airtel
റിലയൻസ് ജിയോ സൗജന്യ വീഡിയോ കോൺഫറൻസിങ്ങ് സേവനമായ ജിയോമീറ്റ് അവതരിപ്പിച്ചതിനു പിന്നാലെ വെർച്വൽ കോൺഫറൻസ് വിപണി ലക്ഷ്യമിട്ട് ഭാരതി എയർടെലും. തുടക്കത്തിൽ സ്റ്റാർട്ടപ്പുകൾക്കും എന്റർപ്രൈസുകൾക്കുമാണ് പ്ലാറ്റ്ഫോം ലഭ്യമാകുക. പ്രതികരണം വിലയിരുത്തിയ ശേഷമാകും സാധാരണ ഉപയോക്താക്കൾക്കായി സേവനങ്ങൾ വിപുലീകരിക്കുന്നത്. airtel
നിലവിൽ മൈക്രോസോഫ്റ്റ് ടീംസ്, സൂം, ഗൂഗിൾ ഹാംഗ് ഔട്ട് തുടങ്ങി നിരവധി കമ്പനികൾ വെർച്വൽ കോൺഫറൻസിങ്ങ് മേഖലയിൽ സജീവമാണ്. ജിയോ കൂടി രംഗത്തെത്തിയതോടെ മത്സരം കടുത്തു. ഇതിനിടയിലാണ് സ്വന്തമായി വീഡിയോ കോൺഫറൻസിങ്ങ് സേവനം ആരംഭിക്കാൻ ഭാരതി എയർടെൽ ഒരുങ്ങുന്നത്.
സൂമിൻ്റെ തനി പകർപ്പാണ് ജിയോ മീറ്റെന്നും പുതുമയില്ലെന്നും ഒട്ടും വ്യത്യസ്തമല്ലെന്നുമുള്ള ആരോപണങ്ങളും വിമർശനങ്ങളും ജിയോയുടെ പ്ലാറ്റ്ഫോമിനെതിരെ ഉയർന്നു വന്നിരുന്നു. എന്നാൽ അതിവേഗമാണ് ജിയോ ഈ ആരോപണങ്ങളെ മറികടന്നത്. ഉന്നത പദവികൾ വഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം നിരവധി പേർ ജിയോയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
സൂമിനേക്കാൾ മികച്ചതാണ് ജിയോമീറ്റെന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ജിയോക്ക് അനുകൂലമായി അദ്ദേഹം പ്രതികരിച്ചത്. “ജിയോമീറ്റ് പരീക്ഷിച്ചു നോക്കി. ലളിതവും അനായാസവുമാണ് ഇതിൻ്റെ പ്രവർത്തനം. മീറ്റിംഗുകൾ എൻക്രിപ്റ്റ് ചെയ്തതാണ്. പാസ്വേഡ് കൊണ്ട് സുരക്ഷിതവുമാണ്. പരിധിയില്ലാത്ത ഹൈ-ഡെഫനിഷൻ കോളുകൾ ചെയ്യാം. ഓൾ ഇന്ത്യാ ഡാറ്റയുമുണ്ട് ” – ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.
ഇന്ത്യൻ സാങ്കേതിക രംഗത്തെ ഒരു സുപ്രധാന ഡിസ്റപ്ഷൻ(ഉsച്ചു വാർക്കൽ) ആയി ജിയോ മീറ്റിനെ കാണാമെന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ എഴുതി.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ കെ സിങ്ങും സമാനമായ പ്രതികരണവുമായി ട്വിറ്ററിലെത്തി. ജിയോമീറ്റിനെ പൂർണമായി പിന്തുണയ്ക്കുകയാണെന്നും കമ്മിഷൻ ഉടൻതന്നെ അതിലേക്ക് ചുവടുമാറ്റുമെന്നും അദ്ദേഹം കുറിച്ചു.
വിദേശ ആപ്പുകൾക്കെതിരെ, പ്രത്യേകിച്ച് ചൈനീസ് കമ്പനികൾക്കെതിരെ, രാജ്യത്ത് ഉയർന്നുവന്നിട്ടുള്ള പൊതുവികാരം മുതലെടുക്കുകയാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളുടെ ഉദ്ദേശ്യം.
പ്രാദേശിക സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും സഹായത്തോടെ ആഭ്യന്തര സാങ്കേതികവിദ്യ വികസിപ്പിക്കാനും വിദേശ അപ്ലിക്കേഷനുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള സർക്കാർ നിർദേശവും ഈ നീക്കങ്ങളെ ശക്തിപ്പെടുത്തും.
മൊബൈൽ, ഇലക്ട്രോണിക്സ് നിർമാണ രംഗത്തെ അതികായരായി ഇന്ത്യ മാറണമെന്നും വിദേശ അപ്ലിക്കേഷനുകളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും ടെലികോം, വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ-ചൈന അതിർത്തിയിൽ വർധിച്ചുവന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടിക് ടോക്ക്, യുസി ബ്രൗസർ, വിചാറ്റ്, ഷെയർഇറ്റ്, മി വീഡിയോ ഉൾപ്പെടെ 59 ചൈനീസ് അപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചത് ഈയിടെയാണ്.