WHO
കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം വിറകൊള്ളുന്നതിനിടയിൽ അടുത്ത മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാൻ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. പൊതുജനാരോഗ്യ രംഗത്ത് വൻതോതിൽ നിക്ഷേപം നടത്താൻ ലോകരാജ്യങ്ങളോട് നടത്തിയ അഭ്യർഥനയിലാണ് വരുംകാല മഹാമാരിക്കായി ഇപ്പോഴേ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ തെദ്രോസ് അഥനം ഗബ്രിയേസസ് ആവശ്യപ്പെട്ടത്.WHO
കഴിഞ്ഞ വർഷം ഡിസംബറിൽ മധ്യ ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പത്ത് മാസത്തിനുളളിൽ 2,70,32,617 പേർക്ക് രോഗം പിടിപെട്ടു. 8,88,326 പേരാണ് മരണമടഞ്ഞത്. ദിനംപ്രതി രോഗവ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് ലോകത്തുള്ളത്. ആഗോള സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്. അതിനാൽ അടുത്ത മഹാമാരിയെ നേരിടാൻ നാം കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണം. അത് ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്, ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.
ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ല. രോഗങ്ങളും പകർച്ചവ്യാധികളും രോഗവ്യാപനവുമെല്ലാം ജീവിത യാഥാർഥ്യങ്ങളാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ അടുത്ത മഹാമാരി വരുമ്പോൾ, അതിനെ നേരിടാൻ ലോകം തയ്യാറായിരിക്കണം. ഇത്തവണത്തേക്കാൾ കൂടുതൽ തയ്യാറെടുപ്പ് അതിന് ആവശ്യമാണ്.