Movie prime

ടൂറിസം മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ദേശീയ സമ്മേളനം 16ന് കോവളത്ത്

മികച്ച വിപണന തന്ത്രങ്ങളിലൂടെ ഇന്ത്യയെ വിനോദസഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കാനും പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് വിനോദസഞ്ചാരം വഴി പുത്തന് വരുമാനമാര്ഗങ്ങള് സൃഷ്ടിക്കാനും ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉയര്ന്ന ഉദ്യോഗസ്ഥരും സെപ്റ്റംബര് 16 തിങ്കളാഴ്ച കോവളത്ത് ഒത്തുചേരുന്നു. കോവളം ലീല റാവിസില് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം-സാംസ്കാരിക സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അദ്ധ്യക്ഷനായിരിക്കും. കേരള ടൂറിസം ആതിഥ്യമരുളുന്ന More
 

മികച്ച വിപണന തന്ത്രങ്ങളിലൂടെ ഇന്ത്യയെ വിനോദസഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കാനും പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് വിനോദസഞ്ചാരം വഴി പുത്തന്‍ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സെപ്റ്റംബര്‍ 16 തിങ്കളാഴ്ച കോവളത്ത് ഒത്തുചേരുന്നു.

കോവളം ലീല റാവിസില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം-സാംസ്കാരിക സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. കേരള ടൂറിസം ആതിഥ്യമരുളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷത്തിന്‍റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്ര കാണാനെത്തും.

സുസ്ഥിര വിനോദസഞ്ചാരത്തിലെ മികച്ച സമ്പ്രദായങ്ങള്‍, ടൂറിസം വ്യവസായം നേരിടുന്ന വെല്ലുവിളികള്‍, സംസ്ഥാന ടൂറിസം ബോര്‍ഡുകളുടെ ബ്രാന്‍ഡിങും പ്രോത്സാഹന നടപടികളും തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പരസ്പരം പ്രയോജനപ്പെടുത്താവുന്ന നിര്‍ദ്ദേശങ്ങള്‍ സമ്മേളത്തില്‍നിന്ന് ഉരുത്തിരിയും. ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്യാനുള്ള സ്ഥിരം വേദിയായി ഈ കൂട്ടായ്മയെ മാറ്റാമോ എന്നത് ആരായുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അനുഭവ സമ്പത്ത് പങ്കിട്ട് അതിരുകളില്ലാതെ സഹകരിച്ച് മുന്നോട്ടുപോകുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

നികുതി നിരക്കുകളിലെ അസമത്വങ്ങള്‍, ഈ മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കല്‍, ആഗോളാടിസ്ഥാനത്തില്‍ മത്സരം നേരിടുന്നതിനുവേണ്ടിയുള്ള ചെലവുകുറഞ്ഞ വിമാനയാത്രാ നിരക്കുകള്‍, ട്രെയിന്‍-റോഡ് ഗതാഗത ബന്ധങ്ങള്‍, സേവന സംവിധാനത്തിലെ ക്രമവല്‍കരണം തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളാകും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രണ്ടു പ്രളയങ്ങള്‍ സൃഷ്ടിച്ച ദുരിതത്തെ അതിവേഗം അതിജീവിച്ച കേരള മാതൃക ദേശീയ ടൂറിസം മേഖലയെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയും പൈതൃകവും സംരക്ഷിക്കാനുള്ള പൊതു തന്ത്രങ്ങളും നയങ്ങളും രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയും സമ്മേളനം പരിഗണിക്കും.

സാമ്പത്തികമാന്ദ്യം വിനോദസഞ്ചാരമേഖലയെ എങ്ങനെ ബാധിക്കുമെന്നും അത്തരം പ്രശ്നങ്ങള്‍ അതിജീവിച്ച് എങ്ങനെ ഈ മേഖലയെ മികച്ച വരുമാന സ്രോതസാക്കി മാറ്റാമെന്നുമുള്ളത് ചര്‍ച്ച ചെയ്യാന്‍ ഒരു സെഷന്‍ തന്നെ സമ്മേളനത്തില്‍ മാറ്റിവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ വിപണികള്‍ കണ്ടെത്തുക, ഡിജിറ്റല്‍ അടക്കം വിപണന സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുക, മേളകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുക, സമൂഹ മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക, പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയും സമ്മേളനത്തിന്‍റെ ലക്ഷ്യങ്ങളാണ്.