Movie prime

അമ്പതാണ്ടിന്റെ അഭ്രവ്യാകരണം 

 
സഞ്ജീവ് രാമചന്ദ്രൻ 

പ്രശസ്ത വ്യക്തിത്വങ്ങൾ അണിനിരന്ന ആ ചടങ്ങിൽ അവരിലൊരാളായി വിഖ്യാത ചലച്ചിത്ര സംവിധായകൻ ഹരികൃഷ്ണൻ. ചടങ്ങുകൾ പുരോഗമിക്കുമ്പോൾ ഓഡിറ്റോറിയമിന്റെ അങ്ങേയറ്റമുള്ള വാതിലിലൂടെ ഒരമ്മയും മകളും പ്രവേശിക്കുന്നു. അവർ അടുത്തുതന്നെ ഒഴിഞ്ഞു കിടന്നിരുന്ന രണ്ടു ഇരിപ്പിടങ്ങൾ കണ്ടെത്തി ഇരിക്കുന്നു.  അവിടേക്കറിയാതെ കണ്ണെത്തിയ ഹരിയുടെ ഉള്ളിലൂടെയൊരു കൊള്ളിയാൻ മിന്നുന്നു, ആ ഞെട്ടൽ അണുവിട കളയാതെ ഹരിയുടെ മുഖം ഒപ്പിയെടുക്കുന്നു. ഉള്ളിലെവിടെയോ പൊട്ടിയ അഗ്നിപർവതം തന്റെ ഇന്ദ്രിയങ്ങളിൽ പടരുന്നത്ന് ചുറ്റുമുള്ളവരിൽ നിന്ന് മറയ്ക്കാനെന്നോണം ഝടുതിയിൽ ഒരു സിഗരറ്റിനു തീപകർന്നു മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഹരി, സിഗരറ്റിനു തീ പകരുമ്പോഴും അടങ്ങാത്ത അസ്വസ്ഥത താങ്ങനാവാതെ ചടങ്ങിൽ നിന്ന് വേഗം ഇറങ്ങി മറയുന്നു.

എന്റെയുള്ളിൽ എന്നും മായാതെ നിൽക്കുന്ന, നടന വൈഭവത്തിന്റെ നേർക്കാഴ്ചയാകുന്ന രംഗമാണിത്. പി. പദ്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തിലേതാണ് ഈ രംഗം. മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ചോർക്കുമ്പോൾ എന്നിലെപ്പോഴും അവതരിക്കുക ഈ രംഗമാണ്. ആ ചിത്രത്തിന്റെ ഇതിവൃത്തം അറിയാവുന്നവർക്കറിയാം എത്ര തന്മയത്വത്തോടെയാണ് ഹരികൃഷ്ണനായി അവിടെ ഈ നടൻ പെരുമാറിയത് എന്ന്. ഇത്രയും ഭംഗിയായി ആ രംഗം അവതരിപ്പിക്കാൻ മറ്റേതു നടനാണാവുക.

പദ്മരാജന്റെ ഹരികൃഷ്ണൻ മമ്മൂട്ടിയുടെ അതുല്യ അഭിനയ പ്രതിഭ വെളിവാക്കുന്ന ഒരു കഥാപാത്രം മാത്രമാണെന്ന തിരിച്ചറിവ് അദ്ദേഹം അവതരിപ്പിച്ച മറ്റനവധി വേഷങ്ങൾ സാക്ഷ്യപ്പെടുത്തും. അമ്പതു സംവത്സരങ്ങൾ പിന്നിട്ടു നിൽക്കുന്ന അഭിനയ ജീവിതത്തിലെ നിരവധി ഏടുകൾ അഭിനയ വിദ്യാർത്ഥികളുടെ പഠന ഗ്രന്ഥങ്ങളാണെന്നു പറഞ്ഞാൽ പോലും അത് അതിശയോക്തിയാവില്ല. 

Mammootty in Vidheyan

ഇക്കഴിഞ്ഞ 50 കൊല്ലക്കാലം മമ്മൂട്ടി മലയാളസിനിമയ്ക്ക് നൽകിയ കഥാപാത്രങ്ങൾ ഓരോന്നും വിസ്മയിപ്പിക്കുന്നവയാണ്. എം ടി യുടെ തൂലികയിൽപ്പിറന്ന  വിൽക്കാനുണ്ട് സ്വപ്നങ്ങളിലെ മാധവൻ കുട്ടി മുതൽ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിലെ ഭാസ്ക്കരപട്ടേലർ, മതിലുകളിലെ ബഷീർ, എം ടി യുടെ ഒരു വടക്കൻ വീരഗാഥയിലെ ചന്തു ചേകവർ, സുകൃതത്തിലെ രവിശങ്കർ, തനിയാവർത്തനത്തിലെ ബാലൻ മാഷ്,  ബിഗ് ബി യിലെ ബിലാൽ ജോൺ കുരിശിങ്കൽ തുടങ്ങി എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങൾ! കഴിഞ്ഞ അമ്പതു വർഷക്കാലത്തെ മമ്മൂട്ടി കഥാപാത്രങ്ങലെടുത്താൽ ഓരോന്നിനുമുണ്ടാകും ഓരോ സവിശേഷത. അവയിലുടനീളം മമ്മൂട്ടി എന്ന മഹാനടന്റെ മാന്ത്രിക സ്പർശം മുന്നിട്ടു നില്കുന്നുമുണ്ടാക്കും. 

കഥാപാത്ര സൃഷ്ടിയെ ഇത്രയേറെ ബഹുമാനിക്കുന്ന, അവയെ ഉൾക്കൊണ്ട് അഭ്രപാളികളെ ത്രസിപ്പിക്കുന്ന രണ്ടു നടന്മാരുടെ ഈറ്റില്ലമാണ് മലയാളം. മമ്മൂട്ടിയും ഒപ്പം മോഹൻലാലും മലയാളിക്ക് നൽകിയ വിനോദ സാധ്യതകളെ, അഭിനയ പാടവ പഠന സാമഗ്രികളെ എത്രതന്നെ വാഴ്ത്തിയാലും മതിയാവില്ല. ഈ രണ്ടു നടന്മാർ, ഇന്നും മലയാള സിനിമ ഉറ്റുനോക്കുന്ന രണ്ടു പേരാകുന്നതും അവർ മലയാളത്തിന് നൽകിയിട്ടുള്ള പകരം വയ്ക്കാനില്ലാത്ത കഥാപാത്രാവതരണം ഒന്ന് കൊണ്ടു മാത്രമാണ്.

ഓരോ രചയിതാവിന്റെയും സംവിധായകന്റെയും സ്വപനമായി മമ്മൂട്ടി നിറഞ്ഞു നിൽക്കുന്നത് ഈ നടൻ ആ രചനയെ, കഥാപത്രത്തെ, പ്രേക്ഷകനെ ഉള്ളറിഞ്ഞു പഠിക്കുന്നത് കൊണ്ടാണ്. മലയാളത്തിനുമപ്പുറം മമ്മൂട്ടി അഭിമതനാകുന്നതും അത് കൊണ്ടു തന്നെയാവണം. പേരന്പും, യാത്രയും, അംബേദ്കറുമൊക്ക പിറക്കുന്നതും ആ ഉള്ളറിഞ്ഞുള്ള പഠിത്തം വ്യക്തമാക്കുന്ന അഭിനയ ശൈലി വെളിവാകുന്നത് കൊണ്ടു തന്നെ.

Mammootty in Peranpu

കച്ചവട ചേരുവകൾ കുത്തിനിറച്ച ചിത്രങ്ങളായാലും, സമാന്തര സിനിമയുടെ പാതപിന്തുടരുന്ന സൃഷ്ടികളായാലും മമ്മൂട്ടി എന്ന ഘടകം ഏച്ചുവയ്‌ലുകളുടെ അലോസരങ്ങളൊന്നുമില്ലാതെ നിവർന്നു നിൽക്കുന്ന കാഴ്ച മലയാളി കണ്ടിട്ടുള്ളതാണ്. കാഴ്ചയുടെ മാസ്മാരികത, വേറിട്ട ശൈലിയിലൂടെ, ദേഹം കൊണ്ടും ശബ്ദം കൊണ്ടും ചേഷ്ടകൾ കൊണ്ടും മനോഹരമാക്കപ്പെട്ടിട്ടുള്ള മമ്മൂട്ടിച്ചിത്രങ്ങൾ എത്രയോ കണ്ടു നിർവൃതി അടഞ്ഞവരാണ് നമ്മൾ. മതിലുകളിലെ ബഷീറും വിധേയനിലെ പട്ടേലരും, എന്തിന്  ബിഗ് ബിയിലെ ബിലാലുമൊക്കെത്തന്നെ മമ്മൂട്ടി എന്ന അടിവര കൂടാതെ പൂർണമാകുമോ? സംശയമാണ്. 

അമ്പതാണ്ടായിരിക്കുന്നു മമ്മൂട്ടി മലയാളത്തിന്റെ അഭ്രവ്യാകരണത്തിന്റെ ഭാഗമായിട്ട്. പുതുയുഗത്തിൽ സിനിമാസങ്കൽപ്പങ്ങളുമായി എത്തുന്ന യുവാക്കളെ തന്റെ സാന്നിധ്യം കൊണ്ടും നിർദേശങ്ങൾ കൊണ്ടും കൂടെ നിർത്തി മമ്മൂട്ടി പുതിയ പാത വെട്ടിത്തുറക്കുമ്പോൾ പുത്തൻ നാമ്പുകൾ കണ്ടെത്തി നാളെയുടെ സിനിമയ്ക്കും വളമിട്ടു വളർത്തുന്നതും നാം കാണുന്നുണ്ട്. മഹാനടന്റെ തണലിൽ വളരാൻ വെമ്പിനിക്കുന്ന പുതിയ മലയാള സിനിമയ്ക്കായി നമുക്ക് കാതോർക്കാവുന്നതാണ്. 

Mammootty as Zachariya

         

കരുത്തുറ്റകഥാപാത്ര സൃഷ്ടികൾക്ക് രൂപവും ഭാവവും നൽകി കുറ്റമറ്റതാക്കി മമ്മൂട്ടി അമ്പതിന്റെ നിറവിൽ നിൽക്കുമ്പോഴും മലയാള സിനിമയുടെ പ്രേക്ഷകർ ഉറ്റു നോക്കുന്നത് ഇനി വരാനുള്ള മമ്മൂട്ടി സിനിമകളെക്കുറിച്ചാണ്. അഭിനയത്തിന്റെ ബെഞ്ച്മാർക്ക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു തരം സവിശേഷതയാണ് ഈ കാത്തിരിപ്പിന്  പിന്നിലെന്നത് ഓർക്കണം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയയെ പോലെ ബെഞ്ച്മാർക്കുകളായ കഥാപത്രങ്ങൾ മമ്മൂട്ടിയുടെ 'റെസ്യൂമെ' യിൽ ഉള്ളിടത്തോളം മാറി ചിന്തിക്കാൻ നമുക്കാവുമോ? അമ്പതിന്റെ ആഘോഷങ്ങളാകുന്ന കഥാപാത്രങ്ങൾ രചയിതാക്കളുടെ തൂലികളിൽ ഇനിയും വിരിയുമാറാകട്ടെ എന്ന് ആശംസിക്കാം.