in

ഇടതു സർക്കാർ ശ്രമിക്കുന്നത് കേരളത്തെ സമ്പൂർണ്ണ സാമൂഹ്യ അരാജക സംസ്ഥാനമാക്കാൻ: സുധീരൻ 

​കേരളത്തെ സമ്പൂർണ്ണ സാമൂഹ്യ അരാജക സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ഇടതുമുന്നണി സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ്  സംസ്ഥാനത്ത് പബ്ബുകൾ തുറക്കുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് മുതിർന്ന ൺഗ്രസ്സ് നേതാവ് വി എം സുധീരൻ കുറ്റപ്പെടുത്തി. രാത്രി വൈകിയും പ്രവർത്തിക്കേണ്ടി വരുന്നവർക്ക് അല്പം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിനു സൗകര്യമില്ലെന്ന പരാതി ഉണ്ടെന്നതിൻറെ അടിസ്ഥാനത്തിലാണത്രേ ഈ നീക്കം, അദ്ദേഹം പറഞ്ഞു.

പ്രകൃതിക്ഷോഭ ദുരിതബാധിതർക്ക് അർഹമായ ആനുകൂല്യങ്ങളും ആശ്വാസ നടപടികളും യഥാസമയം എത്തിക്കുന്നത് ഉൾപ്പെടെയുള്ള  ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിൽ തീർത്തും പരാജയപ്പെട്ട സർക്കാരിൻ്റെ ഏറ്റവും മുന്തിയ മുൻഗണന മദ്യ- മയക്കുമരുന്ന്  വ്യാപനമാണെന്ന് ഇപ്പോൾ തന്നെ അതിഗുരുതരമായ ആക്ഷേപം നിലനിൽക്കയാണ്. ഇതിനിടയിലാണ് പബ്ബുകൾ തുറക്കുന്നതിൽ അമിതാവേശവുമായി മുഖ്യമന്ത്രി വരുന്നത്. സ്വാഭാവികമായി പബ്ബുകൾക്ക് അനുബന്ധമായി ഡാൻസ് ബാറുകളുമുണ്ടാകും, സുധീരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ”മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക”യെന്നും ജനങ്ങൾക്ക് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന മുഖ്യമന്ത്രിയും കൂട്ടരുമാണ് ഇപ്പോൾ നടത്തിവരുന്ന വ്യാപകമായ വൻതോതിലുള്ള ‘മദ്യ വൽക്കരണ’ത്തിന് പുറമേ ഇനി പബ്ബുകൾ തുറക്കുന്നതിൻറെ വക്താക്കളായി മാറുന്നത്.

ഇത് ഏറ്റവും വലിയ ജനവഞ്ചനയാണ്. ഭരണനേതൃത്വം അനുവർത്തിച്ചുവരുന്ന കാപട്യം അതിൻറെ പാരമ്യത്തിൽ എത്തിയിരിക്കുന്നു എന്നതാണ് ഇതിലൂടെയെല്ലാം പ്രകടമാകുന്നത്.

മദ്യം ഒരു സാമൂഹ്യ വിപത്തായി മാറിയെന്ന് പ്രകടനപത്രികയിൽ പറഞ്ഞവർ മദ്യ വ്യാപനത്തിലൂടെ കേരളത്തെ വൻ വിപത്തിലേക്കാണ് തള്ളി വിട്ടിട്ടുള്ളത്.
മദ്യലഭ്യത കുറയ്ക്കുകയാണ് ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടതെന്ന ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്വം മനപ്പൂർവ്വം അവഗണിച്ചും സ്വന്തം പ്രകടന പത്രികയിലെ വാഗ്ദാനത്തെ തള്ളിപ്പറഞ്ഞു കൊണ്ടും മുന്നോട്ടുപോകുന്ന ഇടതുമുന്നണി സർക്കാരിൻറെ ലക്ഷ്യം കൂടുതൽ മദ്യവ്യാപനത്തിന് കളമൊരുക്കുക എന്നത് തന്നെയാണ്. ഇതെല്ലാം കേരളത്തെ സർവ്വനാശത്തിലേക്ക് എത്തിക്കുന്നതിന് മാത്രമാണ് പര്യാപ്തമാകുന്നത്.

ഉല്ലാസം ആഗ്രഹിക്കുന്നവർക്ക് വേണ്ടി പബ്ബുകളും സ്വാഭാവികമായി ഉണ്ടാകുന്ന അനുബന്ധ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിൻ്റെ നടത്തിപ്പുകാരും ദല്ലാൾമാരുമായി മാറുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ പേരിൽ അധികാരത്തിൽ വന്നവരാണ് എന്നതാണ് മഹാകഷ്ടമായിട്ടുള്ളത്​, സുധീരൻ പറഞ്ഞു.

മുതലാളിത്ത രാജ്യങ്ങളിലെ സാമൂഹ്യ അരാജകാവസ്ഥയിലേക്ക് കേരളത്തെയും എത്തിക്കാൻ വെമ്പൽ കൊള്ളുന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും പബ്ബുകൾ തുറക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ  കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇനിയും കൈവിടാത്തവരായ സിപിഎം കേന്ദ്രനേതൃത്വത്തിന് കഴിയുമോ എന്നതാണ് കേരളത്തിൻറെ രക്ഷ ആഗ്രഹിക്കുന്നവരെല്ലാം ഉറ്റുനോക്കുന്നത്., സുധീരൻ പറഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് യുവതലമുറ

​സംസ്ഥാന പുനരുല്‍പ്പാദന ഊര്‍ജ പുരസ്‌ക്കാരം ടെക്‌നോപാര്‍ക്കിന്