Movie prime

നമുക്കിടയിലും വന്നു ചേരുന്ന കർഫ്യു

നാളിതുവരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടും കശ്മീരിനോടും മാത്രം മലയാളികൾ ചേർത്തു നിർത്തിയിരുന്ന ഒരു പദമായിരുന്നു ‘കർഫ്യൂ’ എന്നത്. കൊറോണയെ നേരിടാൻ രാജ്യം മുഴുവനായി ജനതാ കർഫ്യൂ ഏർപ്പെടുത്തിയതോടെ നമുക്കിടയിലും ആ വാക്ക് അതി പരിചിതമായി മാറിയിരിക്കുന്നു. ഭരണകൂടത്തിൻ്റെ ഉത്തരവാണ് കർഫ്യൂ. ഏർപ്പെടുത്തുന്ന പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം അനുസരിക്കാൻ ബാധ്യസ്ഥമായ ഒരു ചട്ടം. കർഫ്യൂ സമയത്ത് പുറത്തിറങ്ങി നടക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്. ഭരണഘടന ഉറപ്പു നല്കുന്ന സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുന്ന സമയമാണത്. ദിവസങ്ങളോളം അഥവാ മാസങ്ങളോളം കർഫ്യൂ ഏർപ്പെടുത്തുന്ന കശ്മീരിലും More
 
നമുക്കിടയിലും വന്നു ചേരുന്ന കർഫ്യു

നാളിതുവരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടും കശ്മീരിനോടും മാത്രം മലയാളികൾ ചേർത്തു നിർത്തിയിരുന്ന ഒരു പദമായിരുന്നു ‘കർഫ്യൂ’ എന്നത്. കൊറോണയെ നേരിടാൻ രാജ്യം മുഴുവനായി ജനതാ കർഫ്യൂ ഏർപ്പെടുത്തിയതോടെ നമുക്കിടയിലും ആ വാക്ക് അതി പരിചിതമായി മാറിയിരിക്കുന്നു.

ഭരണകൂടത്തിൻ്റെ ഉത്തരവാണ് കർഫ്യൂ. ഏർപ്പെടുത്തുന്ന പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം അനുസരിക്കാൻ ബാധ്യസ്ഥമായ ഒരു ചട്ടം. കർഫ്യൂ സമയത്ത് പുറത്തിറങ്ങി നടക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്. ഭരണഘടന ഉറപ്പു നല്കുന്ന സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുന്ന സമയമാണത്. ദിവസങ്ങളോളം അഥവാ മാസങ്ങളോളം കർഫ്യൂ ഏർപ്പെടുത്തുന്ന കശ്മീരിലും അസം, മേഘാലയ, മിസോറാം, നാഗാലാൻ്റ്, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജനങ്ങളുടെ നിത്യ ജീവിതാനുഭവമായി ഒരു കാലത്ത് കർഫ്യൂ മാറിയിരുന്നു. കശ്മീരിൽ ഇന്നും അതിനൊരു മാറ്റവുമില്ല. ചില ദിവസങ്ങളിൽ മുഴുവനായും ചിലയിടങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രമായും അവിടെ ഇപ്പോഴും കർഫ്യൂ ഏർപ്പെടുത്തുന്നുണ്ട്.
കൗവ്റെ – ഫ്യൂ എന്ന പഴയ ഫ്രഞ്ച് പദത്തിൽ നിന്നാണ് കർഫ്യൂ എന്ന വാക്കിൻ്റെ ഉദ്ഭവം. കൗവ്റെ – ഫ്യൂ എന്നാൽ ‘കവർ ഫയർ’ അഥവാ തീ അണയ്ക്കുക എന്നർഥം. ഫ്രാൻസിൽ വില്യം ദി കോൺകററിൻ്റെ കാലത്താണ് തീ അഥവാ വെളിച്ചം കെടുത്തൽ ഒരു നിയമമാകുന്നത്. അക്കാലത്തെ ഫ്രാൻസിൽ വീടുകൾ മുഴുവൻ മരം കൊണ്ട് ഉണ്ടാക്കിയവ ആയിരുന്നു.
അബദ്ധത്തിൽ തീ പടർന്ന് മരം കൊണ്ടുണ്ടാക്കിയ ഇത്തരം വീടുകളിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നു. അത് ഒഴിവാക്കാനായി വില്യം ദി കോൺകറർ കൊണ്ടുവന്ന ചട്ടമായിരുന്നു കൗവ്റെ – ഫ്യൂ. രാത്രി 8 മണിക്ക് ജാഗ്രതാ മണി മുഴങ്ങും. അതോടെ വിളക്കുകളും തീയുമെല്ലാം അണയ്ക്കണം. ഇതായിരുന്നു അക്കാലത്തെ ചട്ടം.
ഈ പദം പിന്നീട് മധ്യകാല ഇംഗ്ലീഷിലേക്ക് ചേക്കേറി. ആധുനിക കാലത്ത് വിവിധ രാജ്യങ്ങളിൽ കർഫ്യൂ നിയമം നടപ്പിലാക്കുന്നുണ്ട്. കലാപങ്ങളെ അടിച്ചമർത്താനും മറ്റുമായി ഇത് പ്രയോജനപ്പെടുത്താറുണ്ട്. ക്രമസമാധാനം ഉറപ്പാക്കാനാണ് മിക്കയിടങ്ങളിലും ഈ നിശാനിയമം പ്രയോഗിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലും രണ്ടായിരത്തിൻ്റെ ആദ്യ വർഷങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കർഫ്യൂ വ്യാപകമായി നടപ്പിലാക്കിയിരുന്നു.
നമുക്കിടയിലും വന്നു ചേരുന്ന കർഫ്യു
കൊറോണക്കാലത്ത് നമ്മുടെ സംസ്ഥാന ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ പലതും കർഫ്യൂവിൻ്റെ സ്വഭാവത്തിലുള്ളതാണ്. ജനങ്ങൾ കൂട്ടം കൂടുന്നത് തടയാനും അത്തരത്തിൽ കൊറോണ വൈറസിൻ്റെ സാമൂഹ്യ വ്യാപന സാധ്യതയ്ക്ക് പ്രതിരോധം തീർക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരം നിയന്ത്രണങ്ങൾ.
ഈ നിയമങ്ങൾ അതേപടി അനുസരിക്കാൻ ജനങ്ങൾ ഒന്നടങ്കം ബാധ്യസ്ഥരാണ്. സംസ്ഥാനം മൊത്തമായി അടച്ചിടുന്ന അസാധാരണമായ സാഹചര്യങ്ങളിലും അത് വകവെയ്ക്കാതെ, ഹോളിഡേ മൂഡിൽ ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നതും കൂട്ടം കൂടുന്നതും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഓർക്കുക – പ്രതിരോധം മാത്രമാണ് ഈ രോഗത്തിനെതിരെയുള്ള പ്രതിവിധി.