in

വിൽക്കാൻ ഞങ്ങളുടെ കൈയിൽ ആരുടേയും ഡാറ്റയില്ല, യൂസർമാരുടെ പ്രൊഫൈൽ ഫോട്ടോ പോലും ഞങ്ങൾക്ക് വേണ്ട: സിഗ്നൽ

signal

ആരുടേയും വ്യക്തിഗതമായ വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ വിൽക്കാൻ തങ്ങളുടെ കൈയിൽ ഡാറ്റയില്ലെന്നും ഇൻസ്റ്റൻ്റ് മെസേജിങ് അപ്ലിക്കേഷൻ സിഗ്നൽ. ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ സിഗ്നൽ സിഇഒ അരുണ ഹാർഡർ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്വകാര്യതയാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ അവകാശം. സോഷ്യൽ നെറ്റ് വർക്കുകളും ചാറ്റ് സർവീസുകളും ഉപയോഗിക്കുന്നവർ തങ്ങളുടെ ഡിജിറ്റൽ ആയ ആശയവിനിമയം തികച്ചും സ്വകാര്യമായിരിക്കും എന്ന വിശ്വാസത്തിലും ധാരണയിലുമാണ് അങ്ങനെ ചെയ്യുന്നത്. സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കുവെയ്ക്കുമ്പോൾ അവ ഫേസ്ബുക്കുമായോ ഗൂഗിളുമായോ, ഏതെങ്കിലും പരസ്യക്കാരുമായോ പങ്കിടുന്നില്ലെന്ന വിശ്വാസമാണ് അതിന് പ്രേരിപ്പിക്കുന്നത്. സ്വകാര്യതയ്ക്ക് അത്രയേറെ പ്രാധാന്യം നമ്മുടെ ജീവിതത്തിലുണ്ട്. ജീവിതം കൂടുതൽ കൂടുതൽ ഓൺലൈനിലേക്ക് മാറുന്ന സാഹചര്യത്തിൽ സ്വകാര്യതയ്ക്ക് മുമ്പെന്നെത്തേക്കാൾ പ്രാധാന്യം ഏറിവരികയാണ്.signal

സിഗ്നൽ യൂസർ ഡാറ്റയോ മെറ്റാ ഡാറ്റയോ ശേഖരിക്കുന്നില്ലെന്ന് അരുണ ഹാർഡർ വ്യക്തമാക്കി. യൂസർമാരുടെ സന്ദേശങ്ങളോ കോളുകളോ ശേഖരിക്കാറില്ല. അവർ ആർക്കാണ് സന്ദേശം അയയ്ക്കുന്നതെന്നോ ആരെയാണ് വിളിക്കുന്നതെന്നോ ഉള്ള വിവരങ്ങളിൽ തങ്ങൾക്ക് താത്പര്യമില്ല. യൂസർമാരുടെ പ്രൊഫൈൽ ഫോട്ടോയിൽ പോലും തങ്ങൾക്ക് താത്പര്യമില്ല. ഡാറ്റ സൂക്ഷിക്കാത്തതിനാൽ ഒരു തേർഡ് പാർട്ടിക്കും സിഗ്നലിൽ താത്പര്യമില്ല.

ടെലിഗ്രാമും സിഗ്നലും തികച്ചും വ്യത്യസ്തങ്ങളായ രണ്ട് പ്ലാറ്റ്ഫോമുകളാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. സിഗ്നൽ ഡിഫോൾട്ട് ആയിത്തന്നെ എല്ലാം എൻക്രിപ്റ്റ് ചെയ്യുന്നു. അതിന് ഓൺ, ഓഫ് മോഡുകളില്ല. ഏത് ചാറ്റുകളാണ് സുരക്ഷിതം, ഏതാണ് സുരക്ഷിതമല്ലാത്തത് എന്നൊന്നും ചിന്തിച്ചു വിഷമിക്കേണ്ട കാര്യം സിഗ്നലിൻ്റെ കാര്യത്തിലില്ല. ഒരു നോട്ട് ഫോർ പ്രോഫിറ്റ് സ്ഥാപനമായതിനാൽ ലക്ഷ്യങ്ങൾ വളരെ വളരെ വ്യത്യസ്തമാണ്, അത് വ്യക്തവുമാണ്.

ടെലിഗ്രാമിൻ്റെ മോണിറ്റൈസേഷൻ സ്ട്രാറ്റജിയിൽ വ്യക്തതയില്ലെന്ന് അരുണ ഹാർഡർ അഭിപ്രായപ്പെട്ടു. പ്രോഫിറ്റ്, നോട്ട് ഫോർ പ്രോഫിറ്റ് ബിസ്നസ് മോഡലുകൾ വളരെ വ്യത്യസ്തമാണ്. ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഏതു കമ്പനിയും ലാഭം വർധിപ്പിക്കാൻ ശ്രമിക്കും. സിഗ്നൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമാണ്. ലാഭം അതിൻ്റെ ലക്ഷ്യമല്ല. തികച്ചും സുരക്ഷിതവും സ്വകാര്യവുമായി ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ പരസ്യങ്ങളോ ട്രാക്കർമാരോ ഞങ്ങൾക്കില്ല. ഒരു കാലത്തും
പ്രോഫിറ്റ് ബിസ്നസ് മോഡലിലേക്ക് തിരിയാൻ ഉദ്ദേശിക്കുന്നില്ല.

പരസ്യങ്ങൾ അടിസ്ഥാനമായ ബിസ്നസ് മോഡലിന് ഫലപ്രദമായ ബദലാണ് സിഗ്നൽ. ഡൊണേഷൻസിലൂടെയാണ് സിഗ്നൽ അതിൻ്റെ ഭാരിച്ച പ്രവർത്തന മൂലധനം കണ്ടെത്തുന്നത്. ഓപ്പൺ സോഴ്സ് പ്രൈവറ്റ് ടെക്നോളജിയിൽ വിശ്വാസം അർപ്പിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഈ ലോകത്തുണ്ട്. അവരാണ് സിഗ്നലിൻ്റെ നിലനിൽപ്പ് സാധ്യമാക്കുന്നത്.

വാട്സാപ്പിൻ്റെ വഴിയിലേക്ക് ഏതെങ്കിലും കാലത്ത് സിഗ്നലും മാറുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു അരുണ ഹാർഡറിൻ്റെ മറുപടി. ടെക്നോളജി കമ്പനികളുമായി സിഗ്നലിന് ഒരു ബന്ധവും ഇല്ല. ഗ്രാൻ്റും ഡൊണേഷനും മാത്രമാണ് കമ്പനിയെ മുന്നോട്ട് നയിക്കുന്നത്. യൂസർമാരെ ബഹുമാനിച്ച്, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളെ ചരക്കുവത്ക്കരിക്കാതെ, സമൂഹത്തെ സേവിക്കാനായി രൂപകൽപ്പന ചെയ്ത സംവിധാനമാണ് സിഗ്നൽ.

വാട്സാപ്പിൻ്റെ സ്വകാര്യതാ നയം പുതുക്കിയതോടെ സിഗ്നലിലേക്ക് ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ചുവടു മാറ്റിയത്. അഞ്ചു മില്യണിലേറെ ഉപയോക്താക്കളെ ലഭിച്ചു എന്ന റിപ്പോർട്ടുകൾ കമ്പനി സിഇഒ തള്ളി. അതിനേക്കാൾ എത്രയോ ഏറെയാണ് യഥാർഥ കണക്ക് എന്നായിരുന്നു മറുപടി. തേർഡ് പാർട്ടി ആപ്പ് ഡാറ്റ കമ്പനികൾ തെറ്റായ കണക്കുകളാണ് പുറത്തു വിടുന്നത്. ചെറുതാക്കി കാണിക്കാനാണ് അവരുടെ ശ്രമം. സിഗ്നൽ അതിൻ്റെ ഉപയോക്താക്കളുടെ എണ്ണം പരസ്യമാക്കാറില്ല.

ആരും കണക്കു കൂട്ടാത്ത അതിഗംഭീരമായ വളർച്ചയാണ് അടുത്ത കാലത്ത് സിഗ്നൽ കൈവരിച്ചതെന്ന് സിഇഒ അഭിപ്രായപ്പെട്ടു. റെക്കോഡ് നമ്പറുകളിലാണ് സിഗ്നലിലേക്കുള്ള ഉപയോക്താക്കളുടെ ചുവടുമാറ്റം നടക്കുന്നത്. ഇന്ത്യയാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ഏറ്റവും ശുഭാപ്തി വിശ്വാസത്തോടെയുള്ള കണക്കുകളെപ്പോലും കവച്ചു വെയ്ക്കുന്ന തരത്തിലുള്ള ഒഴുക്കാണ് ഈയിടെ കാണുന്നത്. അത് തുടരും.

യൂസർമാരുടെ ഡാറ്റ വിൽക്കാതെ വാട്സാപ്പിൻ്റെ ബിസ്നസ് മോഡലിന് നിലനിൽക്കാൻ കഴിയില്ലെന്ന്, സ്വകാര്യതാ നയം നടപ്പിലാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടാൻ എടുത്ത പുതിയ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ അവർക്കത് ചെയ്യേണ്ടി വരും. ഡാറ്റ വിൽക്കാതെ വാട്സാപ്പിന് നിലനിൽക്കാൻ കഴിയില്ല. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സങ്കീർണമായ നയമാണ് വാട്സാപ്പിൻ്റേത്.

2013-ലാണ് സിഗ്നലിൻ്റെ തുടക്കം. മോക്സി
മാർലിൻസ്പൈക്ക് എന്നറിയപ്പെടുന്ന മാത്യു റോസൻഫെൽഡ് ആണ് സ്ഥാപകൻ. അമേരിക്കൻ സംരംഭകനും ക്രിപ്റ്റോഗ്രാഫറും കമ്പ്യൂട്ടർ സുരക്ഷാ ഗവേഷകനുമാണ് മോക്സി.വാട്സാപ്പിൻ്റെ സഹസ്ഥാപകനായ ബ്രിയാൻ ആക്റ്റണും മോക്സി മാർലിൻസ്പൈക്കും ചേർന്ന് 2018-ൽ സിഗ്നൽ ഫൗണ്ടേഷന് തുടക്കം കുറിച്ചു. സ്വകാര്യതയാണ് സിഗ്നലിൻ്റെ യുണീക്ക് സെല്ലിങ്ങ് പോയിൻ്റ് (യുഎസ്പി.) സ്വതന്ത്രമായ ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിലാണ് പ്രവർത്തനം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

farmer protest

കാർഷിക നിയമങ്ങൾ റദ്ദാക്കാതെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രക്ഷോഭകർ

Amitabh Bachchan

പാട്ട് റിഹേഴ്സലിൻ്റെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചൻ, അടുത്തിരിക്കുന്നത് കുട്ടി ഹൃദിക്