Movie prime

“പുരുഷാധിപത്യത്തിൽ സമാധാനം എന്നത് സ്ത്രീകൾക്കെതിരായ യുദ്ധമാണ്”, എഎംഎംഎ നേതൃത്വത്തിന് രേവതിയും പത്മപ്രിയയും എഴുതിയ തുറന്ന കത്ത് പൂർണ രൂപത്തിൽ

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച A.M.M.A ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ തുറന്ന കത്തെഴുതി നടിമാരായ രേവതിയും പത്മപ്രിയയും. സംഘടനയിൽ നിന്ന് രാജിവെച്ചു കൊണ്ടുള്ള നടി പാർവതി തിരുവോത്തിൻ്റെ നിലപാട് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്തിൽ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഇരുവരും ഉയർത്തുന്നത്. അംഗങ്ങളിൽ പകുതിയോളം വനിതകളായ, ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയിൽ സ്ത്രീകളെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു നടപടിയും A.M.M.A കൈക്കൊള്ളുന്നില്ല എന്ന് കുറ്റപ്പെടുത്തുന്നു. സ്ത്രീകളെ പരിഹസിക്കാനും അവരുടെ പ്രശ്നങ്ങളെ അന്യവൽക്കരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും നേതൃത്വം More
 
“പുരുഷാധിപത്യത്തിൽ സമാധാനം എന്നത് സ്ത്രീകൾക്കെതിരായ യുദ്ധമാണ്”, എഎംഎംഎ നേതൃത്വത്തിന് രേവതിയും പത്മപ്രിയയും എഴുതിയ തുറന്ന കത്ത് പൂർണ രൂപത്തിൽ

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച A.M.M.A ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ തുറന്ന കത്തെഴുതി നടിമാരായ രേവതിയും പത്മപ്രിയയും. സംഘടനയിൽ നിന്ന് രാജിവെച്ചു കൊണ്ടുള്ള നടി പാർവതി തിരുവോത്തിൻ്റെ നിലപാട് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്തിൽ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഇരുവരും ഉയർത്തുന്നത്. അംഗങ്ങളിൽ പകുതിയോളം വനിതകളായ, ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയിൽ സ്ത്രീകളെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു നടപടിയും A.M.M.A കൈക്കൊള്ളുന്നില്ല എന്ന് കുറ്റപ്പെടുത്തുന്നു.

സ്ത്രീകളെ പരിഹസിക്കാനും അവരുടെ പ്രശ്‌നങ്ങളെ അന്യവൽക്കരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും നേതൃത്വം നടത്തുന്നതായി കത്തിൽ ആരോപിക്കുന്നു. മൂന്ന് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്തിൽ A.M.M.A പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ് ജേക്കബ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവരെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.”പുരുഷാധിപത്യത്തിൽ സമാധാനം എന്നത് സ്ത്രീകൾക്കെതിരായ യുദ്ധമാണ്” എന്ന ജർമൻ എഴുത്തുകാരിയും ഫെമിനിസ്റ്റ് ചിന്തകയുമായ മരിയ മൈസിൻ്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ വ്യവസായത്തിന് അകത്തുനിന്നുള്ള ഒരു മനോഭാവത്തെ നാം വീണ്ടും അഭിമുഖീകരിക്കുന്നു. പൊതു സമൂഹത്തിൽ നാം അതേപ്പറ്റി
സംസാരിക്കേണ്ടതുണ്ട്. ഇക്കാലത്ത് ഒപ്പം ജോലി ചെയ്യുന്നവരോടും സ്ത്രീകളോടുമുള്ള നമ്മുടെ സഹപ്രവർത്തകരുടെ മനോഭാവം മാറ്റാനുള്ള ഒരേയൊരു മാർഗം അതു മാത്രമാണെന്ന് തോന്നുന്നു.

A.M.M.A യിൽ നിന്ന് രാജിവെച്ചുകൊണ്ട് നമ്മുടെ സഹപ്രവർത്തകയായ പാർവതി നൽകിയ കത്ത് 2018-ൽ തുടക്കമിട്ട ഒരു യാത്രയെപ്പറ്റി ഓർമിപ്പിച്ചു. ആക്രമണത്തെ അതിജീവിച്ച നടി സംഘടനയ്ക്കു നല്കിയ രാജിക്കത്തായിരുന്നു അതിൻ്റെ തുടക്കം.
ഒരുപാട് വേദനയോടെയും, ചലച്ചിത്രമേഖലയിലെ അഭിനേതാക്കൾ എന്ന നിലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മകമായ അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയും ആരംഭിച്ച ഒരു യാത്രയായിരുന്നു അത്. പൊതുവേദിയിൽമുമ്പൊരിക്കലും നടന്നിട്ടില്ലാത്ത ചർച്ചകൾക്കുള്ള ഇടം സൃഷ്ടിച്ചതിനാൽ അത് ഒരർഥത്തിൽ ഫലപ്രദമായിരുന്നു. എന്നാൽ ഈ പ്രക്രിയയിൽ ഒരിക്കലും കാണാൻ കഴിയാതിരുന്ന ഒരേയൊരു കാര്യം A.M.M.A നേതൃത്വത്തിൻ്റെ ക്രിയാത്മകമായ ഇടപെടലാണ്. ഉചിതമായ തീരുമാനങ്ങളോ നടപടികളോ എടുക്കാൻ കഴിയാതെ നിഷ്ക്രിയമായിരുന്നു നേതൃത്വം.

മുൻപും സംഭവിച്ചിട്ടുള്ളതുപോലെ A.M.M.A ജനറൽ സെക്രട്ടറി അടുത്തിടെ നൽകിയ അഭിമുഖം അപകടകരമായ ഒരു മാതൃകയാണ് നമുക്കു കാണിച്ചു തന്നത്. നേതൃത്വത്തിലെ ചിലർക്ക് അവരുടെ സാമൂഹ്യമായ പദവിയും അധികാരവും ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനും ഒരു ക്രിമിനൽ
കേസന്വേഷണത്തിൽ ഇടപെടാനും കഴിയും എന്നതിന്റെ മാതൃകയാണത്. 50 ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയിൽ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു നടപടിയും A.M.M.A കൈക്കൊള്ളുന്നില്ല. മറിച്ച് സ്ത്രീകളെ പരിഹസിക്കാനും അവരുടെ പ്രശ്‌നങ്ങളെ അന്യവൽക്കരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു സംഘടനയെന്ന നിലയിൽ A.M.M.A കൂട്ടായി അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യത്തിലും മുഴുവൻ നേതൃത്വവും മൗനം പാലിക്കും എന്നതിൻ്റെ ഉദാഹരണമാണ് കൺമുന്നിലുള്ളത്.

സഹപ്രവർത്തകരും മാധ്യമങ്ങളും കുടുംബവും ഞങ്ങൾ രണ്ടുപേരോടും കഴിഞ്ഞ രണ്ട് ദിവസമായി ചോദിക്കുന്നത് ഞങ്ങൾ എന്തുചെയ്യുന്നു എന്നാണ്. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾക്കിടയിലും ഞങ്ങൾ ഇതേപ്പറ്റിയാണ് ചിന്തിച്ചത്. പത്മപ്രിയയോ രേവതിയോ മറ്റേതെങ്കിലും A.M.M.A അംഗമോ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ രാജിവെയ്ക്കുകയോ സംഭാഷണം തുടരുകയോ ചെയ്യുന്നതിൻ്റെ പ്രശ്നമാണോ ഇത്. അതെ, ഒരുപക്ഷേ അതു തന്നെയാണ് കാര്യം. എന്നാൽ ഈ സന്ദർഭത്തിൽ അത് മാത്രമല്ല കാര്യം. A.M.M.A നേതൃത്വം ആദ്യം അവരുടെ നിലപാട് വ്യക്തമാക്കേണ്ട സമയമാണിത്. ഞങ്ങളെ ചോദ്യം ചെയ്യുന്നതിനുപകരം, നേതൃത്വം സ്വയം ചോദ്യം ചെയ്യുകയും അവരുടെ കാഴ്ചപ്പാടുകൾ നമ്മളുമായി പങ്കുവെയ്ക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്.

ഇനി പറയുന്ന ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഒരു കത്ത് നേതൃത്വത്തിലുള്ള ഓരോ അംഗത്തിനും ഞങ്ങൾ രണ്ടുപേരും അയച്ചിട്ടുണ്ട്.

1. ഇടവേള ബാബു മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തെ കുറിച്ചും A.M.M.A വൈസ് പ്രസിഡൻ്റ് ഗണേഷ് കുമാർ ആ അഭിപ്രായത്തെ പിന്തുണച്ചതിനെ പറ്റിയും, വ്യക്തികളെന്ന നിലയിലും A.M.M.A നേതൃത്വത്തിന്റെ ഭാഗമെന്ന നിലയിലും നിങ്ങളുടെ നിലപാട് എന്താണ് ?

2. നേതൃത്വത്തിലെ ചിലർ A.M.M.A യെയും ചലച്ചിത്രമേഖലയെയും മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറുമ്പോൾ എന്ത് നടപടിയാണ് കൈക്കൊള്ളുന്നത് ?

3. A.M.M.A യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സിദ്ദിഖിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ജനറൽ സെക്രട്ടറിയുടെ പ്രതികരണം പുറത്തുവന്നതിൻ്റെ വെളിച്ചത്തിൽ, നേതൃത്വം എന്ത് നിലപാടാണ് എടുത്തിട്ടുള്ളത് ? സ്ത്രീകൾക്കെതിരായ അതിക്രമം തടയാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമുള്ള പോഷ് ആക്റ്റ് നാം നടപ്പിലാക്കിയിട്ടുണ്ടോ?

“പുരുഷാധിപത്യത്തിൽ സമാധാനം സ്ത്രീകൾക്കെതിരായ യുദ്ധമാണ്”- മരിയ മൈസ് രേവതി, പത്മപ്രിയ