Tata
in

സൂപ്പർ ആപ്പിൽ ടാറ്റയുമായി കൈകോർക്കാൻ വാൾമാർട്ട്

Tata

റീറ്റെയ്ൽ വ്യാപാര മേഖലയിൽ ടാറ്റ ഗ്രൂപ്പ് തുടക്കമിടുന്ന
‘സൂപ്പർ ആപ്പ് ‘പദ്ധതിയിൽ കൈകോർക്കാൻ വാൾമാർട്ട് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.  ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ ആരംഭിക്കുന്ന സൂപ്പർ ആപ്പ് അപ്ലിക്കേഷനിൽ വാൾമാർട്ട്
25 ബില്യൺ ഡോളർവരെ നിക്ഷേപിക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ ആപ്പ് എന്ന ഒറ്റ ചാനലിന് കീഴിൽ തങ്ങളുടെ റീറ്റെയ്ൽ ബിസിനസ്സ് ശൃംഖലയെ മുഴുവൻ ഒരുമിച്ച് കൊണ്ടുവരാനാണ് ടാറ്റ ശ്രമിക്കുന്നത്. കരാർ നടപ്പിലായാൽ ചില്ലറ വിൽപന മേഖലയിലെ എക്കാലത്തെയും വലിയ ഇടപാടായിരിക്കും അതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.Tata

റീറ്റെയ്ൽ മേഖലയിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ സേവന ഭീമനെ സൃഷ്ടിക്കാനാണ് സൂപ്പർ ആപ്പ് ലക്ഷ്യമിടുന്നത്. 2018 മെയിൽ 16 ബില്യൺ ഡോളർ മുതൽ മുടക്കി ഫ്ലിപ്പ്കാർട്ടിൽ 66 ശതമാനം ഓഹരി വാൾമാർട്ട് സ്വന്തമാക്കിയിരുന്നു.ടാറ്റയും വാൾമാർട്ടും തമ്മിലുള്ള ചർച്ചകൾ അനുസരിച്ച് സംയുക്ത സംരംഭമായാണ് സൂപ്പർ ആപ്പ് ആരംഭിക്കുക. ടാറ്റയുടെ ഇ-കൊമേഴ്‌സ് ബിസിനസും ഫ്ലിപ്കാർട്ടും തമ്മിലുള്ള സഹവർത്തിത്വത്തെയും ഇത് സ്വാധീനിക്കും. സൂപ്പർ ആപ്പിൽ ഫ്ലിപ്പ്കാർട്ടിന്റെ ഉത്പന്നങ്ങളും ഓഫറുകളും സംയോജിപ്പിക്കും. ചില്ലറ ഉപയോക്താക്കൾക്കായുള്ള ഈ പ്ലാറ്റ്ഫോമിൽ ടാറ്റ ഗ്രൂപ്പിൻ്റെ മുഴുവൻ റീറ്റെയ്ൽ ഉത്പന്ന ഫ്രാഞ്ചൈസികളും ഉൾപ്പെടും.

ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനുസരിച്ച്, പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇരു കമ്പനികളും ഒരുമിച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിദേശ നിക്ഷേപകരെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.നിർദിഷ്ട ഇടപാടിനായി ഗോൾഡ്മാൻ സാച്ചിനെയാണ് നിക്ഷേപ ബാങ്കറായി വാൾമാർട്ട് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പർ ആപ്പിന്റെ മൂല്യം ഏകദേശം 50-60 ബില്യൺ ഡോളർ ആയിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

ടാറ്റയുടെ വിവിധ റീറ്റെയ്ൽ ബിസിനസ്സുകൾ ഒരു ചാനലിനു കീഴിൽ കൊണ്ടുവരുന്ന സൂപ്പർ ആപ്പിൽ ആരോഗ്യ സംരക്ഷണം, ഭക്ഷണം, പലചരക്ക്, ഫാഷൻ, ജീവിതശൈലി, ഇലക്ട്രോണിക്സ്, ഓവർ-ദി-ടോപ്പ് സേവനങ്ങൾ, വിദ്യാഭ്യാസം, ബിൽ പേയ്മെന്റുകൾ തുടങ്ങിയവ ഉൾപ്പെടും.

തങ്ങളുടെ ഇ-കൊമേഴ്സ് ബിസിനസ്സിന് ശക്തി പകരുന്ന കരുത്തുറ്റ ഒരു ബ്രാൻഡിൻ്റെ പിന്തുണയാണ് വാൾമാർട്ട് തേടുന്നത്. അതേസമയം, റീറ്റെയ്ൽ സബ്സിഡിയറികൾ വഴിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും നിലവിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ വിൽപന ഒറ്റ ചാനലിന് കീഴിലാക്കി, വ്യാപാരം വർധിപ്പിക്കാനാണ് ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമിനും ആമസോണിനുമെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയാണ് ലക്ഷ്യം. ജിയോ പ്ലാറ്റ്‌ഫോമിനെയും ആമസോണിനെയും അപേക്ഷിച്ച്, ടാറ്റ ഗ്രൂപ്പിന് സ്വന്തമായി ബ്രാൻഡഡ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി തന്നെ സ്വന്തമായുണ്ട്.

ടാറ്റാ ക്ലിക്ക്, സ്റ്റാർ‌ക്വിക്ക്, ടാറ്റ സ്കൈ, ക്രോമ എന്നിവ ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാണ്. സൂപ്പർ ആപ്പ് എല്ലാ റീറ്റെയ്ൽ ബിസിനസ്സുകളും ഒരു ചാനലിൽ ലയിപ്പിക്കും. ചായ, കാപ്പി, വെള്ളം, ഉപ്പ്, പയറ്, സുഗന്ധവ്യഞ്ജനങ്ങൾ, റെഡി-റ്റു-ഈറ്റ് ഭക്ഷ്യവസ്തുക്കൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ വിൽക്കുന്ന വിഭാഗമാണ് ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സ്. ടൈറ്റൻ ബ്രാൻഡിന് കീഴിലാണ് വാച്ചുകൾ, ജ്വല്ലറി, ഐ വെയറുകൾ എന്നിവ വിപണിയിൽ എത്തുന്നത്. അപ്പാരൽ, ആക്സസറി വിഭാഗമായ ട്രെൻ്റിൻ്റെ ഭാഗമായാണ് വെസ്റ്റ് സൈഡ് പ്രവർത്തിക്കുന്നത്. ടാറ്റ യൂണിറ്റ് ലാൻഡ്മാർക്ക് ബുക്ക് സ്റ്റോർ ശൃംഖലയാണ്. ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ്, ക്രോമ(500-ഓളം ബ്രാൻഡഡ് ഉത്പന്നങ്ങളുള്ള ഇലക്ട്രോണിക്സ്, ഡ്യൂറബിൾസ് റീറ്റെയ്ൽ ശൃംഖല), ടാറ്റ സ്വച്ച്, മഗഡി സോഡ കമ്പനി, അഡ്വിനസ് തെറാപ്പിറ്റിക്സ്, കാസ ഡെകർ, ടാറ്റ സെറാമിക്സ് എന്നിവയും ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള വിവിധ റീറ്റെയ്ൽ ബ്രാൻഡുകളാണ്. സൂപ്പർ ആപ്പ് യാഥാർഥ്യമാകുന്നതോടെ ഇവയെല്ലാം ഒറ്റ ചാനലിന് കീഴിലാകും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Palarivattom Bridge

വീഡിയോ: അധികാരികളെ ഇതെല്ലം ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്,കേട്ടോ?

amnesty international

കേന്ദ്ര സർക്കാർ വേട്ടയാടുന്നതായി ആരോപണം; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു