Movie prime

മഴവിൽ സാഹിത്യ പുരസ്കാരം എം തങ്കമണിക്ക്

ആകാശവാണി കലാകാരിയും അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ എം തങ്കമണിക്ക് ഈ വർഷത്തെ മഴവിൽ സാഹിത്യ പുരസ്കാരം. എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരുമെല്ലാം ചേർന്ന മഴവിൽ വാട്സാപ്പ് കൂട്ടായ്മയാണ് മഴവിൽ സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. നാലുപതിറ്റാണ്ടോളം പ്രക്ഷേപണകലാ രംഗത്തെ നിറസാന്നിധ്യമായിരുന്നു എം തങ്കമണി. ശബ്ദസൗകുമാര്യം കൊണ്ടും ഉച്ചാരണ ശുദ്ധതകൊണ്ടും അനന്യ ചാരുതയാർന്ന അവതരണ രീതികൊണ്ടും ആയിരക്കണക്കായ പ്രേക്ഷകരെയാണ് എം തങ്കമണി റേഡിയോ പ്രക്ഷേപണ കലയോട് അടുപ്പിച്ചു നിർത്തിയത്. സൂര്യകാന്തിയെ സ്നേഹിച്ച പെൺകുട്ടി, മൂധേവി, തെയ്യം, പ്രഹേളിക തുടങ്ങിയ റേഡിയോ നാടകങ്ങളിലൂടെയും ഏറെ ശ്രദ്ധേയയായി. ഔദ്യോഗികമായി വിരമിച്ചിട്ടും More
 
മഴവിൽ സാഹിത്യ പുരസ്കാരം എം തങ്കമണിക്ക്

ആകാശവാണി കലാകാരിയും അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ എം തങ്കമണിക്ക് ഈ വർഷത്തെ മഴവിൽ സാഹിത്യ പുരസ്‌കാരം. എഴുത്തുകാരും വായനക്കാരും സാംസ്‌കാരിക പ്രവർത്തകരുമെല്ലാം ചേർന്ന മഴവിൽ വാട്സാപ്പ് കൂട്ടായ്മയാണ് മഴവിൽ സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

നാലുപതിറ്റാണ്ടോളം പ്രക്ഷേപണകലാ രംഗത്തെ നിറസാന്നിധ്യമായിരുന്നു എം തങ്കമണി. ശബ്ദസൗകുമാര്യം കൊണ്ടും ഉച്ചാരണ ശുദ്ധതകൊണ്ടും അനന്യ ചാരുതയാർന്ന അവതരണ രീതികൊണ്ടും ആയിരക്കണക്കായ പ്രേക്ഷകരെയാണ് എം തങ്കമണി റേഡിയോ പ്രക്ഷേപണ കലയോട് അടുപ്പിച്ചു നിർത്തിയത്.

സൂര്യകാന്തിയെ സ്നേഹിച്ച പെൺകുട്ടി, മൂധേവി, തെയ്യം, പ്രഹേളിക തുടങ്ങിയ റേഡിയോ നാടകങ്ങളിലൂടെയും ഏറെ ശ്രദ്ധേയയായി. ഔദ്യോഗികമായി വിരമിച്ചിട്ടും ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഏതാനും വർഷങ്ങൾ കൂടി ആകാശവാണിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നു.

ഇപ്പോൾ സാഹിത്യ അക്കാദമിക്ക് സമീപമുള്ള വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. കേരള സംഗീത നാടക അക്കാദമി അവാർഡുൾപ്പെടെ നേടിയിട്ടുണ്ട്. ചെമ്പൈ സംഗീതോത്സവം തുടർച്ചയായി പതിനേഴുവർഷം അവതരിപ്പിച്ചത് തങ്കമണിയാണ്. സുഹാസിനി (വാനപ്രസ്ഥം), മിനി നായർ (നിയോഗം, ദേശാടനം), അർച്ചന (പിറവി), നിർമല (ഒരു ചെറുപുഞ്ചിരി), ശാരദ (രാപ്പകൽ) എന്നിവർക്ക് സിനിമയിലൂടെ നൽകിയ ശബ്ദവും ശ്രദ്ധേയമായിരുന്നു.

2001 -ൽ തീർഥാടനം എന്ന ചിത്രത്തിൽ സുഹാസിനിക്ക് ശബ്ദം നൽകിയതിലൂടെ ആ വർഷത്തെ സംസ്ഥാന അവാർഡും ലഭിച്ചു. സി രാധാകൃഷ്ണന്റെ രചനയെ അധികരിച്ച് എൻ കൃഷ്ണൻ നായർ സംവിധാനം ചെയ്ത തുലാവർഷത്തിൽ ശ്രീദേവിക്കും, റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി മൊഴിമാറ്റി മലയാളത്തിലാക്കിയപ്പോൾ രോഹിണി ഹെട്ടംഗഡി അവതരിപ്പിച്ച കസ്‌തൂർബാ ഗാന്ധിക്കും ശബ്ദം നൽകി. സി രാധാകൃഷ്ണന്റെ നിഴൽപ്പാടുകൾ എന്ന ഓഡിയോ നോവൽ അവതരിപ്പിക്കുന്നത് എം തങ്കമണിയുടെ മധുരശബ്ദത്തിലാണ്.

സാമുദായിക അനാചാരങ്ങൾക്കെതിരെ പൊരുതിയ മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാടിന്റെയും (എം ആർ ബി) ഉമാദേവി അന്തർജ്ജനത്തിന്റെയും മൂന്നാമത്തെ മകളാണ് എം തങ്കമണി. വിധവാ വിവാഹം നടത്തി നമ്പൂതിരി സമുദായത്തിൽ കോളിളക്കം സൃഷ്ടിച്ച എം ആർ ബി നവോത്ഥാന കാലത്തെ ശ്രദ്ധേയ വ്യക്തിത്വമാണ്‌.

മഴവിൽ സാഹിത്യ പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി അവർ പ്രതികരിച്ചു. എല്ലാവരും മറന്നുകാണും എന്ന് കരുതിയിരുന്ന അവസരത്തിലാണ് ഈ പുരസ്‌കാരം തന്നെ തേടിവന്നിരിക്കുന്നത്. ഓർമിച്ചതിനും ആദരിച്ചതിനും അങ്ങേയറ്റം നന്ദിയും സ്നേഹവും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഡിസംബറിൽ തളിക്കുളത്ത് നടക്കുന്ന മഴവിൽ വാട്സാപ്പ് കൂട്ടായ്മയുടെ വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് കൺവീനർ രഞ്ജിത്ത് വാലത്ത് അറിയിച്ചു.