Movie prime

വെര്‍ച്വല്‍ ഇന്‍കുബേഷന്‍: വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) നടത്തുന്ന മൂന്നുമാസത്തെ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ വികസനവും ധനസഹായവും ഉറപ്പുവരുത്തി സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷത്തില്‍ വനിതാസാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.

വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകത്വ അഭിനിവേശമുള്ളവര്‍ക്കും വനിതകള്‍ക്കാവശ്യമായ സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേണ്ടിയാണ് 'ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് - വിമെന്‍ ലെഡ്/ വിമെന്‍ ഇംപാക്ട്  കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം 2021' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 
സ്റ്റാര്‍ട്ടപ്പുകളുടെ നൈപുണ്യ വികസനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ ശില്‍പശാലകളും മാര്‍ഗനിര്‍ദേശ സെഷനുകളും ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്യുഎമ്മിന്‍റെ  ധനസഹായവും വ്യക്തിഗത മാര്‍ഗനിര്‍ദേശവും ആഗോള നെറ്റ്വര്‍ക്ക് ബന്ധവും ഉറപ്പാക്കും.

ആശയ ഘട്ടം,  പ്രൂഫ് ഓഫ് കോണ്‍സപ്റ്റ്, മിനിമം മൂല്യ ഉല്‍പ്പന്നം,  പ്രോട്ടോടൈപ്പ്,  വിപണിക്കായി സജ്ജമായവ, സീഡ് തുടങ്ങിയ വിവിധ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 15.   വിശദവിവരങ്ങള്‍ക്ക്    https://startupmission.in/kwise/ffs/ എന്ന വെബ്സൈറ്റും അപേക്ഷിക്കുന്നതിന്  https://bit.ly/FailFastToSucceed എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.