in

സംരംഭകരാകാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വനിതകള്‍ പ്രയോജനപ്പെടുത്തണം: ഐടി സെക്രട്ടറി

കൊച്ചി: പരിചയസമ്പന്നരായ വനിത പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നു വരണമെന്ന് സംസ്ഥാന ഇല്ക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ആദ്യകാലത്തുണ്ടായിരുന്നതെങ്കില്‍ പിന്നീട് വ്യവസായത്തില്‍ മുന്‍പരിചയമുള്ള പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പുകളുമായി  മുന്നോട്ടു വന്നു. എന്നാല്‍ ഇവരില്‍ വനിതകള്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകാംഗങ്ങളില്‍ ഒരു വനിതയെങ്കിലുമുള്ളവ 18 ശതമാനം വരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും കേരളത്തില്‍ സ്ഥിതി മെച്ചപ്പെടേണ്ടതുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

സംരംഭകരും സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവരുമായ വനിതകളെ   കേള്‍ക്കാന്‍ വേണ്ടിയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഭാവിയിലെ സര്‍ക്കാര്‍  നയരൂപീകരണത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.

വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി നിലവില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യമായ പ്രീ ഇന്‍കുബേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ വിദേശയാത്രകള്‍ ഉള്‍പ്പെടെ സൗജന്യമായി നടത്തുന്നതിനുമുളള സൗകര്യം നല്‍കി വരുന്നുണ്ട്.  ഇതു കൂടാതെ സാങ്കേതികവിദ്യാ കൈമാറ്റത്തിന് പത്തു ലക്ഷം രൂപ വരെ സഹായവും നല്‍കുന്നുണ്ട്.

സാമൂഹികമായ നിയന്ത്രണങ്ങളെ മറികടക്കുകയെന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐടി സെക്രട്ടറി പറഞ്ഞു. കോളേജുകള്‍ കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന ഐഇഡിസികളില്‍ കൂടുതല്‍ വനിത അധ്യാപകരുടെ പ്രാതിനിധ്യം ഉണ്ടാകണം.. ആശയാവതരണത്തില്‍ പലപ്പോഴും മുന്‍പന്തിയില്‍ പെണ്‍കുട്ടികളാണ്. എന്നാല്‍ ഈ ആശയങ്ങളെ മികച്ച രീതിയില്‍ പരിഗണിക്കണമെങ്കില്‍ വിലയിരുത്തല്‍ സംവിധാനത്തിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് ബോധവതികളല്ലെന്ന് വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു. 

ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങള്‍ ആസൂത്രണ ബോര്‍ഡിന്‍റെ നയരൂപീകരണത്തെയടക്കം സ്വാധീനിക്കും. വനിതാ സംരംഭങ്ങള്‍ സാമ്പത്തിക പുരോഗതിക്കുള്ള സ്രോതസ്സ് മാത്രമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിനുള്ള സുപ്രധാന ചുവടു വയ്പ് കൂടിയാണെന്നും ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു.

നൂതനമായ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കിയ സംരംഭങ്ങള്‍ മാത്രമേ വിജയിക്കൂവെന്ന തെറ്റായ ധാരണ പൊതുവെ സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇതു മാത്രമല്ല അവസരങ്ങളെന്ന് കുറഞ്ഞ പക്ഷം വനിതാ സംരംഭകരെങ്കിലും തിരിച്ചറിയണമെന്ന് അവര്‍ പറഞ്ഞു. ആവശ്യാധിഷ്ഠിത സംരംഭങ്ങളും അവസരാധിഷ്ഠിത സംരംഭങ്ങളുമുണ്ട്. ഇവയുടെ അനന്ത സാധ്യത വനിതാസംരംഭകര്‍ ഉപയോഗപ്പെടുത്തണം. സ്ത്രീ സംരംഭകര്‍ക്കും, ജോലിക്കാര്‍ക്കും യാത്ര, ഭക്ഷണം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ സൗജന്യം അനുവദിക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് അവര്‍ പറഞ്ഞു.

വനിതാ സംരംഭകര്‍ക്കു വേണ്ടി എന്തു തരത്തിലുള്ള നയരൂപീകരണമാണ് നടത്തേണ്ടതെന്ന് സര്‍ക്കാരിനോട് പറയാനുള്ള അവസരമാണ് വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ വനിതകള്‍ സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എല്ലാ സഹായവും മിഷന്‍റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കണ്ടല്‍ക്കാടുകള്‍ക്കായുള്ള ഗോദ്‌റെജ് ആന്റ് ബോയെസ് മൊബൈല്‍ ആപ്പ് 11 ഭാഷകളില്‍

ദേ​ശീയ​പാ​താ വി​ക​സ​ന​ത്തി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള​ത്തോ​ട് കേ​ന്ദ്രം കാ​ണി​ക്കു​ന്ന​ത്: മന്ത്രി ജി സുധാകരൻ