in ,

50 മണിക്കൂർ ഭൂമിക്കടിയിലെ ശവപ്പെട്ടിയിൽ, വൈറൽ വീഡിയോ കാണാം

ജീവനോടെ അടക്കം ചെയ്യുക എന്ന് കേട്ടിട്ടില്ലേ? അതങ്ങ് അക്ഷരംപ്രതി യാഥാർഥ്യമായാലോ… മിസ്റ്റർ ബീസ്റ്റിൻ്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. അബദ്ധത്തിൽ പറ്റിപ്പോയ ഒരു കാര്യത്തെപ്പറ്റിയല്ല ഇവിടെ പറയുന്നത്. വാർത്ത സൃഷ്ടിക്കാനും കാണികളെ അമ്പരപ്പിക്കാനും ഒരു യൂട്യൂബർ മന:പൂർവം ചെയ്ത സാഹസിക കൃത്യത്തെ കുറിച്ചാണ്. ശവപ്പെട്ടിയിൽ അടച്ച് മണ്ണിൽ അടക്കം ചെയ്ത നിലയിൽ അമ്പതു മണിക്കൂർ കഴിയുക! ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റാണ് ഈ അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ ഡ്രാമയിലെ നായകൻ.

ജീവനോടെ കുഴിച്ചിട്ടു എന്ന് കേൾക്കുമ്പോൾതന്നെ നമ്മളിൽ മിക്കവരുടെയും കാറ്റ് പോവുന്ന നേരത്താണ് മിസ്റ്റർ ബീസ്റ്റ്- യഥാർഥ പേര് ജിമ്മി ഡൊണാൾഡ്സൺ – തന്റെ അമ്പത്തേഴര ദശലക്ഷം വരുന്ന യൂട്യൂബ് ഫോളോവേഴ്സിനായി ജീവൻ പണയം വെച്ചുള്ള ഈ കളിക്കിറങ്ങിത്തിരിച്ചത്. ഭൂമിക്കടിയിൽ കുഴിച്ചിട്ട ഒരു പെട്ടിക്കകത്ത് രണ്ട് ദിവസത്തിലധികം ‘ഇഹലോകവാസം വെടിഞ്ഞ് ‘ അയാൾ കഴിച്ചുകൂട്ടിയതിൻ്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. 50 മണിക്കൂറിൽ കൂടുതൽ ഷൂട്ട് ചെയ്ത ഭൂഗർഭ വീഡിയോയിൽ നിന്ന് എക്‌സ്‌ട്രാക്റ്റ് ചെയ്തെടുത്ത 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ലോകമെങ്ങും വൈറലായിക്കഴിഞ്ഞു.

സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ, ശവപ്പെട്ടിക്കുള്ളിൽ പെട്ട് കിടക്കുന്ന മിസ്റ്റർ ബീസ്റ്റിനെ കാണാം.
”ഇഹലോകത്തുള്ള” സുഹൃത്തുക്കളുമായി സംസാരിക്കാൻ ഒരു ഹാൻഡ്‌ഹെൽഡ് ഉപകരണമാണ് അയാൾ ഉപയോഗിക്കുന്നത്. “എനിക്ക് എൻ്റെ ശരീരം ചലിപ്പിക്കണമെന്നുണ്ട്, പക്ഷേ കഴിയുന്നില്ല,” എന്ന് അയാൾ പറയുന്നത് കേൾക്കാം. ഉള്ളിൽ ഫിറ്റ് ചെയ്ത ക്യാമറയിലൂടെ അയാളുടെ പരിമിതമായ ചലനങ്ങൾ നമുക്ക് കാണാം. ഒരു പുതപ്പും തലയിണയും കുറച്ച് ഭക്ഷണവുമാണ് “പരേതാത്മാക്കളുടെ ലോകത്ത് ” മിസ്റ്റർ ബീസ്റ്റിനുള്ള ലക്ഷ്വറികൾ!

ജീവിതത്തിൽ ചെയ്തതിൽ വെച്ച് ഏറ്റവും ഭ്രാന്തമായ കാര്യമാണ് ശവപ്പെട്ടിക്കുള്ളിലെ രണ്ട് ദിവസത്തെ താമസമെന്ന് മിസ്റ്റർ ബീസ്റ്റ് പറയുന്നു.
5 കോടി വ്യൂസും 1.8 ലക്ഷത്തിലധികം കമന്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്.
അനുയായികളെ  ആനന്ദിപ്പിക്കാനായി  വീഡിയോകൾ അങ്ങേയറ്റം പുതുമ നിറഞ്ഞതാക്കാനുള്ള മിസ്റ്റർ ബീസ്റ്റിൻ്റെ അപകടകരമായ ആത്മാർഥത അമ്പരപ്പിക്കുന്നതാണെന്ന് ചിലർ പ്രതികരിക്കുന്നു. ദശലക്ഷക്കണക്കിന് ഡോളർ ചാരിറ്റിയായി നൽകുന്ന, ലോകമെമ്പാടും സഞ്ചരിക്കുന്ന മിസ്റ്റർ ബീസ്റ്റിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് തൊണ്ണൂറ് ശതമാനം പ്രതികരണങ്ങളും.  

യൂട്യൂബ് വീഡിയോകളിലൂടെ ആഗോള പ്രശസ്തി നേടിയ താരമാണ് മിസ്റ്റർബീസ്റ്റ്. ഏറെ ജനപ്രിയമാണ് അദ്ദേഹത്തിൻ്റെ വീഡിയോകൾ. 2017-ൽ പുറത്തിറക്കിയ “ഐ കൗണ്ടഡ് ടു 100000!” എന്ന വൈറൽ വീഡിയോയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബ്ലൂംബർഗിൻ്റെ റിപ്പോർട്ട് പ്രകാരം പോസ്റ്റുചെയ്യുന്ന മുഴുവൻ വീഡിയോകൾക്കും 20 ദശലക്ഷത്തിലേറെ സ്ഥിരം  കാഴ്‌ചക്കാരെ അദ്ദേഹത്തിന്  ലഭിക്കാറുണ്ട്. ഏറ്റവും വലിയ യൂട്യൂബ് താരങ്ങൾക്കിടയിൽപ്പോലും അതൊരു റെക്കോഡാണ്.  യൂട്യൂബ് ലോകത്തെ വ്യത്യസ്തമായ ഒരു ഗ്രഹത്തിലാണ് മിസ്റ്റർ ബീസ്റ്റ് ജീവിക്കുന്നതെന്ന് യൂട്യൂബർ ആയി മാറിയ ചലച്ചിത്രകാരൻ കേസി നീസ്റ്റാറ്റ് അഭിപ്രായപ്പെടുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

എവിടെ കുറുപ്പ്?

7 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം