Movie prime

ഐ ടി റൂൾസിലെ 'ട്രെയ്സബിലിറ്റി' ക്ലോസ് റദ്ദാക്കണം, വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ

 

ഫെബ്രുവരി 25-ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'വിവരസാങ്കേതിക വിദ്യാചട്ട' ത്തിലെ ട്രെയ്സബിലിറ്റി ക്ലോസ് റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ. സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണ് ട്രെയ്സബിലിറ്റി ക്ലോസ് എന്ന് വാട്സാപ്പ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

പുട്ടസ്വാമി കേസിലെ കോടതി വിധിയുടെ ലംഘനമാണ് പ്രസ്തുത ക്ലോസ് എന്നും അത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണം എന്നുമാണ് വാട്സാപ്പിൻ്റെ ആവശ്യം. ആരെല്ലാം എന്തെല്ലാം പറഞ്ഞു, ആരെല്ലാം എന്തെല്ലാം ഷെയർ ചെയ്തു എന്നതുൾപ്പെടെ ബില്യൺ കണക്കിന് മെസേജുകളുടെ ഉറവിടം കണ്ടെത്താൻ സാമൂഹ്യ മാധ്യമങ്ങളെ ബാധ്യതപ്പെടുത്തുന്ന പ്രസ്തുത ക്ലോസ് പ്രാബല്യത്തിലാവുന്നതോടെ വ്യക്തികളുടെ സ്വകാര്യത തീർത്തും ഇല്ലാതാവും.

നിയമം നടപ്പിലാവുന്നതോടെ ഉപയോക്താക്കളിൽ നിന്ന് ആവശ്യമുള്ളതിൽ അധികം ഡാറ്റ ശേഖരിക്കാൻ സാമൂഹ്യ മാധ്യങ്ങൾ നിർബന്ധിതരാവും. നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർക്ക് കൈമാറാൻ വേണ്ടി മാത്രമാണ് അനാവശ്യമായ ഈ ഡാറ്റാ ശേഖരണം. ഇത്തരം സന്ദേശങ്ങൾ ഉപയോക്താക്കൾ സ്വന്തം നിലയ്ക്ക് നിർമിച്ചതാവണം എന്നില്ല. മെസേജുകളുടെ ഉള്ളടക്കത്തിൽ  ആശങ്കയുള്ളതു കൊണ്ടു മാത്രം ഷെയർ ചെയ്യപ്പെടുന്നതുമാവാം.

അതിലെ വസ്തുതകളും യാഥാർഥ്യങ്ങളും പരിശോധിക്കാൻ വേണ്ടി  പങ്കുവെയ്ക്കുന്നതുമാവാം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതെല്ലാം കുറ്റകൃത്യമായി കണക്കാക്കപ്പെടും. ഇതു വഴി നിഷ്കളങ്കരായ മനുഷ്യരാണ് അപകടത്തിലാവുന്നത്.

നിയമത്തിൻ്റെ കണ്ണിൽ പിന്നീട് പ്രശ്നകരം എന്നു കണ്ടെത്തുന്ന ഒരു സന്ദേശം നേരത്തേ പങ്കുവെയ്ക്കാൻ ഇടയായതുകൊണ്ടു മാത്രം നിരപരാധികളായ മനുഷ്യർ തടവറയിൽ അടയ്ക്കപ്പെടുന്നത് നിർഭാഗ്യകരമാണ്.

യാതൊരു ദുരുദ്ദേശ്യവും മനസ്സിൽ കണ്ടാവണമെന്നില്ല അത്തരം സന്ദേശങ്ങൾ ആരെങ്കിലും ആർക്കെങ്കിലും അയച്ചുകൊടുക്കുന്നതും ആരെങ്കിലും എന്തെങ്കിലും ഷെയർ ചെയ്യുന്നതും. ഇത്തരത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി ഉത്തരവാദിത്തം ചുമത്തണമെന്ന് അനുശാസിക്കുന്ന ചട്ടം അങ്ങേയറ്റം അപകടകരവും സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റവുമാണ്.

സാർവലൗകികമായ മനുഷ്യാവകാശങ്ങളുടെ ലംഘനവും ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവുമാണ്. ഐ ടി ആക്റ്റിലെ പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്ക് നൽകിയ മൂന്നുമാസത്തെ കാലാവധി ഇന്നലെയാണ് അവസാനിച്ചത്.

മൂന്ന് തലങ്ങളുള്ള 'ത്രീ ടയർ ഗ്രീവൻസ് റിഡ്രസൽ ഫ്രെയിംവർക്ക് ' ആണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇന്ത്യക്കാരായ മൂന്ന് ഉദ്യോഗസ്ഥരാണ് ഇത് കൈകാര്യം ചെയ്യേണ്ടത്.  ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് പേഴ്സൺ, റസിഡൻ്റ് ഗ്രീവൻസ് ഓഫീസർ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള ഓഫീസർമാരും ഇന്ത്യക്കാർ ആയിരിക്കണം എന്നാണ് ചട്ടം അനുശാസിക്കുന്നത്.

പരമാധികാരം, രാജ്യസുരക്ഷ, അയൽ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നിവയെ ലംഘിക്കുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള പരാതികളിൽ അതിൻ്റെ ഉറവിടത്തെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും 'ട്രെയ്സബിലിറ്റി' ക്ലോസ് പ്രകാരം വ്യക്തമാക്കാനുള്ള ബാധ്യത സാമൂഹ്യ മാധ്യമങ്ങൾക്കുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള ലൈംഗികാതിക്രമ കേസുകളിലും ഇതേ ചട്ടം ബാധകമായിരിക്കും. നിയമവിരുദ്ധമെന്ന് സർക്കാർ പ്രഖ്യാപിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും അഭിപ്രായം പങ്കുവെയ്ക്കാൻ പുതിയ ചട്ടം അനുവദിക്കുന്നില്ല.

പുതുക്കിയ മാർഗരേഖ നടപ്പാക്കാനുള്ള സമയപരിധി ഇന്നലെ കഴിഞ്ഞതോടെ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തുടർ നടപടികൾ എന്തായിരിക്കും എന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ തുടക്കം കുറിച്ചിട്ടുണ്ട്.