Movie prime

ടൈപ്പ് 3 പോളിയോ ആഗോളതലത്തിൽ നിർമാർജനം ചെയ്തതായി ഡബ്ള്യൂ എച്ച് ഒ

പോളിയോ നിർമാർജനത്തിനുള്ള ആഗോളപോരാട്ടത്തിൽ ഒരു കടമ്പ കൂടി കടന്ന് ലോകം. ടൈപ്പ് 3 പോളിയോ വൈറസ് ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ടൈപ്പ് മൂന്ന് എന്നിങ്ങനെ മൂന്നു വകഭേദങ്ങളായാണ് പോളിയോ വൈറസ് ഭൂമുഖത്ത് കാണപ്പെടുന്നത്. ഇതിൽ ടൈപ്പ് രണ്ട് നാലുവർഷം മുൻപ് 2014-ൽ നിർമാർജനം ചെയ്തു. ഇപ്പോൾ ടൈപ്പ് മൂന്നു കൂടി നിർമാർജനം ചെയ്തതോടെ ഇനി അവശേഷിക്കുന്നത് ടൈപ്പ് ഒന്ന് മാത്രം. അഫ്ഘാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലാണ് ടൈപ്പ് More
 
ടൈപ്പ് 3 പോളിയോ ആഗോളതലത്തിൽ നിർമാർജനം ചെയ്തതായി ഡബ്ള്യൂ എച്ച് ഒ

പോളിയോ നിർമാർജനത്തിനുള്ള ആഗോളപോരാട്ടത്തിൽ ഒരു കടമ്പ കൂടി കടന്ന് ലോകം. ടൈപ്പ് 3 പോളിയോ വൈറസ് ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ടൈപ്പ് മൂന്ന് എന്നിങ്ങനെ മൂന്നു വകഭേദങ്ങളായാണ് പോളിയോ വൈറസ് ഭൂമുഖത്ത് കാണപ്പെടുന്നത്. ഇതിൽ ടൈപ്പ് രണ്ട് നാലുവർഷം മുൻപ് 2014-ൽ നിർമാർജനം ചെയ്തു. ഇപ്പോൾ ടൈപ്പ് മൂന്നു കൂടി നിർമാർജനം ചെയ്തതോടെ ഇനി അവശേഷിക്കുന്നത് ടൈപ്പ് ഒന്ന് മാത്രം. അഫ്‌ഘാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലാണ് ടൈപ്പ് ഒന്ന് ഇപ്പോഴും കണ്ടുവരുന്നത്.

വൈൽഡ് പോളിയോ വൈറസ് 3 അഥവാ ഡബ്ള്യൂ പി വി 3 എന്നറിയപ്പെടുന്ന ടൈപ്പ് ത്രീ പോളിയോ കൂടി നിർമാർജനം ചെയ്തതോടെ വസൂരിക്കും ടൈപ്പ് 2 പോളിയോയ്ക്കും പുറമേ അപകടകരമായ മറ്റൊരു രോഗാണുകൂടി ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്.

രോഗപ്രതിരോധ ശേഷി കുറഞ്ഞ, ആരോഗ്യരക്ഷാ സംവിധാനങ്ങൾ ദുർബലമായ, ശുചിത്വ കാര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലാണ് പോളിയോ കൂടുതലായും കണ്ടുവന്നിരുന്നത്. സാധാരണയായി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പോളിയോ കണ്ടുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പോളിയോ ബാധിക്കുന്ന 200 പേരിൽ ഒരാൾക്ക് ശാശ്വതമായ പക്ഷാഘാതം സംഭവിക്കാം. ഗുരുതരമായാൽ മരണത്തിനും ഇടയുണ്ട്. നാഡീവ്യൂഹത്തെ ആക്രമിക്കുന്ന വൈറസ് അതിവേഗത്തിലാണ് രോഗവാഹകരെ തളർവാതത്തിലേക്ക് നയിക്കുന്നത്. പോളിയോക്ക് ഫലപ്രഥമായ ചികിത്സകളൊന്നും ഇല്ല. പ്രതിരോധ വാക്സിൻ എടുക്കുകയാണ് ഒരേയൊരു മാർഗം.

2012-ൽ വടക്കൻ നൈജീരിയയിലാണ് ടൈപ്പ് 3 പോളിയോ വൈറസ് അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. 2012-നു ശേഷം ലോകത്തൊരിടത്തും ടൈപ്പ് 3 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ടൈപ്പ് ഒന്ന് കൂടി നിർമാർജനം ചെയ്യാനായാൽ വസൂരി പോലെ പോളിയോയും പഴങ്കഥയാകും. ഏതാണ്ടെല്ലാ രാജ്യങ്ങളിലും ടൈപ്പ് ഒന്ന് തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പാകിസ്താൻ, അഫ്‌ഘാനിസ്താൻ എന്നിവിടങ്ങളിൽ ടൈപ്പ് ഒന്ന് വൈറസിനെ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ കഴിഞ്ഞ രണ്ടുവർഷമായി തിരിച്ചടി നേരിടുകയാണ്. 2017-ൽ രണ്ടു രാജ്യങ്ങളിലുമായി 22 ടൈപ്പ് ഒന്ന് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടതെങ്കിൽ 2018 ആയപ്പോൾ രോഗബാധിതരുടെ എണ്ണം 72 ആയി ഉയർന്നു. പോളിയോ നിർമാർജന ശ്രമങ്ങൾക്കേറ്റ ശക്തമായ തിരിച്ചടിയായി അത്.

എന്തായാലും പോളിയൊയ്ക്കെതിരെയുള്ള ലോക രാജ്യങ്ങളുടെ പോരാട്ടത്തിലെ നാഴികക്കല്ലായി ടൈപ്പ് 3 നിർമാർജനം വിലയിരുത്താം.