കായി അധികാരികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് എയര്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തു.

പക്ഷെ എയര്‍ ഇന്ത്യയുടെ വില മനസിലാക്കുന്നതിനായി കാലം തന്‍റെ കളിത്തട്ടില്‍ പിന്നെയും ദൗത്യങ്ങള്‍ ഒരുക്കി വെച്ചിരുന്നു. 2014ല്‍ ഐഎസ്ഐഎസിന്‍റെ പിടിയിലകപ്പെട്ട 46 ഇന്ത്യന്‍ നഴ്സുമാര്‍ക്ക് തുണയായത് എയര്‍ ഇന്ത്യയായിരുന്നു. അന്നത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴി കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ധരിപ്പിച്ചു. ഇറാക്കിലെ ഇന്ത്യന്‍ എംബസി വഴി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ അവരെ രക്ഷിക്കുകയായിരുന്ന. (ആ സംഭവത്തെ ആസ്പദമാക്കിയാണ് 2017ല്‍ മഹേഷ്‌ നാരായണന്‍ നടി പാര്‍വതിയെ നായികയാക്കി ‘ടേക്ക് ഓഫ്‌’ എന്ന ചിത്രമൊരുക്കിയത്.) അടുത്ത വര്‍ഷം 2015ല്‍ സൗദി യമനുമായി യുദ്ധ സമാനമായ സാഹചര്യം ഒരുങ്ങിയപ്പോഴും 4,600 ഇന്ത്യക്കാര്‍ക്കും യുഎസ്, യുകെ, ഫ്രാന്‍സ് അടക്കം 41 രാജ്യത്തെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനുമായി എയര്‍ ഇന്ത്യ ഇന്ത്യന്‍ വ്യോമസേനയുമായി കൈകോര്‍ത്തു. പിന്നീട് ഇതാ ‘തൂക്കി വില്‍ക്കാന്‍’ വെച്ച ഈ നേരത്ത് ചൈനയിലേക്ക് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു സംഘം ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയേക്കുന്നു. പക്ഷെ എന്ത് കാര്യം? എന്ത് നല്ല പ്രവൃത്തി ചെയ്താലും കുറ്റം മാത്രമാണ് എയര്‍ ഇന്ത്യക്ക് അന്നും ഇന്നും ബാക്കി.

മറ്റുള്ള വിമാന കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ കാര്‍ഗോ സേവനത്തിനായി ഈടാക്കുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം ജെറ്റ് എയര്‍വേയ്സ് അടച്ചു പൂട്ടിയപ്പോള്‍ അവര്‍ ചെയ്തിരുന്ന കാര്‍ഗോയും മറ്റ് ഫ്ലൈറ്റ് ഹാന്‍ഡിലിംഗ് സേവനങ്ങളും ഏറ്റെടുത്തത് എയര്‍ ഇന്ത്യ ആയിരുന്നു. യാത്രയ്ക്ക് വന്ന ശേഷമാണ് പലരും ടിക്കറ്റിന്‍റെ കോപ്പി എടുക്കാന്‍ അതാത് വിമാന കമ്പനികളുടെ കൗണ്ടറുകളെ സമീപിക്കുക. ഒരു ടിക്കറ്റ്‌ കോപ്പി എടുക്കുന്നതിനു നൂറു മുതല്‍ നൂറ്റിയന്‍പത് രൂപ വരെ സ്വകാര്യ കമ്പനികള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുമ്പോള്‍ സൗജന്യമായാണ് എയര്‍ ഇന്ത്യ ടിക്കറ്റിന്റെ കോപ്പി എടുത്ത് നല്‍കുന്നത്.

എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരനായി ഞാന്‍ ഒരു വര്‍ഷക്കാലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി നോക്കിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ കൊണ്ട് വിമാനം പുറപ്പെടാന്‍ താമസിക്കുമ്പോഴും മോശം കാലാ വസ്ഥയെത്തുടര്‍ന്ന് കോഴിക്കോടോ തിരുവനന്തപുരത്തോ ഇറങ്ങേണ്ട വിമാനം കൊച്ചിയില്‍ വന്നിറങ്ങിയാലും വളരെ വലിയ പ്രതിഷേധം സൃഷ്ടിക്കുന്ന യാത്രികരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ കാണാറുണ്ട്. പലപ്പോഴും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ വരെ മുതിരുന്ന ഘട്ടത്തില്‍ ഇടപെടേണ്ടതായി വന്നിട്ടും ഉണ്ട്. ഇതേ സമയം തന്നെ മറ്റു കമ്പനികളുടെ വിമാനവും വൈകി ഓടുകയും മോശം കാലാവസ്ഥയെത്തുടര്‍ന്ന് വേറെ വിമാനത്താവളങ്ങളില്‍ പോയി ഇറങ്ങുകയും ചെയ്യാറുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധമോ എതിര്‍പ്പോ ഉണ്ടാകാറില്ല. ഇതിന്‍റെ കാരണം എയര്‍ ഇന്ത്യ സര്‍ക്കാര്‍ വാഹനമാണല്ലോ. സര്‍ക്കാര്‍ സേവനമെല്ലാം തല്ലിപ്പൊളിയാണല്ലോ എന്ന ‘ക്ലീഷേ’ ചിന്താഗതിയില്‍ നിന്നുയര്‍ന്നു വരുന്ന പ്രതിഷേധം മാത്രമാണ്. എന്നാല്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കുന്നത് കൊണ്ട് മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ആരും ചിന്തിക്കാത്തത് എന്തുകൊണ്ടാണ് ?

എയര്‍ ഇന്ത്യ ക്യാബിന്‍ ജീവനക്കാരുടെ കാര്യം വരുമ്പോഴാണ് മറ്റൊരു തരം താഴ്ത്തല്‍. പ്രായമായ പലരും ക്യാബിന്‍ ജീവനക്കാരായി വരുന്നത് ഭൂരിപക്ഷത്തിന് ഇഷ്ടമല്ല. അവരുടെ ഫോട്ടോ എടുത്ത് ‘എയര്‍ ഇന്ത്യ അമ്മച്ചി’ എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ചിലര്‍ ‘ബോഡി ഷേയ്മിങ്ങ്’ നടത്തും. ശരിയാണ് മറ്റു വിമാനങ്ങളില്‍ സുന്ദരികളായ എയര്‍ ഹോസ്റ്റസുമാരെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. 35 വയസ്സാണ് അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന പരമാവധി പ്രായം. ചിലപ്പോള്‍ അതിനു മുന്‍പേ ഗ്ലാമറിന് കോട്ടം തട്ടിയാല്‍ അവര്‍ ജോലിയില്‍ നിന്ന് തെറിക്കും. എന്നാല്‍ എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ളത് പോലെ 58 വയസു വരെ ജോലി ചെയ്യാം. 2003ല്‍ 50 വയസ്സ് വരെയായിരുന്നത് സര്‍ക്കാര്‍ എട്ടു വര്‍ഷം കൂടി നീട്ടി 58 വയസ്സ് വരെ ആക്കുകയായിരുന്നു.

പലരും പറഞ്ഞു കേട്ടിട്ടുണ്ട് ആ പൈലറ്റ്‌ മോശമായിരുന്നത് കൊണ്ടാണ് വിമാനം അവിടെ ഇറക്കാതെ ഇവിടെയിറക്കിയത്, ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവരാണ് അവര്‍ എന്നിട്ടും ജോലി കുറവാണ് എന്നൊക്കെ. എയര്‍ ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന പൈലറ്റുമാരും ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച പരിചയസമ്പന്നരാണ്. എയര്‍ ഇന്ത്യയില്‍ മാത്രമല്ല മറ്റു വിമാന കമ്പനികളിലും വ്യോമസേനയില്‍ നിന്നും വിരമിച്ചവര്‍ ജോലി ചെയ്യുന്നുണ്ട്. ക്ഷണനേരം കൊണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനും പ്രതികൂല സാഹചര്യങ്ങളില്‍ പോലും ഉചിതമായ കാര്യങ്ങള്‍ ചെയ്യാനും കഴിവുള്ളവരാണ് അവരെന്ന് ഇനിയെങ്കിലും മനസിലാക്കുക. അവരുടെ കഴിവും ആത്മവിശ്വാസവും തന്നെയാണ് കൊടുമ്പിരി കൊണ്ട യുദ്ധഭൂമിയിലും മിസൈലുകളെക്കാള്‍ അപകടകാരികളായ വൈറസുകള്‍ ഉള്ള പ്രദേശങ്ങളിലും പോയി നമ്മുടെ പൗരന്മാരെ രക്ഷിച്ചെടുക്കാനുള്ള കൈമുതല്‍. നിലവില്‍ ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കാണ്. മറ്റുള്ള കമ്പനികള്‍ ശമ്പള സ്കെയില്‍ ഉയര്‍ത്തുമ്പോള്‍ എയര്‍ ഇന്ത്യയിൽ അത് വെട്ടിക്കുറയ്ക്കാനുള്ള തത്രപ്പാടാണ്.

കേന്ദ്രസര്‍ക്കാരിനോട് ഒരു വാക്ക്. നിങ്ങള്‍ തൂക്കി വില്‍ക്കാന്‍ നടക്കുന്ന ഇന്ത്യയുടെ ഈ സ്വന്തം വിമാന കമ്പനിയാണ് ചരിത്രത്തില്‍ സമാനതകളില്ലാത്ത കാര്യങ്ങള്‍ ചെയ്ത് രാജ്യത്തിന്‌ മുതല്‍ക്കൂട്ടായത്. ഇതേ എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് (എയര്‍ ഇന്ത്യ വണ്‍) നമ്മുടെ പ്രധാനമന്ത്രി മറ്റു രാജ്യങ്ങളില്‍ കറങ്ങുന്നത്. മരണം ആസന്നമായിരിക്കുന്ന സമയത്ത് പോലും നമ്മുടെ പൗരന്മാരെ രക്ഷിക്കാനായി കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ രക്ഷിക്കുക. കാരണം യുദ്ധവും പ്രതിസന്ധികളും ഇനിയും ഉണ്ടാകും. നമ്മുടെ പൗരന്മാര്‍ മറ്റു രാജ്യങ്ങളില്‍ ഇനിയും ഒറ്റപ്പെട്ടു പോയേക്കാം. പക്ഷെ അപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിളിപ്പുറത്ത് എയര്‍ ഇന്ത്യ ഉണ്ടാകണമെന്നില്ല. എയര്‍ ഇന്ത്യ പോലെ നഷ്ടത്തിലോടുന്ന വെള്ളാനയ്ക്ക് വേണ്ടി ജനങ്ങളുടെ നികുതിപ്പണം എന്തിനു ചെലവാക്കണമെന്ന് ചില ഫേസ്ബുക്ക്‌, വാട്സപ്പ് ജീവികള്‍ ചോദിക്കുന്നത് കണ്ടു. എയര്‍ ഇന്ത്യക്കും നാല്പതും അന്‍പതും വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊണ്ട പല കമ്പനികളും ലാഭാത്തിലായതും എയര്‍ ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും ഭരണാധികാരികളുടെ പിടിപ്പുകേട് കൊണ്ടാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എയര്‍ ഇന്ത്യയെ രക്ഷിക്കാനായി എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ മൗനമായിരിക്കും ഉത്തരം. ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെ വില്‍ക്കാന്‍ തുനിയുന്ന നിങ്ങള്‍ക്ക് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലോ സ്വകാര്യവത്ക്കരിക്കുന്നതിലോ ഒരു പ്രശ്നവും ഉണ്ടാകില്ല. പ്രശ്നം മുഴുവന്‍ ആ സ്ഥാപനത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് സ്ഥിരം ജീവനക്കാര്‍ക്കും അതിലും എത്രയോ ഇരട്ടി വരുന്ന താത്കാലിക ജീവനക്കാര്‍ക്കുമാണ്.

അമ്പു സേനന്‍

(ലേഖകന്‍ എയര്‍ ഇന്ത്യയിലെ മുന്‍ കരാര്‍ ജീവനക്കാരനാണ്)