xiaomi
ജനപ്രിയ ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡായ ഷവോമിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി മുൻനിര ബ്രാൻഡായ സാംസങ്ങ്. 32 ശതമാനം വാർഷിക വളർച്ച കൈവരിച്ച് വിപണിയിൽ മുന്നേറുന്ന സാംസങ്ങിൻ്റെ ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതി വിഹിതം 2020 സെപ്റ്റംബർ പാദത്തിൽ 24 ശതമാനമാണ്. 23 ശതമാനമാണ് ഷവോമിയുടെ വിഹിതം. 2018 സെപ്റ്റംബർ പാദത്തിനുശേഷം ആദ്യമായാണ് ഷവോമി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുന്നത്. xiaomi
ഓൺലൈൻ ചാനലുകൾ വഴിയുള്ള വിൽപനയിലെ മുന്നേറ്റവും ഫലപ്രദമായ വിതരണ ശൃംഖലയും പുതിയ ലോഞ്ചുകളിലൂടെ വിവിധ വില നിലവാരത്തിലുള്ള മോഡലുകളിൽ നൽകുന്ന തുല്യ ശ്രദ്ധയുമാണ് സാംസങ്ങിന്റെ വിജയത്തിന് കാരണമെന്ന് വിപണി വിദഗ്ധർ പറയുന്നു. കോവിഡ്-19 സൃഷ്ടിച്ച അസാധാരണമായ സപ്ലൈ ചെയിൻ പ്രതിസന്ധിയാണ് ഷവോമിയുടെ ഇടിവിന് പ്രധാന കാരണം.
എന്നാൽ പ്രതിസന്ധി താത്കാലികമാണെന്നും റെഡ്മി 9, നോട്ട് 9 സീരീസിലുള്ള ഫോണുകളിലൂടെ ഷവോമി തിരിച്ചുവരവ് നടത്തുമെന്നാണ് വിദഗ്ധരുടെ അനുമാനം. മെച്ചപ്പെട്ട ഉൽപന്ന തന്ത്രവും ഓഫ്ലൈനിലെ കരുത്തും ഇതിന് സഹായകമാകും. ഡിസംബർ പാദത്തോടെ ഇത് സാധ്യമാകുമെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിലെ വിശകലന വിദഗ്ധർ കരുതുന്നത്.
ജൂൺ പാദത്തിൽ ചൈനീസ് ബ്രാൻഡുകളെ പിറകോട്ടടിച്ച ചൈന വിരുദ്ധ വികാരം അതേ അളവിൽ ഇന്നില്ല. ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങൾ ശമിച്ചതോടെ സെപ്റ്റംബർ പാദത്തിൽ അത് നിർണായക ഘടകമായിരുന്നില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്മാർട്ഫോൺ വിപണി സ്ഥിരമായ വളർച്ചയാണ് കാണിക്കുന്നത്. ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വൻവിൽപനയാണ് നടന്നത്. സെപ്റ്റംബറിൽ ഏതു കാലത്തും വിപണിയിൽ വളർച്ച പ്രകടമാവാറുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസണ് ഒരുങ്ങുന്നതിൻ്റെ ആവേശവും സ്റ്റോക്കിലെ കുതിപ്പും വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിക്കവാറും എല്ലാ ബ്രാൻഡുകളും ഈ വർഷം സെപ്റ്റംബറിൽ വലിയ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ പാദത്തിൽ ഏറ്റവും കൂടുതൽ വളർച്ച കാണിച്ചത് 10,000 മുതൽ 20,000 രൂപ വരെയുള്ള മധ്യനിര വിഭാഗമാണ്. പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടായിരുന്നത് ഐഫോൺ എസ്ഇ 2020, ഐഫോൺ 11 സ്മാർട് ഫോണുകൾക്കാണ്. വരാനിരിക്കുന്ന പാദത്തിൽ ഐഫോൺ 12 സീരീസ് ആപ്പിളിന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു.
കോവിഡ്-19 കാരണം ഭൂരിഭാഗം ബ്രാൻഡുകളും ഓൺലൈൻ ചാനലുകളിലാണ് തങ്ങളുടെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കുന്നത്. ഓഫ്ലൈൻ കേന്ദ്രീകൃത ബ്രാൻഡുകളായ വിവോ, ഓപ്പോ, ഐടെൽ എന്നിവ മാറിയ സാഹചര്യത്തിൽ തങ്ങളുടെ ഓൺലൈൻ സാന്നിധ്യം വർധിപ്പിക്കുകയാണ്.