in ,

വിവേക് പിടിച്ച പുലിവാല് 

ഐശ്വര്യറായ്  ബച്ചന്റെ ചിത്രം ഉപയോഗിച്ചുള്ള മീം ട്വിറ്ററിൽ ഷെയർ ചെയ്ത് പുലിവാലു പിടിച്ച ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ഒടുവിൽ മാപ്പു പറഞ്ഞു തടിതപ്പി. തിങ്കളാഴ്ചയാണ് സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, വിവേക് ഒബ്‌റോയ്, ആരാധ്യ എന്നിവരുടെ മൂന്ന് ചിത്രങ്ങൾ വച്ചുകൊണ്ടുള്ള മീം സാമൂഹ്യമാധ്യമങ്ങളിൽ പൊന്തിവന്നത്. 

എക്സിറ്റ് പോൾ പ്രവചനങ്ങളെ കളിയാക്കിക്കൊണ്ടുള്ള മീമിൽ ഐശ്വര്യ സൽമാനൊപ്പമുള്ള ചിത്രത്തിന് ‘ഒപ്പീനിയൻ പോൾ’ എന്നും വിവേക് ഒബ്‌റോയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രത്തിന് ‘എക്സിറ്റ് പോൾ’ എന്നും ബച്ചനും ആരാധ്യക്കും ഒപ്പമുള്ളതിന് ‘റിസൾട്ട്’ എന്നുമാണ് ക്യാപ്‌ഷനുകൾ നൽകിയിട്ടുള്ളത്. അഭിപ്രായ സർവേകളിലും എക്സിറ്റ് പോൾ പ്രവചനങ്ങളിലും കാര്യമില്ലെന്നും യാഥാർഥ്യം മറ്റൊന്നാകുമെന്നും ചിത്രീകരിക്കാനാണ് ഐശ്വര്യയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തത്. ഐശ്വര്യ-സൽമാൻ, ഐശ്വര്യ -വിവേക് ഒബ്‌റോയ് പ്രണയബന്ധങ്ങളെപ്പറ്റി ഒരുകാലത്ത് ഒട്ടേറെ ഗോസിപ്പുകൾ ബോളിവുഡിൽ പ്രചരിച്ചിരുന്നു. 

മീം വിവേക് ഒബ്‌റോയ് ഷെയർ ചെയ്തതോടെ ഒട്ടേറെ പേർ നടനെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. താരം മാപ്പുപറയണം എന്ന ആവശ്യം ഉയർന്നുവന്നു. എന്നാൽ മാപ്പുപറയില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ” പലരും പറയുന്നത് മാപ്പുപറയാനാണ്. മാപ്പുപറയുന്നതിൽ എനിക്ക് വിരോധമില്ല, പക്ഷേ എന്ത് കാര്യത്തിനാണ് ഞാൻ മാപ്പു പറയേണ്ടത്? എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പു പറയാം. എന്നാൽ തെറ്റെന്തെങ്കിലും ചെയ്തതായി ഞാൻ കരുതുന്നില്ല. ആരോ  ഒരു മീം ട്വീറ്റ് ചെയ്തു, ഞാൻ അതുകണ്ടു ചിരിച്ചു”, എന്നായിരുന്നു അതേപ്പറ്റി നടന്റെ ആദ്യ ട്വീറ്റ്. 

ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. കമ്മീഷൻ നടനെതിരെ സ്വമേധയാ കേസ് എടുക്കുന്ന ഘട്ടത്തിലാണ് നടൻ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്.” ചിലപ്പോഴൊക്കെ ഒറ്റനോട്ടത്തിൽ നിരുപദ്രകരവും രസകരവുമായി നമുക്ക് തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അങ്ങനെയാവണമെന്നില്ല. കഴിഞ്ഞ പത്തുവർഷത്തിലേറെയായി രണ്ടായിരത്തിലേറെ പെൺകുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ഞാൻ പ്രവർത്തിച്ചുവരുന്നു. ഒരു സ്ത്രീക്കും എതിരെ ഒരു കാലത്തും അനാദരവോടെ ഞാൻ പെരുമാറിയിട്ടില്ല ”  പുതിയ  ട്വീറ്റിൽ  വിവേക് ഒബ്‌റോയ് പറയുന്നു. 

മീമിനുതാഴെ താനിട്ട കമന്റുകളിൽ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടും വിധമുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പു പറയുന്നതായും ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. മീമിൽ ചിത്രീകരിക്കപ്പെട്ട വ്യക്തികൾക്കാർക്കും പരാതിയില്ലെന്നും ചില രാഷ്ട്രീയക്കാരാണ് സംഭവം വിവാദമാക്കുന്നതിന് പിന്നിലെന്നുമാണ് ഒബ്‌റോയ് പറയുന്നത്. പശ്ചിമ ബംഗാളിലെ ഒരു  ദീദി മീമിന്റെ പേരിൽ ആളുകളെ ജയിലിൽ അടയ്ക്കുന്നു. അതേപോലെ വിവേക് ഒബ്‌റോയിയേയും ഈ  മീമിന്റെ പേരിൽ ജയിലിലേയ്ക്ക് അയയ്ക്കാനാണ് ചിലരുടെ ശ്രമം, താരം കുറ്റപ്പെടുത്തി.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഫലപ്രഖ്യാപന ദിവസം വ്യാപക അക്രമ സാധ്യത; സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും

കിറ്റൈക്സിന് 1000 കോടി രൂപ വരുമാനം