മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്ഷയ് കുമാർ വോട്ടു ചെയ്തില്ല. തിരഞ്ഞെടുപ്പ് ദിവസം മുംബൈയിൽ ഉണ്ടായിരുന്നിട്ടും വോട്ടുചെയ്യാൻ അദ്ദേഹം താല്പര്യം കാട്ടിയില്ല. അതേപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
ബ്ലാങ്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദർശന വേളയിലാണ് മുംബൈയിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് വോട്ടുചെയ്യാതിരുന്നത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ഉടൻ തന്നെ തിരക്കുകൂട്ടി ചലിയെ… ചലിയെ…എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നു നീങ്ങുകയായിരുന്നു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ “അരാഷ്ട്രീയ” അഭിമുഖത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അക്ഷയ് കുമാർ.
കഴിഞ്ഞ മാസം, വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ചുകൊണ്ടുള്ള ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറിനെ ടാഗ് ചെയ്തിരുന്നു. അതിനോടുള്ള പ്രതികരണമായി ജനാധിപത്യ വ്യവസ്ഥയിൽ വോട്ട് ചെയ്യൽ സുപ്രധാനമാണെന്നും അതേപ്പറ്റിയുള്ള അവബോധം ജനങ്ങൾക്കിടയിൽ വർധിക്കേണ്ടതുണ്ടെന്നും നടൻ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ജനങ്ങളോട് വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത അതേ വ്യക്തി തന്നെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
കേസരി, ടോയ്‌ലെറ്റ് ഏക് പ്രേം കഥ, എയർ ലിഫ്റ്റ് തുടങ്ങി ജനാധിപത്യവും ദേശീയോദ്ഗ്രഥനവുമെല്ലാം ചർച്ചചെയ്യുന്ന ചലച്ചിത്രങ്ങളുടെ ഭാഗമായ വ്യക്തി കൂടിയാണ് ബി ജെ പി രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുന്ന ബോളിവുഡ് താരം.