in

പുതുക്കിയ മത്സര തീയതികളുമായി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഓഗസ്റ്റ് 31 മുതല്‍

കാലവര്‍ഷക്കെടുതി കാരണം മാറ്റിവച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളിക്കൊപ്പം ഓഗസ്റ്റ് 31 ന് ആരംഭിക്കും.

വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ സിബിഎല്‍ നവംബര്‍ 23 ന് കൊല്ലം പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയോടെ സമാപിക്കുമെന്നും  സഹകരണ-ടൂറിസം-ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.


മുഖ്യമന്ത്രി  പിണറായി വിജയന്‍ ആദ്യ സിബിഎല്ലിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായിരിക്കും. ഓഗസ്റ്റ് 10 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സിബിഎല്ലിന്‍റെ സവിശേഷതകളെല്ലാം നിലനിര്‍ത്തിക്കൊണ്ട് ഒന്‍പതു ടീമുകളാണ് 12 മത്സരങ്ങളിലായി അണിനിരക്കുക. 

താഴത്തങ്ങാടി കോട്ടയം (സെപ്റ്റംബര്‍ 7), കരുവാറ്റ ആലപ്പുഴ (സെപ്റ്റംബര്‍ 14), പിറവം എറണാകുളം (സെപ്റ്റംബര്‍ 28), മറൈന്‍ ഡ്രൈവ്  കൊച്ചി (ഒക്ടോബര്‍ 5), കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന് ആലപ്പുഴ (നവംബര്‍ 2), കായംകുളം ആലപ്പുഴ (നവംബര്‍ 9), കല്ലട കൊല്ലം (നവംബര്‍ 16), പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളി  കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക.

ഓണാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സംഗമം സെപ്റ്റംബര്‍ 16 ന് കോവളത്ത് നടക്കും. മുഖ്യമന്ത്രി  പിണറായി വിജയനും കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാസിംഗ് പട്ടേലും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി.

മണ്‍സൂണ്‍ ടൂറിസത്തിന് ആക്കം കൂട്ടുന്നതിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നതിനും സിബിഎല്ലിലൂടെ കഴിയുമെന്ന്  ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു. കായല്‍ ടൂറിസവുമായി ബന്ധിപ്പിക്കാനാകുന്ന സിബിഎല്ലിന്‍റെ ടൂറിസം മേഖലയിലെ ഫലങ്ങള്‍ പ്രകടമാകുന്നതിന് മൂന്നുവര്‍ഷം വേണ്ടിവരും. സംസ്ഥാനത്തിന്‍റെ വികസനത്തില്‍   ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന ‘ഓണം ഉണ്ണാം ഓണ സമ്മാനങ്ങള്‍ വാങ്ങാം’ പദ്ധതിയുടെ പ്രചരണ വീഡിയോയുടേയും ഓണ്‍ലൈന്‍ ബുക്കിങ്ങിന്‍റേയും കൊല്ലം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ വെബ്സൈറ്റിന്‍റേയും പ്രകാശനവും ടൂറിസം മന്ത്രി നിര്‍വ്വഹിച്ചു.  

മൊത്തം 5.9 കോടി രൂപയാണ് സിബിഎല്ലിന്‍റെ സമ്മാനത്തുക.  12 മത്സരങ്ങളിലേയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍  ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും

ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാതുരുത്തി ബോട്ട് ക്ലബ്), ബാക്ക്വാട്ടര്‍ നൈറ്റ്സ് (വില്ലേജ് ബോട്ട്ക്ലബ്ബ്),  ബാക്ക് വാട്ടര്‍ നിന്‍ജ (ബ്രദേഴ്സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്സ് (ടൗണ്‍ ബോട്ട് ക്ലബ്ബ്), കോസ്റ്റ് ഡോമിനേറ്റേഴ്സ് (യുണൈറ്റഡ് ബോട്ട്ക്ലബ്ബ്), മൈറ്റി ഓര്‍സ് (എന്‍സിഡിസി), പ്രൈഡ് ചേസേഴ്സ് (വേമ്പനാട് ബോട്ട് ക്ലബ്ബ്), റേജിംഗ് റോവേഴ്സ് (പൊലീസ് ബോട്ട് ക്ലബ്ബ്), തണ്ടര്‍ ഓര്‍സ് (കെബിസി/ എസ്എഫ്ബിസി) എന്നിവയാണ് ടീമുകള്‍.
 
 ബുക്ക് മൈ ഷോ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി സിബിഎല്ലിന്‍റെ ടിക്കറ്റുകള്‍ ലഭ്യമാണ്. നൂറു രൂപമുതല്‍ 3000 രൂപ വരെയുള്ള ടിക്കറ്റുകള്‍ എല്ലാ വേദികളിലും സജ്ജീകരിക്കുന്ന  ഇരുപതോളം കൗണ്ടറുകളിലൂടെ തത്സമയം ലഭിക്കും.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

PUBG യുടെ ഫുൾ ഫോം എന്താ ?

എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്: ലി​സി ജോ​യ്