പ്രകൃതി പൂക്കളെയും പക്ഷികളെയും സൃഷ്ടിച്ചതെന്തിനെന്ന് ആരും ചോദിക്കാറില്ലല്ലോ...

 

കൈരളി ചാനലിന്റെ ചെയർമാൻ എന്ന നിലയിലാണ് മമ്മൂട്ടിയെ നേരിട്ട് അരികെ കാണുന്നത്. 2000ൽ. അതിനു മുമ്പുതന്നെ അദ്ദേഹം പത്തരമാറ്റുള്ള നടനായി നമ്മുടെ ഭാഷയിൽ അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു.

അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് നാണയം എന്ന ചിത്രത്തിന്റെ ചിത്രീകരണം കാണാൻ ഞങ്ങൾ ചില കുട്ടികൾ പോയിട്ടുണ്ട്. ആ സിനിമയുടെ നിർമ്മാതാവിന്റെ മകൻ എബ്രഹാമിനൊപ്പം. കാണാമറയത്തിന്റെ സെറ്റിലും ഞങ്ങൾ കോട്ടയം എം.ടി. സെമിനാരിയിലെ കുട്ടികൾ എത്തിയിരുന്നു.

മമ്മൂട്ടി ചെയർമാനും കെ. ആർ. മോഹനൻ പ്രോഗ്രാം മേധാവിയും ബാബു ഭരദ്വാജ് ക്രിയേറ്റീവ് ഹെഡുമായിട്ടുള്ള കൈരളിയുടെ തുടക്കനാളുകൾ. പല മീറ്റിംഗുകൾ. പരിപാടികളെപ്പറ്റിയുള്ള വിശദമായ ചർച്ചകൾ - ഇങ്ങനെ ഉന്മേഷകരമായ നാളുകൾ. വലിയ വലിയ ഷോകൾ. അവിടങ്ങളിലൊക്കെ കൈരളിയുടെ ക്രൗഡ് പുള്ളർ മമ്മൂട്ടിയായിരുന്നു. ചെറിയ ശ്രീനിയും വലിയലോകവും എന്ന 100 എപ്പിസോഡുണ്ടായിരുന്ന ടെലിവിഷൻ പരിപാടിയുടെ ഓരോ ഘട്ടത്തിലും മമ്മൂക്ക പറഞ്ഞ നിർദ്ദേശങ്ങൾ മനസ്സിലുണ്ട്.

കൈരളിയിലെ അഞ്ചു വർഷങ്ങൾക്കുശേഷം ഭാർഗ്ഗവചരിതം എന്ന ജോമോൻ ചിത്രത്തിന്റെ കഥ പറയാനായി തസ്ക്കരവീരന്റെ സെറ്റിൽ ചെന്നു. മമ്മൂട്ടി ചോദിച്ചു. "താൻ കൈരളി വിട്ടോ?'

ജോമോനാണ് വിട്ടു എന്ന മറുപടി പറഞ്ഞത്. "സിനിമയിൽ വേറെ പരിചയപ്പെടേണ്ടി വരും"

അതെന്തു പരിചയപ്പെട്ടൽ എന്ന് ശ്രീനിവാസൻ . അത് പിന്നെ പറയാം എന്ന് - ചിരിക്കാതെ മമ്മൂക്ക. പിന്നെ കഥ പറഞ്ഞു.

കാലം പിന്നെയും കഴിഞ്ഞു. 2013 ൽ ഏഷ്യാനെറ്റ് ന്യൂസിലെത്തിയ ശേഷം വാക്കു പൂക്കും കാലം എന്നൊരു സാഹിത്യ പരിപാടി തുടങ്ങി. എം.ജി.ആർ (എം ജി രാധാകൃഷ്ണൻ) ആയിരുന്നു അവതാരകൻ. അതിന്റെ നിർമ്മാണ ഘട്ടങ്ങളിലൊന്നിൽ ഒരു നിമിഷം ഒരു മെസേജ് മമ്മൂക്കയ്ക്ക് അയച്ചു. അതിങ്ങനെ:

ഞങ്ങൾ ഒരു സാഹിത്യ ദൃശ്യാവിഷക്കാരത്തിനു ശ്രമിക്കുന്നു. നമ്മുടെ ഭാഷയുടെ ആദ്യകാലം മുതൽ വർത്തമാനം വരെയുള്ള ചരിത്രം . അതിൽ പ്രധാന കൃതികളുണ്ട്. അവയിൽ ചിലത് മമ്മൂക്ക വായിച്ചു തന്നാൽ നന്നായിരുന്നു...

അധികം വൈകാതെ മറുപടി വന്നു. അന്നു തന്നെ. ഏതൊക്കെ കൃതികൾ വരുന്നുണ്ട്. ആരൊക്കെയാണ് വായിക്കുന്നത്. വിട്ടു പോകരുതാത്ത പുസ്തകങ്ങൾ.

അങ്ങനെ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്ക വാക്കു പൂക്കും കാലം എന്ന ആ ടെലിവിഷൻ പരിപാടിയോട് ചേർന്നു നിൽക്കുന്ന അനുഭവമായിരുന്നു പിന്നീട് ഉണ്ടായത്.

വാഗമണ്ണിൽ ഒരു സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അവിടെ എത്താൻ മമ്മൂക്ക പറഞ്ഞു. ഞങ്ങൾ ചെന്നു. കോസ്റ്റ്യൂമിൽ നിൽക്കുകയാണ്. കിട്ടിയ ഇടവേളയിൽ ബഷീറിനെക്കുറിച്ചു വിശദമായി ക്യാമറയിൽ സംസാരിച്ചു. പിന്നെ 'ബഷീർ വായന' നടത്തി. ശേഷം ചിത്രീകരണത്തിരക്കിലേക്ക് കടക്കും മുമ്പ് മമ്മൂക്ക പറഞ്ഞു: "എം.ടി രാത്രിയിൽ വായിക്കാം. നിങ്ങൾ 8 മണിക്ക് തയ്യാറായിരിക്ക്. ഞാൻ അങ്ങെത്തും".

മമ്മൂക്ക താമസിക്കുന്നതിന്റെ തൊട്ടടുത്ത ഗസ്റ്റ് ഹൗസ്. രാത്രി 8 മണികഴിഞ്ഞതോടെ ഷൂട്ടിംഗ് കഴിഞ്ഞ ക്ഷീണം ലേശവുമില്ലാതെ ഉന്മേഷവാനായി മമ്മൂക്ക ഞങ്ങൾ താമസിക്കുന്നിടത്തേക്ക് വന്നു. എം.ടി യുടെ നാലുകെട്ട് വായിച്ചു. തന്റെ മാനസ്സഗുരുവായ എം.ടിയെ കണ്ടതും സംസാരിച്ചതുമൊക്കെ ആവേശത്തോടെ ഒരു കുട്ടിയെപ്പോലെ പറഞ്ഞു. അന്ന് അർദ്ധരാത്രിയോടടുത്ത നേരത്താണ് അദ്ദേഹം മടങ്ങിയത്.

സിനിമയിൽ പ്രേക്ഷകർ മമ്മൂട്ടി ചില കഥാപാത്രകളെ അവതരിപ്പിക്കുന്നത് അധികം ഇഷ്ടപ്പെടാറുണ്ട്. അതിനു കാരണം വ്യക്തിയിൽ നിന്നും പകരുന്ന ചില വിനിമയ തരംഗങ്ങളാണെന്നു തോന്നുന്നു.

പിന്നീട് തൃശൂരിൽ മറ്റൊരു ലൊക്കേഷനിലെത്തി ഞങ്ങൾ ബഷീറിന്റെ മതിലുകൾ വായന ചിത്രീകരിച്ചു. തുടർന്ന് നാഴികക്കല്ലുകളായ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു. ഇടയ്ക്ക് വാക്കു പൂക്കും കാലത്തെക്കുറിച്ച് ചില നിരീക്ഷണങ്ങൾ അറിയിക്കുകയും ചെയ്തു.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ, ഞങ്ങൾ വാങ്ങി നൽകിയ ചില പുസ്തകങ്ങൾ സ്നേഹപൂർവ്വം നെഞ്ചോടു ചേർത്തു വച്ചാണ് മമ്മൂക്ക അപ്പോഴൊക്കെ യാത്ര പറഞ്ഞത്. എന്നാൽ പുതുതലമുറയിലെ ചില താരസിങ്കങ്ങളോട് ചില പുസ്തകങ്ങൾ വായിക്കുന്ന കാര്യം ചോദിച്ചപ്പോൾ അവർ ആവശ്യപ്പെട്ടത് കോൾഷീറ്റ് കണക്കിന് ക്യാഷ് !!!

'വായിച്ച് വളയൂ' എന്ന് ആശംസിച്ച് വായനയ്ക്ക് ശ്രീനിവാസനേയും ജയറാമിനേയും മഞ്ജു വാര്യരേയും മറ്റും സമീപിച്ചു. അവർ കോൾഷീറ്റ് നോക്കിയില്ല.

പുസ്തകങ്ങൾക്കും വായനയ്ക്കും ഭാഷയ്ക്കും നമ്മുടെ ദൃശ്യമാധ്യമങ്ങളിലുള്ള ഇടം തുലോം കുറവാണ് ഇന്ന്. ഇല്ല എന്നു തന്നെ പറയാം. ഇതൊക്കെ നേരംകൊല്ലി പരിപാടിയായി കാണുന്നവരാണ് അധികവും. അതിനിടയിൽ ഒരു ഭാഷാപരിപാടിയോട് മമ്മൂട്ടി കാണിച്ച സ്നേഹം അത് രക്തഗുണമാണ്. ജൈവികമായി ഭാഷയോടും സംസ്ക്കാരത്തോടും ജീവിതത്തോടുമുള്ള കൂറാണ് ഇവിടെ വെളിപ്പെടുന്നത്.

തുട്ടിൽ കണ്ണും മനസ്സും നട്ടുപിടിപ്പിക്കുന്നവർക്ക് ആ വഴി തിരിയില്ല. അക്കൂട്ടർക്ക് ഭാഷയുടേയോ സംസ്ക്കാരത്തിന്റെയോ അറയിൽ ഇടമുണ്ടാവാതിരിക്കുക സ്വാഭാവികം!

70 വയസ്സ് മമ്മൂക്ക ആഘോഷിക്കാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഇനി ചെയ്യാൻ കഴിയുന്ന 50 വയസ്സുള്ള കഥാപാത്രങ്ങൾ പലതും അദ്ദേഹത്തിന്റെ കൺവെട്ടത്ത് വന്നു നിൽക്കുന്നുണ്ടാകും. ഒരു നടന് ഒരു ദേശത്തിന്റെ സംസ്കാരം എങ്ങനെ ആഭരണമാകുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂട്ടി എന്ന അഭിനേതാവ്.  ഞങ്ങളുടെ തലമുറയെക്കാൾ 2 ദശാബ്ദം അധികം ജീവിക്കുകയും ഞങ്ങൾക്ക് ശേഷമുള്ള തലമുറകളുടെ പ്രിയപ്പെട്ട നടനാകുകയും ചെയ്യുക. അങ്ങനെ മലയാളിയുടെ ജീവിതത്തിൽ കാലാന്തര പ്രസക്തിയുള്ള സാന്നിധ്യമായി മാറാൻ കഴിഞ്ഞു മമ്മൂട്ടിക്ക്.

പ്രകൃതി പൂക്കളെയും പക്ഷികളെയും സൃഷ്ടിച്ചതെന്തിനെന്ന് ആരും ചോദിക്കാറില്ലല്ലോ..