in

ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവിയായി വിദ്യാബാലൻ 

ഹ്യൂമൺ കമ്പ്യൂട്ടർ എന്ന് ലോകം വിസ്മയത്തോടെ വിശേഷിപ്പിച്ച ശകുന്തളാദേവിയുടെ ജീവിതം സിനിമയാകുന്നു. ഗണിതലോകത്തെ അസാമാന്യപ്രതിഭയ്ക്ക് ജീവൻ നൽകുന്നത് വിദ്യാബാലനാണ്.

ഒരു യാഥാസ്ഥിതിക കന്നഡ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശകുന്തളാദേവി നന്നേ ചെറുപ്പത്തിലേ കണക്കിൽ തന്റെ പ്രതിഭ തെളിയിച്ചു തുടങ്ങിയിരുന്നു. അതിസങ്കീർണമായ കണക്കുകൾ ഞൊടിയിടയിൽ മനക്കണക്കായി ചെയ്ത അവർ ആളുകളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പിതാവാണ് അവരുടെ സവിശേഷമായ കഴിവുകൾ തിരിച്ചറിയുന്നതും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതും. ഔപചാരിക ഗണിതശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പിന്തുണയോടെയല്ല തന്റെ കഴിവുകൾ അവർ വികസിപ്പിച്ചെടുത്തത് എന്നതാണ് ശ്രദ്ധേയം.

1950 കളിൽ യൂറോപ്പിലും 1970 കളിൽ അമേരിക്കയിലുമായി നടത്തിയ നിരവധി യാത്രകളിലൂടെ അവർ ലോകത്തെ ഞെട്ടിച്ചു. 1988 ഇൽ കാലിഫോർണിയ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായ ആർതർ ജെൻസനുമുന്നിൽ നടത്തിയ ഒരു ഗണിതശാസ്ത്ര പ്രകടനം അവരെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിക്കുകയായിരുന്നു. 61,629,875 ന്റെ ക്യൂബ് റൂട്ടും 170,859,375 ന്റെ സെവൻത് റൂട്ടുമെല്ലാം ചോദിച്ച  പ്രൊഫസറുടെ മുന്നിൽ സെക്കൻഡുകൾക്കുള്ളിൽ മറുപടിയെത്തി. 315,15 എന്നീ ഉത്തരങ്ങൾ, താൻ തന്റെ നോട്ടു പുസ്തകത്തിൽ കുറിച്ചുവെയ്ക്കുന്നതിനു മുൻപ് തന്നെ ശകുന്തളാദേവി പറഞ്ഞുകഴിഞ്ഞെന്ന് പ്രൊഫസർ റിപ്പോർട്ട് ചെയ്തു. ഇന്റലിജൻസ് എന്ന അക്കാദമിക് ജേണലിൽ പിന്നീട് പ്രൊഫസറുടെ അനുഭവം പ്രസിദ്ധീകരിച്ചു വന്നു. രസകരമായ ജീവിതമാണ് ശകുന്തളാദേവിയുടേത്. പരമ്പരാഗതമായി പൂജാരികളായിരുന്നു കുടുംബമെങ്കിലും പൂജാരിയാകാൻ വിസമ്മതിച്ച്‌ സർക്കസിൽ ട്രപ്പീസ് കളിക്കാരനും മജീഷ്യനും ടൈറ്റ് റോപ്പ് വോക്കറുമെല്ലാമായി മാറിയ കൗതുകകരമായ ചരിത്രമാണ് അവരുടെ പിതാവിനുള്ളത്.

മിഷൻ മംഗൾ പൂർത്തിയായാൽ ഉടൻ ശകുന്തളാദേവിയുടെ ചിത്രീകരണം തുടങ്ങുമെന്നും ഏറെ ആവേശത്തോടെയാണ് ഈ ഓഫർ സ്വീകരിച്ചതെന്നും വിദ്യബാലൻ  പറഞ്ഞു. ഗണിതശാസ്ത്ര പ്രതിഭകളെക്കുറിച്ചുള്ള മുൻധാരണകളെല്ലാം തിരുത്തുന്ന പ്രത്യേകതകൾ ഉൾച്ചേർന്ന വ്യക്തിത്വമായിരുന്നു ശകുന്തളാദേവിയുടേതെന്നും അപാരമായ ഹ്യൂമർ സെൻസാണ് അതിൽ പ്രധാനമെന്നും വിദ്യ കൂട്ടിച്ചേർത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഒമാനിൽ സന്ദർശക വീസയിൽ  പോകുന്നവർ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്‌സ്

എലിപ്പനി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം