Movie prime

ടൂറിസം മേഖലയുടെ പുനരുദ്ധാരണം: വേണ്ടതെല്ലാം ചെയ്യുമെന്ന് സർക്കാർ 

 

ടൂറിസം മേഖലയുടെ സമഗ്രമായ അതിജീവനത്തിനും പുനരുദ്ധാരണത്തിനും വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറുവാനും മുന്നോട്ടു പോകുവാനുമുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കാനുമായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

18 ഓളം സംഘടനകളാണ് മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. കൊവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കുവാനായി സാധ്യമായതെല്ലാം അടിയന്തിരമായി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം കഴിയുന്ന മുറക്ക് പ്രത്യേക മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിനകത്തെ വിനോദസഞ്ചാരവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവും ലക്ഷ്യമാക്കിയുള്ളതാകും അടിയന്തിരമായ നടപടികള്‍. നിലവിലുള്ളവ പൂര്‍ത്തിയാക്കുന്നത് കൂടാതെ പൊന്നാനി, ആറൻമുള തുടങ്ങിയ പൈതൃക പദ്ധതികള്‍ക്കു ഉടനടി രൂപം നല്‍കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് വിവിധ കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ക്കു രൂപംനല്‍കി പ്രചാരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയിലൂന്നിയുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികളിലൂടെ കൂടുതല്‍ പേരിലേക്ക് ഗുണഫലങ്ങള്‍ എത്തിക്കും. ടൂറിസ്റ്റുകള്‍ക്കും സംരംഭകര്‍ക്കും തദ്ദേശവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവിലെ പ്രതിസന്ധി അവസരമായെടുത്ത്,  കൂടുതല്‍ ആവേശത്തോടെ ടൂറിസം മേഖലയെ സമീപിക്കണമെന്ന് മന്ത്രി സംഘടനകളോട് ആഹ്വാനം ചെയ്തു. കേരള ടൂറിസം മേഖലയുടെ പുതിയ കുതിപ്പുകള്‍ക്കു സഹായകരമായ രീതിയിലായിരിക്കും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും പദ്ധതികളുമെന്ന് മന്ത്രി സംഘടനകള്‍ക്ക് വാഗ്ദാനം നല്‍കി.

2025- ഓടെ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വ്യവസായവുമായി സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിനുള്ള തുടക്കമെന്ന നിലയില്‍ 2022 'കൊവിഡ് മുക്ത ടൂറിസം വര്‍ഷ'മായി മാറും എന്ന് പ്രതീക്ഷിക്കുന്നു. അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
 
കൊവിഡ് മഹാമാരി ടൂറിസം മേഖലയിലെ സംരംഭകരേയും തൊഴിലെടുക്കുന്നവരെയും എങ്ങനെയൊക്കെ ബാധിച്ചുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ മന്ത്രിയോട് വിശദീകരിച്ചു. പ്രതിസന്ധി നേരിടുവാനായി സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ വിലപ്പെട്ടതാണെന്നും മറ്റൊരു സംസ്ഥാനവും ചെയ്യാത്ത രീതിയിലുള്ള സഹായവും പ്രോത്സാഹനവും കേരളസര്‍ക്കാര്‍ ടൂറിസം വ്യവസായത്തിനായി നല്‍കിയെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. മുന്നോട്ടുള്ള യാത്രയിലും കൂടുതല്‍ സഹകരണവും സഹായങ്ങളും ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
 
ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ് , ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ, ടൂറിസം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപറേറ്റേഴ്സ്, അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ, ഓള്‍ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്‍, കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി, കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റൊന്‍റ്സ് അസോസിയേഷന്‍, സിഐഐ ടൂറിസം കമ്മിറ്റി, ഫിക്കി ടൂറിസം കമ്മിറ്റി, ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ തുടങ്ങിയ സംഘടനാ പ്രതിനിധികളും മറ്റ് സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.