antibody
in

ഡൽഹിയിൽ നടത്തിയ സീറോ സർവേയിൽ അഞ്ചിൽ ഒരാളിൽ ആന്റിബോഡി കണ്ടെത്തി

antibody

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറലിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) നടത്തിയ സീറോളജിക്കൽ സർവേയിൽ രാജ്യതലസ്ഥാനത്തെ അഞ്ചിലൊരാളിൽ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തി. വൈറസ് വലിയ വിഭാഗം ജനങ്ങളിൽ ബാധിക്കുന്നതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.antibody

ഐ.ജി.ജി ആന്റിബോഡികളുടെ പോസിറ്റീവ് നിരക്ക് 22.86 ശതമാനമാണ് എന്നത് അവശേഷിക്കുന്ന 77 ശതമാനത്തിലധികം പേർക്കും വൈറസ് ബാധിക്കാൻ ഇടയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.  കൂടാതെ കണ്ടെയ്ൻമെൻ്റ് സോണുകളുടെ പ്രവർത്തനത്തിൽ കൂടുതൽ കർശനമായ നടപടികൾ അനിവാര്യമാക്കുന്ന സാഹചര്യമായും ഇതിനെ വിലയിരുത്താം.

ജൂൺ 27-നും ജൂലൈ 10-നും ഇടയിലാണ് ‌എൻസിഡിസി സർവേ നടന്നത്. 11 ജില്ലകളിലായി മൊത്തം 21,387 സാമ്പിളുകളാണ് റാൻ്റം രീതിയിൽ ശേഖരിച്ചത്. അതിൽനിന്ന് 18 വയസിൽ താഴെയും കൂടുതലും ഉള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചു.  

അതേസമയം,രോഗബാധിതരിൽ വലിയൊരു വിഭാഗത്തിനും രോഗലക്ഷണങ്ങളില്ലെന്ന് പഠനം സൂചിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഏതാണ്ട് ആറുമാസമായി. ഇതിനുള്ളിൽ ഡൽഹിയിൽ 22.86 ശതമാനത്തെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ. വലിയ ജനസാന്ദ്രതയുള്ള നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. രോഗം പടരാതിരിക്കാൻ സർക്കാർ സ്വീകരിച്ച ശ്രമങ്ങളാണ് രോഗവ്യാപനം പിടിച്ചു നിർത്തിയത്.

വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അതിനെതിരെ പൊരുതാൻ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനാണ്  സീറോളജിക്കൽ സർവേ നടത്തുന്നത്. ജനസംഖ്യയിൽ എത്രത്തോളം പേരിൽ രോഗവ്യാപനം ഉണ്ടായെന്ന് വിലയിരുത്താൻ ഇത് സഹായിക്കും. നേരത്തേവന്ന  അണുബാധയെയും അതേത്തുടർന്ന് ശരീരം സ്വീകരിച്ച പ്രതിരോധ പ്രതികരണത്തെയുമാണ് ആൻ്റിബോഡി ടെസ്റ്റ് വഴി തിരിച്ചറിയുന്നത്. സജീവമായ അണുബാധയല്ല ഇതുവഴി കണ്ടെത്തുന്നത്.

നീതി ആയോഗിലെ ആരോഗ്യ-പോഷകാഹാര വിഭാഗം മേധാവി ഡോ. വി കെ പോൾ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ, എൻസിഡിസി യിലെയും സംസ്ഥാന ആരോഗ്യ വകുപ്പിലെയും വിദഗ്ധർ എന്നിവർ ചേർന്നാണ് ഡൽഹിയിൽ സീറോളജിക്കൽ സർവേ നടത്താനുള്ള തീരുമാനം എടുത്തത്. 

ശാസ്ത്രീയമായ ഇത്തരം പഠനങ്ങൾ വളരെ പ്രധാനമാണെന്ന് ഡോ. പോൾ പറഞ്ഞു. മുൻകാല അനുഭവങ്ങൾ വിലയിരുത്താൻ ഇത് കൂടെക്കൂടെ നടത്തണം.  ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്ന ജൂൺ മൂന്നാം വാരം മുതലുള്ളതാണ് ഈ എണ്ണം. സർവേ നടക്കുന്ന സമയത്ത് നഗരത്തിൽ  ദിവസം മൂവായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗ നിയന്ത്രണ പരിപാടിയിൽ ഈ ഡാറ്റ നന്നായി ഉപയോഗിക്കാനാവും.

സർവേയിൽ പങ്കാളിയാവുന്നവരെ രേഖാമൂലം അറിയിച്ച്, അവരുടെ സമ്മതം വാങ്ങിയ ശേഷമാണ് സർവേ നടത്തിയത്. തിരഞ്ഞെടുത്ത വ്യക്തികളിൽ നിന്നാണ് രക്തസാമ്പിളുകൾ ശേഖരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകരിച്ച കോവിഡ് കവച് എലിസ കിറ്റുകൾ ഉപയോഗിച്ചായിരുന്നു സീറം പരിശോധന.

ഡൽഹിപോലെ വലിയ തോതിൽ ജനസാന്ദ്രതയുള്ള  നഗരത്തിൽ, രോഗവ്യാപനം 22.86 ശതമാനമാണെന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും സർക്കാരും സ്വീകരിച്ച ശ്രമങ്ങളുടെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നു.  എൻ‌സി‌ഡി‌സിയുമായും ഡൽഹി സർക്കാരുമായും യോജിച്ച് മന്ത്രാലയം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ വൈറസ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ സഹായിച്ചു.  ശാസ്ത്രീയ തത്വങ്ങൾ നന്നായി പാലിച്ചാൽ മഹാമാരിയെ നന്നായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നത്.  കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ്, ടെസ്റ്റിംഗ്, കണ്ടെയ്‌ൻമെൻ്റ്, ഐസൊലേഷൻ, ക്വാറൻ്റൈൻ എന്നിവ  ചിട്ടയായ രീതിയിൽ പ്രവർത്തിച്ചാൽ, തീർച്ചയായും ഫലങ്ങൾ ലഭിക്കും. കൂട്ടായ സമീപനത്തിൻ്റെ ആവശ്യകതയെയും ഇത് ബോധ്യപ്പെടുത്തുന്നുണ്ട്-  ഡോ. പോൾ പറഞ്ഞു.

എട്ട് ജില്ലകളിൽ രോഗവ്യാപനം 20 ശതമാനത്തിൽ അധികമാണെന്ന് ഡൽഹി സർവേ വ്യക്തമാക്കുന്നു. മധ്യ, വടക്കുകിഴക്കൻ, ഷഹദാര ജില്ലകളിലാണ് ഏറ്റവും കൂടുതൽ(27 ശതമാനം) വ്യാപനമുള്ളത്.  പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങൾ വൈറസ് ബാധിതരാണെന്ന് ഇത് സൂചിപ്പിക്കുന്നു.

നിയന്ത്രണ നടപടികൾ മുൻപുള്ള രീതിയിൽ തുടരേണ്ടതുണ്ട്.  ശാരീരിക അകലം കൃത്യമായി പാലിക്കണം. മാസ്ക് ഉപയോഗം, കൈകൾ ശുചിയായി സൂക്ഷിക്കൽ,  തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കൽ തുടങ്ങി ജാഗ്രതാ നടപടികൾ കർശനമായി പാലിക്കേണ്ടതുണ്ട്- ഡോ. പോൾ കൂട്ടിച്ചേർത്തു.
ഏപ്രിൽ മാസത്തിൽ 21 സംസ്ഥാനങ്ങളിലെ 83 ജില്ലകളിൽ ഐസിഎംആർ പൈലറ്റ് അടിസ്ഥാനത്തിൽ സീറോ സർവേ നടത്തിയിരുന്നു. പ്രാഥമിക ഫലങ്ങൾ കാണിക്കുന്നത്,  ജനസംഖ്യയുടെ 0.73 ശതമാനം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ്. നഗരപ്രദേശങ്ങളിൽ നിരക്ക് കൂടുതലാണ്- 1.09 ശതമാനം.  രാജ്യത്തുടനീളം സീറോ സർവേയുടെ ഫോളോ-അപ്പ് പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഐസിഎംആർ അറിയിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Covid Treatment

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം,അളകാപുരി, ആര്‍ഡിആര്‍, ശ്രീ മൂലം ക്ലബ്‌ ഓഡിറ്റോറിയങ്ങൾ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാകും

Migrant Worker

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍