Movie prime

ക്യൂബയോട് പറയാനുള്ളത് 

 
അഭിരാമി മോഹൻ. ബി ​ 

വടക്കേ അമേരിക്കൻ വൻകരയുടെ തെക്കേ അറ്റത്തുള്ള ചെറു ദ്വീപ് ആണ് ക്യുബ. ചൈന കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌ നിയന്ത്രിത ഭരണമുള്ള ലോകത്തെ പ്രധാനപ്പെട്ട രണ്ടാംമത്തെ രാജ്യമാണ് ക്യൂബ. ചെഗുവേരയും ഫിദൽ കാസ്ട്രോയും ചുവന്ന ക്യൂബ. മഹാമാരിയിൽ അടിപതറിയ  ഇറ്റലി പോലുള്ള രാജ്യങ്ങളെ  കൈപിടിച്ചുയർത്താൻ മെഡിക്കൽ സംഘത്തെ അയച്ച ക്യൂബ... 91% ഫലപ്രാപ്തി ഉള്ള സൊബെറാനാ അടക്കം 5 വാക്സിനുകൾ വികസിപ്പിച്ച് ദരിദ്ര രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകിയ നാടാണ്  ക്യൂബ.

എന്നാൽ ആ ക്യൂബ ഇപ്പോൾ കലാപകലുഷിതം ആണ്. മൂന്നുപതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധം. "സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളുടെ അഭാവം എന്നിവ ചൂണ്ടികാണിച്ചാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്...

"കമ്മ്യൂണിസത്തിന് ക്യൂബയെ രക്ഷിക്കാന്‍ കഴിയില്ലെന്നും, കാലഹാരണപ്പെട്ട സാമ്പത്തിക നയങ്ങൾ കടലിലെറിയണമെന്നും" പ്രതിഷേധക്കാര്‍ വാദിച്ചു.  നിലവിലെ സര്‍ക്കാറിനെ പിരിച്ച് വിട്ട് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

എന്നാൽ ഈ പ്രതിഷേധങ്ങൾ എല്ലാം അമേരിക്കന്‍  ധനസഹായത്തോടെ കാലാപകാരികള്‍ രാജ്യത്ത് മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നും, ബാഹ്യശക്തികളുടെ ടൂൾക്കിറ്റ് ആണെന്നുമൊക്കെയാണ് ക്യൂബൻ സർക്കാരിന്റെ വാദം.

2020 ഇൽ നിയന്ത്രിച്ചു  നിർത്തിയ കോവിഡ് 2021 ഓടെ ക്യൂബയിൽ പിടിവിട്ടു. ഇറ്റലി പോലുള്ള സമ്പന്ന രാജ്യങ്ങൾ കോവിഡിൽ നിലതെറ്റി വീണപ്പോൾ കൈത്താങ്ങായ ക്യൂബയ്ക്ക് പക്ഷേ സ്വന്തം രാജ്യത്തെ കോവിഡ് പ്രതിരോധങ്ങൾ പാളി. പബ്ലിക് ഹെൽത്ത് സെക്ടർ മാത്രമുള്ള ക്യൂബയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. വേണ്ടത്ര കിടക്കകളോ, മരുന്നോ ചികിത്സാ സാമഗ്രിഹികളോ ഇല്ലാതെ ജനങ്ങൾ മരിക്കുന്നു. ടാക്സി ഡ്രൈവർമാരെകാൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉള്ള രാജ്യം ആണ് ക്യൂബ. മരുന്നില്ല, ആവശ്യത്തിന് ഭക്ഷണം ഇല്ല,വെള്ളമില്ല, വെളിച്ചമില്ല ഇത്തരത്തിൽ ജീവിതസൗകര്യങ്ങൾ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഷേധം തന്നെയാണ് ക്യൂബയിലും നടക്കുന്നത്.

ക്യൂബൻ പ്രസിഡന്റ്  മിഗ്വൽ ഡയസ് കാനലിന് ഫിദൽ കാസ്ട്രോയുടെയോ, റൗൾ കാസ്ട്രോയെ പോലെയോ ഉള്ള ജനപിന്തുണയില്ല... അതിനാൽ തന്നെ പുതുതലമുറ സ്വാതന്ത്ര്യതിനു വേണ്ടി ശബ്ദമുയർത്തി. ക്യൂബൻ തലസ്ഥാനമായ സാൻ അന്റോണിയോ ദേ-ലോസ് ബാനോസിൽ നിന്നും ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ കാട്ടുതീ പോലെ ക്യൂബയിൽ ഒന്നടങ്കം വ്യാപിച്ചു.പ്രതിഷേധത്തിലുടനീളം ഭക്ഷ്യവസ്തുക്കളുടെ അഭാവത്തെ കുറിച്ചും വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്കെതിരെയും അവശ്യസാധനങ്ങളും വിലക്കയറ്റത്തിനുമെതിരെ ജനം മുദ്രാവാക്യം മുഴക്കി. 

സ്വകാര്യ ആശുപത്രികൾ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷെ ക്യൂബയിൽ ഇത്രത്തോളം കോവിഡ് പിടിമുറുക്കില്ലായിരുന്നു. പുതിയ പ്രധാനമന്ത്രി സ്വകാര്യ സംരംഭങ്ങൾക്ക് അനുമതി കൊടുക്കുന്ന ഒരു ഘട്ടത്തിൽ കൂടിയാണ് ഈ പ്രക്ഷോഭങ്ങളും നടക്കുന്നത്.

കൊറോണ വ്യാപനം മൂലം ലോകരാജ്യങ്ങളുടെ എല്ലാം സമ്പദ്‌വ്യവസ്ഥയിൽ വൻഇടിവ് സംഭവിച്ചിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ടൂറിസം പ്രധാന വരുമാന മാർഗ്ഗമായിരുന്നു ക്യൂബയുടെ കാര്യം പിന്നെ പറയാണമോ?
ടൂറിസം മേഖല നിശ്ചലമായതോടെ ആളുകളുടെ കയ്യിൽ പണമില്ലാതായി ഇതോടെ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ ... ടൂറിസത്തെ പോലെ തന്നെ ക്യൂബയുടെ മറ്റൊരു പ്രധാന വരുമാന മാർഗ്ഗമായിരുന്നു പഞ്ചസാര ഉത്പാദനവും . ലോകത്തിലെ പഞ്ചസാരകിണ്ണം എന്നറിയപ്പെട്ട ക്യൂബയിൽ ഇപ്പോൾ പഞ്ചസാര ഉല്പാദനവും കുറഞ്ഞിരിക്കുന്നു. ഇതിനൊപ്പം 1962 മുതൽ നേരിടുന്ന അമേരിക്കൻ ഉപരോധത്തെ തുടർന്ന് പതിറ്റാണ്ടുകളായി വ്യാപാര നിയന്ത്രണം നേരിടുന്ന ക്യൂബയിൽ ഡോണൾഡ് ട്രമ്പിന്റെ ഭരണകാലത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ . വിവിധ ഭക്ഷ്യവിഭവങ്ങള്‍ക്കും ക്ഷാമം നേരിടുകയാണ്. ഇക്കാരണതാലൊക്കെ ക്യൂബ സാമ്പത്തികമായി  തകർന്നു. ഈ കോവിഡ് കാലത്ത് ഇനി എന്ന് ടൂറിസം മേഖല ശക്തിപ്രാപിക്കും എന്ന അറിയാത്തിടത്തോളം ക്യൂബൻ സാമ്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവ് ഒരു ചോദ്യചിഹ്നമാണ്.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ക്യൂബന്‍ അമേരിക്കക്കാര്‍ രാജ്യത്ത് കലാപത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് ആരോപിച്ചു സര്‍ക്കാര്‍  രാജ്യത്തെ ഇന്‍റ്ർനെറ്റ്, സെൽഫോൺ ഡാറ്റ സേവനം എന്നിവ തടസ്സപ്പെടുത്തി. ഇതിനിടെ രാജ്യത്ത് പ്രതിഷേധമുയര്‍ന്നതോടെ മുൻ രാഷ്ട്രപതി റൌള്‍ കാസ്ട്രോ രാജ്യത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച  നടത്തി. റൌള്‍ കാസ്ട്രോയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ അനുകൂലികളും തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വതന്ത്ര പത്രപ്രവർത്തകർ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാരുടെയും പ്രവർത്തകരുടെയും കൂട്ടായ്മ മോവിമിയന്‍റോ സാൻ ഇസിഡ്രോയുടെ പ്രവര്‍ത്തകര്‍ എന്നിവരെല്ലാമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുള്ളത് . ഇതുവരെ നിരവധി പേർക്ക് പരിക്കേറ്റു. ഒട്ടനവധി പേരെ അറസ്റ്റ് ചെയ്തു.

വാക്‌സിൻ കൊണ്ടുവരുമെന്നും, കോവിഡ് പ്രതിരോധത്തിൽ ക്യൂബൻ മാതൃക പിന്തുടരുമെന്നുമൊക്കെ കേരള മുഖ്യമന്ത്രി പറഞ്ഞ ക്യൂബയിലാണ് വാക്‌സിനും, ഭക്ഷണത്തിനും, വെള്ളത്തിനും വേണ്ടി ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.

ദീർഘകാലമായി ഏക പാർട്ടി ഭരണത്തിൽ തളച്ചിടപെട്ട ജനത കമ്മ്യൂണിസ്റ്റ്‌ ക്യൂബയുടെ ഇരുമ്പ് മറ ഭേദിച്ചുകൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം എന്ന മുദ്രവാക്യവുമായി തെരുവിൽ ഇറങ്ങുകയാണ്. ഫുൽജെൻസിയോ ബാറ്റിസ്റ്റ യുടെ ഏകാധിപത്യത്തിനെതിരെ ഫിദൽ കാസ്ട്രോയും ചെഗുവേരയും യുദ്ധം വിജയിച്ച ചുവന്ന മണ്ണിൽ നൂറ്റാണ്ടുകൾക്കിപ്പുറം പട്ടിണിയുടെ വിലാപം ഉയർന്നു കേൾക്കുകയാണ്...

"തിരിച്ചു വന്നിടാത്ത
ദൂരയാത്രയല്ലിതെൻ സഖാക്കളെ
അടിച്ചുടച്ചിടാവതല്ല തീർച്ച
നമ്മൾ തൻ മനോബലം
കാൽവിലങ്ങുകൾ തകർത്തു
കൈകളിൽ കരുത്തുമായ്
ഉയിർത്തെണീറ്റു വന്നിടും
സമീപമാത്രയൊന്നിൽ നാം..."

ക്യൂബയോട് പറയാനുള്ളത് ഇത്ര മാത്രമാണ്.