Movie prime

അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനം

അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ്റ് കോർപറേഷൻ (ബി.ആർ .ഡി .സി. ) കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനുമുള്ള നൂതന നദിയോര സംസ്കാര സഞ്ചാര ടൂറിസം പദ്ധതിയാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആർ.ഡി.സി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഹൗസ് ബോട്ടുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ More
 
അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനം

അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ്റ് കോർപറേഷൻ (ബി.ആർ .ഡി .സി. ) കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനുമുള്ള നൂതന നദിയോര സംസ്കാര സഞ്ചാര ടൂറിസം പദ്ധതിയാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആർ.ഡി.സി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഹൗസ് ബോട്ടുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

വടക്കിന്റെ കലാരൂപങ്ങളായ യക്ഷഗാനം, പാവക്കളി, കോൽക്കളി, അലാമിക്കളി, ദഫ് മുട്ട് , ഒപ്പന എന്നിവയ്ക്ക് പുറമേ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി, മാൻ കളി എന്നിവയുടെയുമൊക്കെ തനത് രൂപം ചോരാതെ വിദേശികൾക്ക് കാണാൻ ഉരു ടൂറിസത്തിലൂടെ അവസരമൊരുക്കിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂർ – കാസർകോട് ജില്ലകളിലെ നാട്ടുഭക്ഷണ രുചി ആസ്വദിച്ചു കൊണ്ട് നമ്മുടെ പൗരാണികവും ജൈവ വൈവിധ്യങ്ങളുറങ്ങുന്ന കാവുകളും കോട്ടങ്ങളും ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കണ്ട് അവയുടെ ചരിത്രധാന്യമറിയാനും പദ്ധതിയിലൂടെ സാധിക്കും. കവികളുടെയും സാംസ്കാരിക നായകൻമാരുടെയും ജീവൻ തുടിക്കുന്ന കഥകൾ ഉരു യാത്രയിലൂടെ പല സ്ഥലങ്ങളിൽ നിന്നായി ആസ്വദിക്കാനാകും. തണ്ണീർതടങ്ങളും ഔഷധ സസ്യ വൈവിധ്യങ്ങളും നാട്ടുമരുന്നുകളും ഗ്രാമീണ ചന്തകളും വിവിധ ഗ്രാമങ്ങളിലൂടെ കാണാൻ കഴിയുന്ന തരത്തിലുള്ള വൻ പാക്കേജുകളാണ് ഉരു ടൂറിസത്തിലൂടെ ഒരുക്കിട്ടുള്ളത്.

കേരളത്തിൽ ഹൗസ് ബോട്ട് അടക്കമുള്ള ടൂറിസം ഉണ്ടെങ്കിലും കായലിൽ കൂടി സഞ്ചരിക്കുന്ന ഉരു ടൂറിസം ആസ്വാദനം ഇത് ആദ്യമാണ്. സ്മൈൽ ടൂറിസമെന്ന തന്ത്രപരമായ പദ്ധതി നടപ്പിലാക്കി കാസർകോട് ജില്ലയെ ടൂറിസം ഭൂപടത്തിൽ മുൻ നിരയിലെത്തിച്ച ബി.ആർ.ഡി.സിയുടെ മറ്റൊരു നൂതന സംരംഭമായ ഉരു ടൂറിസം വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും. ഓരോ ടൂറിസ്റ്റുകളുടെയും വരവിന്റെ ഉദ്ദേശലക്ഷ്യങ്ങളറിഞ്ഞ് അവരവരുടെ ആശയാഭിലാഷങ്ങൾക്ക് അനുസൃതമായ പാക്കേജുകളൊരുക്കി സ്മെൽ സംരംഭകരിലൂടെ ദിശാബോധമൊരുക്കി നമ്മുടെ സംസ്കാരത്തിന്റെ അറിവനുഭവങ്ങളുടെ സ്വത്വം നഷ്ടപ്പെടാതെ വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.

50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഉരുവാണ് ടൂറിസം വകുപ്പിന് കീഴിലുള്ള ബിആർഡിസി സജ്ജമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഡയരക്ടർ ബോർഡ് യോഗം പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് ബി.ആർ ഡി.സി. മാനേജിംഗ് ഡയരക്ടർ ടി.കെ. മൻസൂർ പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയരക്ടർ പി.ബാലകിരൺ, കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ, കാസർഗോഡ് ജില്ലാ കലക്ടർ സജിത്ത് ബാബു, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടരി ഗിരീഷ് പറക്കാട് എന്നിവർ പങ്കെടുത്തു

അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനം

മലബാർ ഉരുവിന്റെ കഥ പറയാൻ സ്മൈൽ ടൂറിസം സംരംഭകർ

ആയിരത്തിലധികം വർഷങ്ങളുടെ പഴമയുള്ളതാണ് മലബാറിലെ ഉരു നിർമ്മാണ ചരിത്രം. ഉരു ടൂറിസം പദ്ധതിയുടെ ഭാഗമായെത്തുന്ന സഞ്ചാരികൾക്ക് ഉരുവിന്റെ ചരിത്രവും നിർമ്മാണത്തിലെ സവിശേഷതകളും കഥാരൂപേണയും ചിത്ര-ദൃശ്യ വിവരണങ്ങളിലൂടെയും സ്മൈൽ സംരംഭകർ വിശദമാക്കി നൽകും. മെസപ്പൊട്ടൊമിയൻ വാണിജ്യവും കടൽ മാർഗ്ഗം എത്തിച്ചേർന്ന അറബികൾ ഉരു നിർമ്മാണത്തിന് വഴിയൊരുക്കിയതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

എഴുതി വെച്ച കണക്കുകളോ, രൂപരേഖാ ചിത്രങ്ങളൊ ഒന്നുമില്ലാതെയാണ് ഉരുവിന്റെ നിർമ്മാണം. മലബാർ ഖലാസികളുടെ കരവിരുതിനാൽ പ്രശസ്തമായ നിർമ്മാണ പ്രക്രിയയിൽ നാടൻ ഉപകരണങ്ങളല്ലാതെ വലിയ യന്ത്രസാമഗ്രികളൊന്നും തന്നെ ഉപയോഗിക്കാറില്ല. അതെ സമയം, ലോകത്ത് ഏറ്റവും വലിയ കരകൗശല വസ്തു ആയാണ് ഉരു വിശേഷിക്കപ്പെടുന്നത്. ഒരു കാലത്ത് സമൃദ്ധിയുടെ നിറവിലായിരുന്ന ഉരു നിർമ്മാണം ഇന്ന് അന്യം നിന്നു പോകുന്ന ഘട്ടത്തിലാണ്. മലബാറിന്റെ സവിശേഷമായ ഉരു നിർമ്മാണ പൈതൃകം സംരക്ഷിക്കാൻ കൂടിയാണ് ബിആർഡിസി പദ്ധതി.