Movie prime

ദര്‍ശനങ്ങളും നവലോക സ്വപ്നങ്ങളും വീണ്ടെടുക്കാന്‍ കഴിയണം

കേട്ടാലറയ്ക്കുന്ന ഭാഷയും അതിരുവിട്ട പ്രയോഗങ്ങളും നവമാധ്യമങ്ങളിലെ പതിവു വർത്തമാനമായിരിക്കുന്നു. ജനാധിപത്യ വികാസത്തിൻ്റെ മുഖമുദ്രയായ ഒരിടം ജനാധിപത്യ വിരുദ്ധതയുടെ വിളനിലമായി മാറുന്ന പ്രവണതയാണ് കാണുന്നത്. രാഷ്ട്രീയമായ എതിരഭിപ്രായങ്ങളും ആരോഗ്യകരമായ വിമർശനങ്ങളും ജനാധിപത്യ സമൂഹത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണ്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്ന ഭാഷ തെറിവിളിയുടേതാകരുത്. ജീർണഭാഷ ജീർണതയുടെ ചെളിക്കുണ്ടിലേക്ക് പതിക്കുന്ന സമൂഹ മനസ്സിൻ്റെ കൂടി പ്രതിഫലനമാണ്. അതേപ്പറ്റിയാണ് ഡോ. ആസാദിൻ്റെ ഈ കുറിപ്പ്. …….. മേഴ്സിക്കുട്ടി അമ്മയും രമ്യ ഹരിദാസും കെ കെ രമയുമെല്ലാം സാമൂഹിക മാധ്യമങ്ങളില് ക്രൂരമായ More
 
ദര്‍ശനങ്ങളും നവലോക സ്വപ്നങ്ങളും വീണ്ടെടുക്കാന്‍ കഴിയണം
കേട്ടാലറയ്ക്കുന്ന ഭാഷയും അതിരുവിട്ട പ്രയോഗങ്ങളും നവമാധ്യമങ്ങളിലെ പതിവു വർത്തമാനമായിരിക്കുന്നു. ജനാധിപത്യ വികാസത്തിൻ്റെ മുഖമുദ്രയായ ഒരിടം ജനാധിപത്യ വിരുദ്ധതയുടെ വിളനിലമായി മാറുന്ന പ്രവണതയാണ് കാണുന്നത്. രാഷ്ട്രീയമായ എതിരഭിപ്രായങ്ങളും ആരോഗ്യകരമായ വിമർശനങ്ങളും ജനാധിപത്യ സമൂഹത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണ്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്ന ഭാഷ തെറിവിളിയുടേതാകരുത്. ജീർണഭാഷ ജീർണതയുടെ ചെളിക്കുണ്ടിലേക്ക് പതിക്കുന്ന സമൂഹ മനസ്സിൻ്റെ കൂടി പ്രതിഫലനമാണ്‌. അതേപ്പറ്റിയാണ് ഡോ. ആസാദിൻ്റെ ഈ കുറിപ്പ്.
……..
മേഴ്സിക്കുട്ടി അമ്മയും രമ്യ ഹരിദാസും കെ കെ രമയുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ക്രൂരമായ തെറിയഭിഷേകത്തിനും അക്രമത്തിനും വിധേയരാവുന്നത് നാം കണ്ടു. പൊതു രാഷ്ട്രീയ രംഗത്തു സജീവമായി നില്‍ക്കുന്നവരാണിവര്‍. ഇവര്‍ക്കു രാഷ്ട്രീയ എതിരാളികള്‍കാണും. വിമര്‍ശനങ്ങളുണ്ടാവും. രാഷ്ട്രീയത്തിലെ എതിര്‍പ്പുകള്‍ ഹീനമായ വ്യക്തിഹത്യയില്‍ എത്തരുതാത്തതാണ്.
പ്രബുദ്ധമെന്നു വിളിക്കുന്ന കേരളത്തിലെ സാക്ഷരതയുടെ നിലവാരമാണിത്. തികഞ്ഞ അസഹിഷ്ണുതയാണ് മുഖമുദ്ര. വിമര്‍ശനം ജീര്‍ണമായാല്‍ എത്രത്തോളം അധപ്പതിക്കാം എന്നതിന്റെ പരകോടിയാണിത്. ജീര്‍ണതയ്ക്കു നിദാനം രാഷ്ട്രീയ ധാര്‍മ്മികതയും ദര്‍ശനവും പൂര്‍ണമായും കൈമോശം വരുന്നതാണ്.
കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്നു രോഗശയ്യയിലായ എ കെ ജിയെ ചീത്തവിളിച്ചതു നാം കേട്ടതാണ്. അന്നു വലിയ നടുക്കമുണ്ടാക്കിയ മുദ്രാവാക്യമാണത്. പിന്നീട്, എട്ടും കെട്ടും പത്തും കെട്ടും, ഇ എം എസ്സിന്റെ ഓളേം കെട്ടും എന്നൊക്കെ വ്യക്തി വിദ്വേഷം തീര്‍ക്കുന്നതും കണ്ടിട്ടുണ്ട്. ധാര്‍മ്മിക മൂല്യങ്ങളില്‍നിന്നും അകലുന്ന വലതുപക്ഷ രാഷ്ട്രീയത്തെപ്പറ്റി സഹതപിക്കാനേ അന്നു തോന്നിയിട്ടുള്ളു.
സാമൂഹിക മാധ്യമങ്ങളുടെ വരവിനുമുമ്പ് മുദ്രാവാക്യങ്ങളിലാണ് ജനതയുടെ സര്‍ഗാത്മക പ്രതികരണം വിളഞ്ഞു കണ്ടത്. അകം ശൂന്യമായ കൂട്ടങ്ങളില്‍ മേല്‍പ്പറഞ്ഞ സ്ഖലിതങ്ങള്‍ക്ക് സാധ്യതയേറെയായിരുന്നു. ഇടതുപക്ഷം പക്ഷെ വേറിട്ടു നിന്നിരുന്നു. സര്‍ഗാത്മക പ്രതികരണങ്ങളുടെ സൗന്ദര്യം അവരുടെ അകത്തു തുടിച്ച വിപ്ലവ ദര്‍ശനത്തിന്റേതായിരുന്നു. ഇന്നിപ്പോള്‍ ഇടതേത് വലതേത് എന്നു തിരിച്ചറിയുക പ്രയാസം.
പ്രത്യയശാസ്ത്ര നഷ്ടത്തിന്റെ ആപല്‍ക്കാലം അനുഭവിക്കുകയാണ് നാം. ഒരു തരത്തിലുള്ള നൈതികതയും നമ്മെ അലട്ടുന്നില്ല. ഇതെല്ലാം ജനാധിപത്യത്തിന്റെ കണക്കിലെഴുതുന്നത് തീരെ ശരിയല്ല. ജനാധിപത്യം അതിന്റെ ധാര്‍മ്മിക സത്യസന്ധതയില്‍കൂടിയാണ് നില കൊള്ളുന്നത്. അക്കാര്യം ബോധ്യമുള്ള രാഷ്ട്രീയ നേതൃത്വങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. പക്ഷെ, എങ്ങനെയെങ്കിലുമുള്ള വിജയത്തില്‍ കവിഞ്ഞ ഒരു ലക്ഷ്യവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. അതിന് ഏതു ഹിംസയുമാവാം എന്നാണ് അവരുടെ നിലപാട്.
സിദ്ധാന്തങ്ങളോ ജീവിത ദര്‍ശനങ്ങളോ നവലോക സ്വപ്നങ്ങളോ അസ്വസ്ഥമാക്കാത്ത ഒരു ജനതയെ സൃഷ്ടിക്കുക എന്നത് മുതലാളിത്ത മത്സരങ്ങളുടെ അജണ്ടയാണ്. വാസ്തവത്തെ അവര്‍ ചിതറിക്കും. മിഥ്യകളില്‍ ഭ്രമിപ്പിക്കും. ഒത്തുചേരാനുള്ളവരെ അന്യോന്യ ശത്രുക്കളാക്കും. സാക്ഷരത നല്‍കി അവാസ്തവങ്ങളുടെ പ്രചാരകരാക്കും. നവലിബറല്‍ സത്യാനന്തര കാലത്തിന്റെ നടത്തിപ്പുകാരാക്കും. ആരുടെയോ ഉപകരണങ്ങളായി മഹത്തായ ചരിത്രമുള്ള പ്രസ്ഥാനങ്ങള്‍പോലും അധപ്പതിക്കും.
ഈ ജീര്‍ണ രാഷ്ട്രീയം ഹിംസയുടെതാണ്. ദര്‍ശനങ്ങളും നവലോക സ്വപ്നങ്ങളും വീണ്ടെടുക്കാന്‍ നമുക്കു കഴിയണം. നൈതിക ശോഭയുള്ള സര്‍ഗാത്മക രാഷ്ട്രീയംകൊണ്ടേ ജീര്‍ണതകളെ നേരിടാനാവൂ. പക്ഷംപിരിഞ്ഞു തെറിവിളികളിക്കുന്ന കൂട്ടരില്‍ ഒരു പക്ഷത്തോടും അനുഭാവം തോന്നേണ്ടതില്ല. ആയുധമണിഞ്ഞ ഹിംസയെക്കാള്‍ അശ്ലീലമായ യുദ്ധമാണിത്. കേരളീയ ജീവിതം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തെറ്റിക്കാനുള്ള ബഹളങ്ങളാണവ.
സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ സംവാദ മുഖങ്ങള്‍ തിരിച്ചുവരട്ടെ. രാഷ്ട്രീയ ദര്‍ശനങ്ങള്‍ മാറ്റുരയ്ക്കട്ടെ. അതിനു പ്രാപ്തിയില്ലാത്തവരെ നാം സഹിക്കേണ്ടതില്ല.