Movie prime

എന്താണു സ്‌നേഹം?

 
 നല്ല ലോകത്തിന്റെ അടിവേരുകള്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. 

സ്‌നേഹത്തെക്കുറിച്ച് ഞാന്‍ ഏറെ ചിന്തിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സില്‍ കുമാരനാശാന്റെ വരികള്‍ കടന്നു വരും.

സ്‌നേഹത്തില്‍ നിന്നുദിക്കുന്നുലോകം
സ്‌നേഹത്താല്‍ വൃദ്ധി നേടുന്നു
സ്‌നേഹം താന്‍ ശക്തി ജഗത്തില്‍സ്വയം
സ്‌നേഹം താനാന്ദമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍ സ്‌നേഹ
വ്യാഹതി തന്നെ മരണം;

ഇത് ചണ്ഡാലഭിക്ഷുകിയിലെ വരികളാണ്. പഠിക്കുന്ന കാലത്തു തന്നെ വളരെ ഇഷ്ടപ്പെ വരികള്‍. സ്‌നേഹവ്യാഹതി തന്നെ മരണം എന്നാണ് കവി പറയുന്നത്. വ്യാഹതി എന്നാല്‍ തടസ്സം പ്രതിബന്ധം എന്നൊക്കെയാണ് അര്‍ത്ഥം. അങ്ങനെ ഒരു അവസ്ഥയുണ്ടോ? ഉണ്ടാകുമോ? അതോ മനസ്സിന്റെ തോന്നല്‍ മാത്രമാണോ? അതു സംഭവിച്ചാല്‍ പ്രകൃതിതന്നെയില്ലാതാകും. കാരണം എല്ലാം ആവിര്‍ഭവിക്കുന്നതും നിലനില്‍ക്കുന്നതും സ്‌നേഹത്തില്‍ നിന്നാണല്ലോ.
സൃഷ്ടിക്ക് ആധാരമായ ശക്തിവിശേഷം സ്‌നേഹമാണെങ്കില്‍ അതിനു പരിമിതികളില്ലേ? അതോ സൃഷ്ടിക്കുമപ്പുറം നില്‍ക്കുന്ന മഹാശ്യൂന്യത എന്ന ബ്രഹ്മം തന്നെയാണോ സ്‌നേഹം? എങ്കില്‍ പരിമിതമായ മനസ്സുകൊണ്ട് സാക്ഷാത്കരിക്കാനാകുന്ന ഒന്നാണോ അത്? സര്‍വ്വത്തിലും നിറഞ്ഞിരിക്കുന്ന സര്‍വവ്യാപിയായ സൂക്ഷ്മഗ്രാഹിയാണ് സ്‌നേഹം എന്നു മനസ്സിലാക്കുന്നത് സുഖമുള്ള അറിവാണ്.

shantimanthramഈ പ്രപഞ്ചം ഉണ്ടായത് സ്‌നേഹത്തില്‍ നിന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അതിനു നാശം വരുന്ന പ്രശ്‌നമേയില്ല. ഒരിക്കലും നാശം സംഭവിക്കാത്ത പ്രതിഭാസമാണ് സ്‌നേഹം. പലരും സ്‌നേഹത്തെ പലരീതിയില്‍ നോക്കിക്കണ്ടിട്ടുണ്ട്. പലതരത്തില്‍ വിശേഷിപ്പിച്ചിട്ടുമുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഗോഡ് ഈസ് ട്രൂത്ത്; ഗോഡ് ഈസ് ലവ് എന്നത്. പരിമിതിക്ക് അപ്പുറം നില്‍ക്കുന്ന സത്യമാണ് സ്‌നേഹം.

സദാ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മനസ്സുകൊണ്ട് സ്‌നേഹത്തെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് എന്താണു സ്‌നേഹം എന്നു നമുക്കു പറയാനാകാത്തത്. പറയണമെങ്കില്‍ നമുക്കു ഭാഷയെ കൂട്ടുപിടിച്ചേ മതിയാകൂ. ഭാഷയാകട്ടെ മനസ്സിന്റെ സൃഷ്ടിയുമാണ്. അതുകൊണ്ടു തന്നെ അതിനു പരിമിതികള്‍ ധാരാളമുണ്ടുതാനും. എങ്കിലും ആ കാഴ്ചപ്പാടില്‍ സമീപിക്കുകയാണെങ്കില്‍ ഏറ്റവും  അനുഭൂതിനിറഞ്ഞ അവസ്ഥയെയാകും സ്‌നേഹമായി പരിഗണിക്കുക. എന്നാല്‍ ഇതാണോ സ്‌നേഹം? അതിനപ്പുറത്തു നിറഞ്ഞു നില്‍ക്കുന്ന ദ്വൈതമല്ലാത്ത അതായത് രണ്ടല്ലാത്ത ഒന്നായി നില്‍ക്കുന്നതല്ലേ സ്‌നേഹം?

യോഗം പോലെയുള്ള തത്വചിന്തകളില്‍ സ്‌നേഹത്തെ കാണുന്നത് മനസ്സുകൊണ്ട് അറിയാന്‍ കഴിയാത്ത ഒരു പ്രതിഭാസമായാണ്. കാരണം മനസ്സിന് തരംതിരിവുകള്‍ ഉണ്ടാക്കുന്ന പ്രവണതയുണ്ട്. അതുകൊണ്ടുതന്നെ അതിനതീതമായി നില്‍ക്കുന്ന സ്‌നേഹത്തെ അതിന്റെ വ്യാപ്തിയില്‍ മനസ്സിലാക്കാന്‍ പറ്റില്ലെന്നാണ് യോഗം പറയുന്നത്. അപ്പോള്‍ എങ്ങനെ സ്‌നേഹത്തെ മനസ്സിലാക്കാം?

Santhiprasadആ ചോദ്യത്തിനു യോഗം മുന്നോട്ടുവയ്ക്കുന്ന ഏക ഉത്തരം മനസ്സിനെ ഉപേക്ഷിക്കുക എന്നതാണ്. അപ്പോള്‍ ഞാനും എന്നില്‍ നിന്ന് അന്യമായതുമായ ഒന്നുമില്ലെന്ന അറിവ് സ്വാഭാവികമായും ഉണ്ടാകും. ഞാന്‍ എന്ന ബോധമുപയോഗിച്ചാണ് ഓരോ വ്യക്തിയും തന്റെ ലോകം കെട്ടിപ്പടുക്കുന്നത്. അതു നിലനിര്‍ത്താന്‍ അളവറ്റ വീറും വാശിയും അധ്വാനവും വിനിയോഗിക്കപ്പെടാറുണ്ട്. അതിന്റെ ഫലമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് ജീവിതഭാരം. ആ ഭാരം ഇറക്കിവയ്ക്കാന്‍ കഴിഞ്ഞാലുണ്ടാകുന്ന വിശ്രാന്തിയെത്തുടര്‍ന്നു സംഭവിക്കുന്ന ആനന്ദപ്രവാഹത്തിലൂടെയാണ് സ്‌നേഹത്തിലേക്കു കടക്കുക. അവിടെ മനസ്സ് നിശ്ചലമാകുന്നു. അപ്പോള്‍ രണ്ടെന്ന ഭാവം ഇല്ലാതെയാകുന്നു. അത് അനുഭൂതികള്‍ക്കുമപ്പുറമാണ്. അതിനെ ഒരു അവസ്ഥ എന്നുപോലും പറയാനാവില്ല. മറിച്ച് മനസ്സിന്റെ ഒരു വികാരമായി സ്‌നേഹത്തെ എടുക്കുമ്പോള്‍ അതിന്റെ മാനത്തെ നമ്മള്‍ വല്ലാതെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം പരിമിതികളുള്ള സ്‌നേഹത്തിന് കൊടുക്കല്‍ വാങ്ങല്‍ സ്വാഭാവം വന്നു ചേരാന്‍ ഒരു പ്രയാസവുമുണ്ടാകില്ല. അപ്പോള്‍ സ്വാഭാവികമായും അവിടെ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുണ്ടാകും; എനിക്കു സന്തോഷം തരുന്നതിനെ ഞാന്‍ സ്‌നേഹിക്കും. അല്ലാത്തതിനെ അവഗണിക്കും. അത്തരമൊരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരം സ്‌നേഹക്കച്ചവടത്തിന്റ പിറകേപോകുമ്പോള്‍ നഷ്ടമാകുന്നത് വിശ്രാന്തിയും ആനന്ദവുമാണ്. ഇതാണു നമുക്കു പരിചയം. ഒരുപക്ഷേ ഇതു മാത്രമേ നമുക്കറിയൂ എന്നതാണ് സത്യം.

കവികളെപ്പോലുള്ളവര്‍ ക്രാന്ത ദര്‍ശികളാണ്. അതുകൊണ്ട് സാധാരണ മനുഷ്യര്‍ കാണുന്നതിനെക്കാള്‍ ആഴത്തില്‍ വസ്തുതകളെ നോക്കിക്കാണാന്‍ അവര്‍ക്കു കഴിയും. ആ തലത്തില്‍ നിന്നുകൊണ്ടാണ് കുമാരനാശാന്‍ സ്‌നേഹത്തെ കണ്ടത്. അവിടെ വെളിവാക്കപ്പെടുന്നത് അതിവിശാലമായ ലോകമാണ്. 'സ്‌നേഹ വ്യാഹതി തന്നെ മരണം' എന്ന പ്രസ്താവനയിലൂടെ മഹാകവി ചെയ്യുന്നത് സ്‌നേഹമെന്ന അതീന്ദ്രിയ അവസ്ഥയെ വൈകാരികവും ഭൗതികവുമായ തലവുമായി ബന്ധപ്പെടുത്തുകയാണ്.

സ്‌നേഹം മനസ്സിന്റെ സുതാര്യമായ തലങ്ങളിലേക്കു കടന്നുവരുന്നത് എപ്പോഴാണെന്ന് ഉള്ളിലേക്കു നോക്കിയാല്‍ കാണാം. മനസ്സിന്റെ വ്യാപാരങ്ങളൊക്കെ അടങ്ങി ശാന്തത കൈവരുന്ന, മനസ്സിന്റെ പ്രവര്‍ത്തനം അതിന്റെ ഏറ്റവും കുറഞ്ഞ അളവില്‍ എത്തുന്ന വേളയിലാണ് ഞാനും എനിക്ക് അന്യമായ പ്രകൃതിയും ഇല്ലാത്ത അവസ്ഥയിലെത്തുക. പക്ഷേ അപ്പോഴും മനസ്സുണ്ടാകും. അത് ചലനരഹിതമായിരിക്കും. ഈ ശുദ്ധമനസ്സ് പൊരുളായ മഹാശ്യൂന്യതയുമായി ബന്ധപ്പെട്ടു അതില്‍ ലയിക്കാന്‍ തുടങ്ങുന്ന  മുഹൂര്‍ത്തത്തിലുണ്ടാകുന്ന അനുഭൂതിയാണ് നാം സ്‌നേഹമായി കണക്കാക്കുന്നത്. അതിനെത്തുടര്‍ന്ന് മനസ്സ് ആ അനുഭൂതി ഓര്‍ത്തുവയ്ക്കും.  ഉള്ളറകളില്‍ അതു മായാതെ സൂക്ഷിക്കും. അതിനായി പിന്നെയും ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യും. പുറമെ നിന്നാണ് ആ അനുഭൂതി വന്നതെന്നു കരുതി അതിനുവേണ്ടി പുറത്തേക്കു തന്നെ നോക്കിക്കൊണ്ടിരിക്കും. ഈ അന്വേഷണത്തില്‍, ലഭ്യമായ അനുഭൂതിയെ മനസ്സ് പുറമെയുള്ള വസ്തുക്കളില്‍ ആരോപിക്കും. അവ സ്വന്തമാക്കിയാല്‍ ആ അനുഭൂതി കിട്ടുമെന്നു കരുതും.

അതൊരുപക്ഷേ ഏതെങ്കിലും വ്യക്തിയാകാം, സമ്പത്താകാം, രമ്യമായ വസ്തുവാകാം. പക്ഷേ അതിന്മേല്‍ മനസ്സിനു യാതൊരു അധികാരമോ നിയന്ത്രണമോ ഉണ്ടാവുകയില്ല എന്നതാണ് വാസ്തവം. അതു മനസ്സിലാകാത്ത മനസ്സാകട്ടെ ലക്ഷ്യം കൈവരിക്കാനുള്ള യത്‌നത്തില്‍ വ്യാപൃതമായിക്കൊണ്ടിരിക്കും. അങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് ഒരിക്കലും ശാന്തത കൈവരിക്കാനാവില്ല. അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ എത്തിച്ചേരുന്നത് സ്വാര്‍ത്ഥതയുടെ തലത്തിലാവും. പിന്നെ ഒരു സാഹചര്യത്തിലും ആ യത്‌നത്തില്‍ നിന്നു പിന്മാറാന്‍ മനസ്സു തയ്യാറാവുകയില്ല. ആഗ്രഹിച്ചതു സ്വന്തമാക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കും. അതിന്റെ ഫലമായി നഷ്ടപ്പെടുന്നത് വിശ്രാന്തിയാണ്. യഥാര്‍ത്ഥ സ്‌നേഹം അനുഭവിക്കാനുള്ള സാദ്ധ്യതയാണ് അതുമൂലമില്ലാതെയാകുന്നത്. കാരണം സ്‌നേഹത്തിന്റെ ശരിയായ അവസ്ഥയില്‍ നിന്നു മാറി നമ്മുടെ സങ്കല്പത്തിലുള്ള സ്‌നേഹത്തെയാണ് ഇവിടെ മനസ്സ് തേടുക.

കാലദേശങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ മനസ്സ്. അതിന് സ്ഥിരത എന്നൊന്നില്ല. ഇതിന്റെ പ്രത്യുല്പന്നമാണ് നമ്മുടെ ജീവിത വ്യവഹാരങ്ങളില്‍ കാണുന്ന സ്‌നേഹം. ഇതില്‍ പരിപൂര്‍ണ്ണമായി മനസ്സര്‍പ്പിച്ച് ആനന്ദവും ആഹ്ലാദവും ലഭിക്കണമെന്നു പ്രതീക്ഷിച്ചാല്‍ അതു സംഭവിക്കണമെന്നില്ല. സ്വയം വിഭാവന ചെയ്ത സ്‌നേഹമില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥവരെയുണ്ടാകാം. എന്നാല്‍ സ്‌നേഹം അതിനുമപ്പുറമാണ്. അത് എങ്ങും നിറഞ്ഞു നില്‍ക്കുന്ന സത്യമാണ്.  സ്‌നേഹവ്യാഹതി തന്നെ മരണം എന്ന ദുഃഖാവസ്ഥയിലേക്ക് അതു നീങ്ങുകയില്ല.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത സമാധാനവും ശാന്തിയും നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്നു മാത്രമേ സ്‌നേഹം എന്ന തലത്തിലേക്കു പ്രവേശിക്കാനാവുകയുള്ളൂ എന്നതാണ്. അതുവരെയുള്ള സര്‍വ്വവും സ്‌നേഹത്തെക്കുറിച്ച് സങ്കല്പിച്ചുണ്ടാക്കിയിരിക്കുന്ന ആശയങ്ങളാണ്. അവയ്ക്കു സ്‌നേഹവുമായി ഒരു ബന്ധവുമില്ല. രണ്ടെന്നുള്ള ഭാവം ഇല്ലാതാവുന്നതാണ് സ്‌നേഹത്തിന്റെ വ്യാപ്തി. അപ്പോഴുണ്ടാകുന്ന അനുഭൂതി മറ്റൊന്നില്‍ നിന്നും ലഭ്യമാകുകയില്ല. അതിന് ഒരു വഴിയേയുള്ളു.

മാറിനിന്ന് മനസ്സിനെ കാണുക. അതിനെ വ്യക്തമായി അറിയുക. അപ്പോള്‍ മനസ്സിന്റെ പ്രവര്‍ത്തനം നിശ്ചലമാകും. അതിലൂടെ മാത്രമേ സ്‌നേഹം എന്ന സത്യത്തെ തിരിച്ചറിയാനാകൂ. അതിനാകുംവരെ ഭൗതികതലത്തിലെ വ്യാപാരത്തിനുള്ള ഉപാധിമാത്രമാകും സ്‌നേഹം. അതിനുമപ്പുറം പോകണമെങ്കില്‍ സ്വയം ഉള്ളിലേക്കു നോക്കണം. അപ്പോള്‍ മാത്രമാണ് സ്‌നേഹം എന്ന അനുഗ്രത്തെ, അതിന്റെ ആനന്ദനിര്‍ഝരിയെ തിരച്ചിറിയാന്‍ കഴിയൂ. അത് ലാഭനഷ്ടക്കണക്കുകള്‍ക്ക് അതീതമാണ്. ആന്തരിക വിപ്ലവമാണ്. ലോകോത്തര മുദ്രാവാക്യമായ സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നതില്‍ ഈ സ്‌നേഹസ്പന്ദനം നമുക്കു ദര്‍ശിക്കാനാകും. അതുകൊണ്ടാണ് ലോകത്തിന്റെ ഏതെങ്കിലും ഒരുകോണില്‍ ആരെങ്കിലും പട്ടിണിക്കിടക്കുമ്പോള്‍, അടിച്ചമര്‍ത്തപ്പെടുമ്പോള്‍, ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ നമുക്ക് ആകുലത അനുഭവപ്പെടുന്നത്. നല്ല ലോകത്തിന്റെ അടിവേരുകള്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്.

Top Image via Pixabay