in

വനിതാ  സ്റ്റാര്‍ട്ടപ്പ്  ഉച്ചകോടി കൊച്ചിയില്‍

കൊച്ചി: വനിതാ സംരംഭങ്ങളുടെ വിപുലമായ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്റ്റാര്‍ട്ടപ് ഉച്ചകോടിയായ ‘വിമന്‍ സ്റ്റാര്‍ട്ടപ് സമ്മിറ്റ് 2019’ ന് വ്യാഴാഴ്ച  കൊച്ചിയില്‍ നടത്തും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനു (സിഐഐ) കീഴിലുള്ള ഇന്ത്യന്‍ വിമന്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച് കളമശേരി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലാണ് ഏകദിന ഉച്ചകോടി നടത്തുന്നത്.

സംരംഭകരാകാന്‍ താല്പര്യമുള്ള വനിതകളെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംരംഭക  അന്തരീക്ഷം വളര്‍ത്തിയെടുക്കുകയുമാണ്  ഉച്ചകോടിയുടെ ലക്ഷ്യം. നേതൃനിരയിലുള്ള വിജയികളും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നയകര്‍ത്താക്കളുമടക്കമുള്ളവര്‍ തങ്ങളുടെ അനുഭവങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കുന്ന സമ്മേളനത്തില്‍ ‘എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സംരംഭക അന്തരീക്ഷ വികസനം’ എന്നതാണ് മുഖ്യവിഷയം. വനിതാ ഉദ്യോഗസ്ഥര്‍, സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍, എന്നിവര്‍ക്കൊപ്പം വന്‍കിട സ്ഥാപനങ്ങളുടെ നേതൃനിരയിലുള്ളവരും സംരംഭകര്‍ക്കൊപ്പം ഇതില്‍ പങ്കെടുക്കും.

കേരളത്തിലെ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ 13 ശതമാനം വനിതാ പങ്കാളിത്തമുണ്ട്.  ഈ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ കൈക്കൊണ്ടിരുന്നു. വനിതാ സംരംഭങ്ങളെ സഹായിക്കുന്നതിനായി വിവിധ നയങ്ങളും പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. വനിതകള്‍ക്കായി വനിതകളാല്‍ നടത്തപ്പെടുന്ന സംരംഭങ്ങള്‍  എന്ന ആശയത്തെ അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ പ്രയോജനപ്പെടുത്താം. സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികളെക്കുറിച്ചുള്ള  വിവരങ്ങള്‍ ഈ  ഉച്ചകോടിയില്‍ പങ്കുവയ്ക്കും.

സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം  മൃദുല്‍ ഈപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് സിഒഒ  ശാലിനി വാര്യര്‍, ഐഎഎന്‍ സഹസ്ഥാപക പദ്മജ രുപാരെല്‍, ആവണ ക്യാപിറ്റല്‍ സ്ഥാപക  അഞ്ജലി ബന്‍സല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഷീ ലവ്സ് ടെക്, തേജ വെഞ്ച്വേഴ്സ് എന്നിവയുടെ സ്ഥാപകയായ  വിര്‍ജീനിയ ടാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചർച്ചകൾ അരങ്ങേറും.

സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി  എം ശിവശങ്കര്‍ ഐഎഎസ്,  മൃദുല്‍ ഈപ്പന്‍, ഡോ. സജി ഗോപിനാഥ്,  ഷീല കൊച്ചൗസേപ്പ്, ശാലിനി വാര്യര്‍,  എംഎസ്എ കുമാര്‍(പ്രസിഡന്‍റ് ടൈ കേരള), ദിനേശ് തമ്പി(പ്രസിഡന്‍റ് കെഎംഎ), കെ പോള്‍ തോമസ്(ചെയര്‍മാന്‍ സിഐഐ കേരള കൗണ്‍സില്‍),  ദീപക് അസ്വാനി(കോ-ചെയര്‍ ഫിക്കി), ശ്രയാന ഭട്ടാചാര്യ,  സുനിത സിംഗ്(വാധ്വാനി ഫൗണ്ടേഷന്‍), ഷെല്ലി തക്രാല്‍,  ദീപ്തി ദത്ത്, വൈശാലി(പിഡബ്ല്യൂസി), ആനന്ദ് പാര്‍ത്ഥസാരഥി(എഡിറ്റര്‍ ഇന്ത്യ ടെക് ഓണ്‍ലൈന്‍) തുടങ്ങിയവരാണ് വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ചൈനയില്‍ നടക്കുന്ന ആഗോള വനിതാ സാങ്കേതിക സ്റ്റാര്‍ട്ടപ് മേളയായ ‘ഷി ലവ്സ് ടെക്ക്-2019’ന്‍റെ ദേശീയ ഗ്രാന്‍റ് ചലഞ്ചിലെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ 31 വനിതാ സംരംഭങ്ങളെ ഉച്ചകോടിയില്‍ അവതരിപ്പിക്കും. വനിതാ സംരംഭകര്‍ക്കും വനിതാകേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായുളള ആഗോള വേദിയാണ് ‘ഷി ലൗവ്സ് ടെക് 2019’ എന്ന ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വിവരാവകാശനിയമം കേന്ദ്രം പൊളിച്ചടുക്കി

സഹോയിലെ പ്രണയഗാന ടീസറിന് ഗംഭീര സ്വീകരണം