Movie prime

ചെന്നിത്തലയെ ട്രോളിയതുകൊണ്ട് നിങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടാകണമെന്നില്ല

ആശയ സംവാദത്തിൻ്റെ ഇടങ്ങൾ ചുരുങ്ങിച്ചുരുങ്ങി വരുന്നു. പരനിന്ദയും വ്യക്തിഹത്യയും യുദ്ധസമാനമായ ഗ്വാഗ്വാ വിളികളും കൊണ്ട് മുഖരിതമാണ് ചാനൽ സംവാദങ്ങൾ. ഇടതുപക്ഷ രാഷ്ട്രീയ സംവാദത്തെ കേവലമായ തെറിക്കുത്തരം മുറിപ്പത്തലെന്ന വർത്തമാനത്തിലേക്ക് ചുരുക്കുന്നതിൻ്റെ ഗതികേടിലേക്ക് വിരൽ ചൂണ്ടി പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്. തലകൊണ്ട് സ്ത്രീവിമോചന രാഷ്ട്രീയം ചിന്തിക്കുകയും എഴുതുകയും ലിംഗം കൊണ്ട് ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിൽ ഒരു വൈചിത്ര്യവും നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയമറിയില്ലെന്നും ഇടതുപക്ഷത്തിന്റെ മാത്രമല്ല, ജനാധിപത്യസമൂഹത്തിന്റെ എതിർപക്ഷത്താണ് നിങ്ങളെന്നും മുന്നറിയിപ്പ് നല്കുന്നു. ………… ജനാധിപത്യവിരുദ്ധമായ ആക്രോശങ്ങൾ More
 
ചെന്നിത്തലയെ ട്രോളിയതുകൊണ്ട് നിങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടാകണമെന്നില്ല

ആശയ സംവാദത്തിൻ്റെ ഇടങ്ങൾ ചുരുങ്ങിച്ചുരുങ്ങി വരുന്നു. പരനിന്ദയും വ്യക്തിഹത്യയും യുദ്ധസമാനമായ ഗ്വാഗ്വാ വിളികളും കൊണ്ട് മുഖരിതമാണ് ചാനൽ സംവാദങ്ങൾ. ഇടതുപക്ഷ രാഷ്ട്രീയ സംവാദത്തെ കേവലമായ തെറിക്കുത്തരം മുറിപ്പത്തലെന്ന വർത്തമാനത്തിലേക്ക് ചുരുക്കുന്നതിൻ്റെ ഗതികേടിലേക്ക് വിരൽ ചൂണ്ടി പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്. തലകൊണ്ട് സ്ത്രീവിമോചന രാഷ്ട്രീയം ചിന്തിക്കുകയും എഴുതുകയും ലിംഗം കൊണ്ട് ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിൽ ഒരു വൈചിത്ര്യവും നിങ്ങൾക്ക്  തോന്നുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയമറിയില്ലെന്നും ഇടതുപക്ഷത്തിന്റെ മാത്രമല്ല, ജനാധിപത്യസമൂഹത്തിന്റെ എതിർപക്ഷത്താണ് നിങ്ങളെന്നും മുന്നറിയിപ്പ് നല്കുന്നു. 

…………

ജനാധിപത്യവിരുദ്ധമായ ആക്രോശങ്ങൾ കൃത്യമായി കുറിക്കുകൊള്ളുന്ന രാഷ്ട്രീയ സംവാദമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നിടത്തല്ല ഇടതുപക്ഷ സംവാദങ്ങളുടെ സ്ഥാനം. മറുപടിക്ക്കൂടി സ്ഥലമൊഴിച്ചിട്ടുള്ള സംവാദങ്ങളിലൂടെ മാത്രമാണ് മനുഷ്യ നാഗരികത വളരുന്നത്. 

അധിക്ഷേപപദങ്ങൾക്കൊണ്ടു പരപുച്ഛത്തിന്റെ അണക്കെട്ടു തുറന്നൊഴുകുന്ന  മലിനജലത്തിൽ മറ്റെന്തൊക്കെയുണ്ടെങ്കിലും ഇടതുപക്ഷ രാഷ്ട്രീയമില്ല. സ്വന്തം സ്വസ്ഥതയെ അലോസരപ്പെടുത്താത്ത വിധത്തിൽ നടത്തുന്ന ഗാഗ്വാ വിളികളാണ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര സംവാദം എന്നത് കേരളത്തിലെ ഒരു എമണ്ടൻ തട്ടിപ്പാണ്. 

തരം പോലെ സാങ്കേതിക വിദഗ്ധനായി മാറാം, ജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ കുപ്പായത്തിൽ നിന്നുമൂരി ആനന്ദവാദത്തിന്റെ വാസനതൈലം പൂശി കാറ്റുകൊള്ളാനിറങ്ങാം. ആവശ്യം വരുമ്പോൾ കഴുകിയിട്ട പ്രത്യയശാസ്ത്രക്കുപ്പായം പാകമാകും വിധത്തിൽ മുറിച്ചും തിരിച്ചും വീണ്ടും ധരിക്കാം, എം എൻ വിജയൻ ചത്തില്ലേടാ എന്ന് പാതിരാവിൽ നടുറോഡിലിറങ്ങി വെല്ലുവിളിക്കാം, അതിനു നമ്മളും വിജയനുമായെന്ത്  എന്ന് അമ്പരക്കുന്നവരെ പഴയ നീയല്ലെങ്കിൽ നിന്റെ തന്തയെന്ന ചെന്നായ-ആട്ടിൻകുട്ടി ചരിത്രസംവാദം ഓർമ്മിപ്പിച്ചു കാലുമടക്കിയടിക്കാം, സൗകര്യം പോലെ വലതുപക്ഷ നിരീക്ഷകനാകാം, എന്നാലോ ഇടതുപക്ഷത്തിന്റെ കണക്കപ്പിള്ളയുമാകാം, അങ്ങനെയങ്ങനെ കളിച്ചും കളിപ്പിച്ചും രസം പിടിക്കാം. 

അങ്ങനെ ഇടതുപക്ഷം ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ എതിർരാഷ്‌ട്രീയമാണ് വളരെ സൗകര്യപ്രദമായി ഇടതുപക്ഷമെന്ന പേരിൽ പലപ്പോഴും സി പി എമ്മിനെ രക്ഷിക്കാനെന്ന മട്ടിൽ ഇറങ്ങുന്നത്. ഉമ്മൻചാണ്ടി വിരുദ്ധത കൊണ്ടോ ചെന്നിത്തലയെ ട്രോളിയതുകൊണ്ടോ നിങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടാകണമെന്നില്ല. അതിപ്പോൾ കേരള കോൺഗ്രസ് സ്കറിയ  ജോർജ് ഗ്രൂപ്പും ചെയ്യും. അത് പോരാ. അതിനൊരു വർഗ രാഷ്ട്രീയം വേണം.  

പരിസ്ഥിതിയുടെ രാഷ്ട്രീയമെന്നത് മാർക്സിയൻ രാഷ്ട്രീയത്തിന്റെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വർഗസമരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ലോകം മുഴുവൻ ഇടതുപക്ഷം ഉറക്കെ പറയുമ്പോഴും കാട് പരന്നു നാടാകെ മൂടിപ്പോകുന്ന കഥകൾ കേരളത്തിലെ സ്വയം പ്രഖ്യാപിത വലതുപക്ഷ ഇടതു സംരക്ഷണ നിരീക്ഷകർ പറയും. കാരണം നമ്മൾ മാർക്സിസ്റ്റൊന്നുമല്ലെന്നു പണ്ടേ പറഞ്ഞതല്യോ എന്ന് സ്ഥിരമുത്തരം കരുതിവെയ്ക്കും. 

ഇടതുപക്ഷ രാഷ്ട്രീയ സംവാദത്തെ കേവലമായ തെറിക്കുത്തരം മുറിപ്പത്തലെന്ന വർത്തമാനത്തിലേക്ക് ചുരുക്കിയതിന്റെ കാലമാണിത്. സ്പ്രിങ്ക്ലർ പ്രശ്നം നോക്കൂ. Surveillance  Capitalism  എന്ന പ്രശ്നത്തെയോ data  privacy  യെയോ ഒന്നും ചർച്ച ചെയ്യാൻ പോലും കഴിയാത്ത വിധത്തിൽ മുഖ്യധാരാ ഇടതുപക്ഷം സ്വയം കെണിയിൽ ചാടുകയാണ്. മദ്യം കിട്ടാനുള്ള app വെച്ചുള്ള data  ചോർച്ച തമാശയൊക്കെയായി ഇടതു സംരക്ഷക നിരീക്ഷകർ കുശാലാണ്. ലോകത്തെങ്ങും മുതലാളിത്തത്തിന്റെ ഏറ്റവും പുതിയ ചൂഷണ ഘട്ടത്തിലെ അവിഭാജ്യ ഘടകമായ data  യെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ സംവാദത്തിനെ  സാങ്കേതിക ജ്ഞാനമുള്ള മിടുക്കരുടെ കളി മാത്രമാണ് ഇതൊക്കെ എന്ന പരപുച്ഛത്തിലേക്ക് ചുരുക്കുന്നത് ഒരജണ്ടയാണ്. 

ഇതൊക്കെത്തന്നെയാണ് സ്ത്രീരാഷ്ട്രീയത്തിന്റെ കാര്യത്തിലും. ജീവിതം കൊണ്ടുമാത്രം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന രാഷ്ട്രീയമുണ്ട്, സ്ത്രീരാഷ്ട്രീയം അങ്ങനെയൊന്നാണ്. ജനാധിപത്യവും അങ്ങനെയൊന്നാണ്. ഒരാൾ തലകൊണ്ട് സ്ത്രീവിമോചന രാഷ്ട്രീയം ചിന്തിക്കുകയും എഴുതുകയും ലിംഗം കൊണ്ട് ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിൽ ഒരു വൈചിത്ര്യവും  നിങ്ങൾക്ക്  തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമറിയില്ല. ഇടതുപക്ഷത്തിന്റെ മാത്രമല്ല, ജനാധിപത്യസമൂഹത്തിന്റെ എതിർപക്ഷത്താണ് നിങ്ങൾ. 

അതേ കളിയിടത്തിൽ താളംപിടിച്ചുകൊണ്ട് കരനാഥന്മാരായി ഇരിക്കുന്നവർ ഇനിയുമുണ്ട്. കണ്ടില്ലെന്നു നടിച്ചുകൊണ്ട് കുടുംബം എന്ന സ്വകാര്യതയെക്കുറിച്ച് എത്രയോ ബഹുമാനത്തോടെ സംസാരിക്കുന്ന മാർക്സിസ്റ്റുകളത്രേ ! സ്ത്രീയുടെ അടിമത്തത്തിൽ കെട്ടിപ്പൊക്കിയ സ്ഥാപനമാണ് കുടുംബം എന്ന് പറഞ്ഞത് സാങ്കേതികവിദഗ്ധനല്ലാത്ത ഒരു മാർക്സിസ്റ്റാണ്. അതുകൊണ്ട് കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട്  ഹേ  സ്ത്രീയെ പിരിഞ്ഞു പോവുക. ആണുങ്ങളുടെ സംവാദത്തിനു ഭംഗമുണ്ടാക്കരുത്.