Movie prime

2020-ൽ യൂണികോൺ പദവി നേടിയ 11 സ്റ്റാർട്ടപ്പുകൾ

Unicorn startup അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധിക്ക് ലോകം സാക്ഷ്യം വഹിച്ച വർഷമാണ് 2020. കോവിഡ് എന്ന മഹാമാരിയുടെ കടന്നുവരവ് വ്യവസായ മേഖലയുടെ കണക്കുകൂട്ടലുകൾ തകർത്തു. ചെറുതും വലുതുമായ ഒട്ടേറെ വ്യാപാര സംരംഭങ്ങൾ തകർച്ചയുടെ വക്കിലാണ്. പതിനായിരക്കണക്കിന് ചെറുകിട ബിസ്നസ് യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. സംരംഭങ്ങളുടെ തകർച്ച തൊഴിലില്ലായ്മ രൂക്ഷമാക്കി.Unicorn startup എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയം കൈവരിച്ച കഥകൾ സ്റ്റാർട്ടപ്പ് മേഖലയിൽനിന്ന് വരുന്നുണ്ട്. യൂണികോണുകളുടെ എണ്ണം ഈ പ്രതിസന്ധിക്കിടയിലും വർധിച്ചു. ഒരു ബില്യൺ ഡോളറിൽ More
 
2020-ൽ യൂണികോൺ പദവി നേടിയ 11 സ്റ്റാർട്ടപ്പുകൾ

Unicorn startup

അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധിക്ക് ലോകം സാക്ഷ്യം വഹിച്ച വർഷമാണ് 2020. കോവിഡ് എന്ന മഹാമാരിയുടെ കടന്നുവരവ് വ്യവസായ മേഖലയുടെ കണക്കുകൂട്ടലുകൾ തകർത്തു. ചെറുതും വലുതുമായ ഒട്ടേറെ വ്യാപാര സംരംഭങ്ങൾ തകർച്ചയുടെ വക്കിലാണ്. പതിനായിരക്കണക്കിന് ചെറുകിട ബിസ്നസ് യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. സംരംഭങ്ങളുടെ തകർച്ച തൊഴിലില്ലായ്മ രൂക്ഷമാക്കി.Unicorn startup

എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയം കൈവരിച്ച കഥകൾ സ്റ്റാർട്ടപ്പ് മേഖലയിൽനിന്ന് വരുന്നുണ്ട്. യൂണികോണുകളുടെ എണ്ണം ഈ പ്രതിസന്ധിക്കിടയിലും വർധിച്ചു. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള, ഓഹരി കമ്പോളത്തിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സംരംഭങ്ങളാണ് യൂണികോണുകൾ. പ്രതിസന്ധികളെ മറികടന്ന് 2020-ൽ യൂണികോണുകളായി മാറിയ ചില സ്റ്റാർട്ടപ്പുകളെക്കുറിച്ചാണ് താഴെ പറയുന്നത്.

ഗൂഗിൾ ഉൾപ്പെടെ നിലവിലുള്ളതും പുതിയതുമായ നിക്ഷേപകർ 100 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയതിനെ തുടർന്ന് യൂണികോണുകളായ ഡെയ്‌ലിഹണ്ടിന്റെ മാതൃകമ്പനിയായ വെർസെ, ഇൻമോബിയുടെ‌ അനുബന്ധ കമ്പനിയായ ഗ്ലാൻസ് എന്നിവയാണ് ഈ ക്ലബ്ബിലെ പുതിയ അംഗങ്ങൾ.

ബില്യൺ ഡോളർ മൂല്യനിർണയമുളള ഈ ‘സെലിബ്രിറ്റി’ ക്ലബ്ബിലേക്ക് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പ്രവേശിക്കുന്നതിന്റെ വേഗതയും ശ്രദ്ധേയമാണ്. പകർച്ചവ്യാധി തീർത്ത പ്രതിസന്ധികൾക്കിടയിലും ഈ സംരംഭങ്ങൾ കൈവരിച്ച സ്ഥിരതയും വളർച്ചയും ശ്രദ്ധേയമാണ്. 2020-ന് തിരശ്ശീല വീഴുന്ന ഈ ഘട്ടത്തിൽ, പുത്തൻ തലമുറ സംരംഭകരെ പ്രചോദിപ്പിക്കാൻ ഇത്തരം കമ്പനികൾക്കാവും എന്ന് പ്രതീക്ഷിക്കാം.

പൈൻ ലാബ്‌സ്

2020 ജനുവരിയിലാണ് പൈൻ ലാബ്സ് യൂണികോൺ പദവി നേടിയത്. പ്രവർത്തനം തുടങ്ങി ഏതാണ്ട് 22 വർഷത്തിനുശേഷമാണ് കമ്പനി ഈ പദവി കൈവരിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മർച്ചന്റ് പേ‌മെന്റ് സൊല്യൂഷൻ ദാതാവാണ് പൈൻലാബ്സ്. ന്യൂയോർക്ക് ആസ്ഥാനമായ മാസ്റ്റർകാർഡിൽ നിന്ന് വെളിപ്പെടുത്താത്ത തുകയ്ക്കുള്ള നിക്ഷേപമാണ് പൈൻലാബ്സ് നേടിയത്. ഏകദേശം 1.5 ബില്യൺ ഡോളറിലേറെയാണ് പൈൻ ലാബ്സിലെ മാസ്റ്റർ കാർഡിൻ്റെ നിക്ഷേപമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ലോക്‌വീർ കപൂർ, രാജുൽ ഗാർഗ്, തരുൺ ഉപാധ്യായ് എന്നിവർ ചേർന്ന് 1998-ലാണ് പൈൻലാബ്സ് സ്ഥാപിച്ചത്.
നോയ്ഡയാണ് ആസ്ഥാനം.

ഫസ്റ്റ്ക്രൈ

ആരംഭിച്ച് ഒരു പതിറ്റാണ്ടിനുശേഷം, 2020 ഫെബ്രുവരിയിലാണ്
ഫസ്റ്റ്ക്രൈ യൂണികോണായത്. സോഫ്റ്റ്ബാങ്കിൽ നിന്ന് 400 മില്യൺ ഡോളറാണ് ഫസ്റ്റ്ക്രൈയിൽ എത്തിയത്. അതോടെ 1.2 ബില്യൺ ഡോളറിലേറെ മൂല്യത്തോടെ കമ്പനി യൂണികോൺ പദവി നേടി. 2010-ൽ സുപാം മഹേശ്വരിയും അമിതവ സാഹയും ചേർന്ന് സ്ഥാപിച്ച പൂണെ ആസ്ഥാനമായ കമ്പനി ബേബി, മദർ കെയർ ഉത്പന്ന രംഗത്തെ അതികായരാണ്.

നൈക

മുംബൈ ആസ്ഥാനമായ നൈക ബൂട്ടി, കോസ്മെറ്റിക്സ് ഉത്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ഇന്ത്യൻ ഇകൊമേഴ്‌സ് വ്യവസായത്തിൽ വിജയപ്രതീക്ഷയില്ലാത്ത കമ്പനികളിൽ ഒന്നായി
ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്ന കമ്പനിയാണ് നൈക.
2012-ൽ ഫാൽഗുനി നായർ ആണ് സംരംഭത്തിന് തുടക്കം കുറിച്ചത്. രാജ്യമാകെ 14,000 പിൻ‌കോഡുകളിൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. നിലവിലെ നിക്ഷേപകരായ സ്റ്റീഡ്‌വ്യൂ ക്യാപിറ്റലിൽ നിന്ന് 66.64 കോടി രൂപ ഫണ്ട് സ്വരൂപിച്ചതോടെ മൊത്തം മൂല്യം 1.2 ബില്യൺ ഡോളറിലെത്തി. 2020 മെയ് മാസത്തിലാണ് യൂണികോൺ പദവി നേടിയത്. മിന്ത്ര പർപ്പിൾ, ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വിപണന കേന്ദ്രങ്ങളുമായാണ് നൈകയുടെ മത്സരം.

പോസ്റ്റ്മാൻ

ബെംഗളൂരുവും സാൻഫ്രാൻസിസ്കോയും ആസ്ഥാനമായ സോഫ്റ്റ് വെയർ ആസ് എ സർവീസ് (സാസ്) സ്റ്റാർട്ടപ്പാണ് പോസ്റ്റ്മാൻ. ഏറ്റവും വേഗത്തിൽ യൂണികോൺ പദവിയിലെത്തുന്ന സാസ് സ്റ്റാർട്ടപ്പ് എന്നാണ് പോസ്റ്റ്മാൻ അറിയപ്പെടുന്നത്. 2020 ജൂണിലാണ് ആറ് വർഷം മാത്രം പ്രായമുള്ള സ്റ്റാർട്ടപ്പ് 150 മില്യൺ ഡോളറിന്റെ സീരീസ് സി ഫണ്ടിംഗ് നേടി 2 ബില്യൺ ഡോളറിലേറെ മൂല്യമുള്ള യൂണികോണാവുന്നത്. യുഎസ് ആസ്ഥാനമായ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് സ്ഥാപനമായ ഇൻസൈറ്റ് പാർട്ണേഴ്സ് ആണ് നിക്ഷേപത്തിന് നേതൃത്വം നൽകിയത്. സിആർവി, നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ് എന്നിവരും കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. അഭിജിത് കെയ്ൻ, അഭിനവ് അസ്താന, അങ്കിത് സോബ്തി എന്നിവർ ചേർന്ന് 2014-ലാണ് കമ്പനി സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള 11 ദശലക്ഷത്തിലധികം ഡവലപ്പർമാരും മൈക്രോസോഫ്റ്റ്, ട്വിറ്റർ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ 500,000-ത്തിൽ അധികം കമ്പനികളും പോസ്റ്റ്മാൻ്റെ ഉപയോക്താക്കളാണ്.

സിറോഡ

ഇന്ത്യൻ ഫിൻ‌ടെക് ഇക്കോസിസ്റ്റത്തിൽ ഏറ്റവും മൂല്യമുള്ള ഓൺലൈൻ സ്റ്റോക്ക് ട്രേഡിംഗ് കമ്പനികളിലൊന്നാണ് ഒരു പതിറ്റാണ്ട് പഴക്കമുള്ള സിറോഡ എന്ന സ്റ്റാർട്ടപ്പ്. സിറോഡ സെക്യൂരിറ്റീസ്, സിറോഡ ബ്രോക്കിംഗ്, സിറോഡ കമ്മോഡിറ്റീസ്, സിറോഡ ക്യാപിറ്റൽ എന്നിങ്ങനെ രജിസ്റ്റർ ചെയ്ത നാല് എന്റിറ്റികൾ സിറോഡയ്ക്കുണ്ട്.
2020 ജൂണിൽ എംപ്ലോയി സ്റ്റോക് ഓണർഷിപ്പ് പ്ലാൻ
(ഇഎസ്ഒപി), ബുക്ക് വാല്യൂവിൻ്റെ അഞ്ചിരട്ടി മൂല്യത്തിൽ തിരിച്ചുവാങ്ങിയതോടെയാണ് കമ്പനിയുടെ മൂല്യം ഒരു ബില്യൺ ഡോളറായി ഉയർന്നത്. സഹോദരന്മാരായ നിഖിൽ കാമത്തും നിതിൻ കാമത്തുമാണ് കമ്പനിയുടെ സ്ഥാപകർ.

അൺഅക്കാദമി

ഗൗരവ് മുഞ്ജൽ, റോമൻ സൈനി, ഹേമേഷ് സിംഗ് എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. ആരംഭിച്ച് ആറുവർഷത്തിനുള്ളിൽ, വിദ്യാഭ്യാസത്തിന്റെ ബഹുജനവൽക്കരണത്തിനും ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ നീക്കുന്നതിനും പഠിതാക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അടിത്തറ പാകിയ സ്ഥാപനമാണ് അൺഅക്കാദമി. 2010-ൽ ഒരു യു ട്യൂബ് ചാനലായാണ് തുടക്കം. പിന്നീട് 2015-ൽ ഒരു ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായി പരിണമിച്ചു. 2020 സെപ്റ്റംബറിലാണ് യൂണികോൺ പദവി ലഭിച്ചത്. 150 മില്യൺ ഡോളറിൻ്റെ നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തിയതോടെയാണ് കമ്പനിയുടെ മൂല്യം 1.45 ബില്യൺ ഡോളറായി ഉയർന്നത്. ജനറൽ അറ്റ്ലാന്റിക്, സെക്വയ ഇന്ത്യ, നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ്, ഫേസ്ബുക്ക് എന്നിവയാണ് കമ്പനിയുടെ മറ്റ് നിക്ഷേപകർ. പ്രതിമാസം 1,50,000 ലൈവ് ക്ലാസുകളാണ് നടക്കുന്നത്. പ്ലാറ്റ്ഫോമിൽ
47,000-ത്തിലധികം അധ്യാപകരുണ്ട്. 14 ഇന്ത്യൻ ഭാഷകളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. 5,000-ത്തിലേറെ നഗരങ്ങളിലും പട്ടണങ്ങളിലുമായി 40 ദശലക്ഷം പഠിതാക്കളാണ് അൺഅക്കാദമിക്കുള്ളത്.

റേസർപേ

2014-ൽ ഹർഷിൽ മാത്തൂറും ശശാങ്ക് കുമാറും ചേർന്നാണ് റേസർപേ ആരംഭിച്ചത്. ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റൽ പേ‌മെന്റ് പ്രക്രിയകൾ ലളിതമാക്കുകയായിരുന്നു ലക്ഷ്യം. ഏഴ് വർഷം പിന്നിടുമ്പോൾ വളർച്ചയിലും വികാസത്തിലും പുതിയ അധ്യായങ്ങൾ രചിക്കുകയാണ് റേസർപേ. റിബിറ്റ് ക്യാപിറ്റൽ, ടൈഗർ ഗ്ലോബൽ, വൈ കോമ്പിനേറ്റർ, മാട്രിക്സ് പാർട്ണേഴ്സ് എന്നിവരുടെ പങ്കാളിത്തത്തോടെ ജിഐസിയുടെയും
സെക്വയയുടെയും നേതൃത്വത്തിൽ 100 ​​മില്യൺ ഡോളർ ഫണ്ട് സ്വരൂപിച്ചതോടെ 2020 ഒക്ടോബറിലാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി യൂണികോൺ പദവി നേടിയത്. ഏഴു വർഷമെടുത്താണ് റേസർപേ യൂണികോൺ ആവുന്നത്. ഈ കാലയളവിൽ 25 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകൾ പ്രോസസ്സ് ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. പേമെൻ്റ് ഗേറ്റ്‌വേ സേവന ബിസ്നസിലെ എതിരാളികൾ 10-15 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. ഫേസ്ബുക്ക്, ഗൂഗിൾ, വിക്കിപീഡിയ, ജിയോ, സിറോഡ, ഹോട്ട്സ്റ്റാർ തുടങ്ങിയ വമ്പൻ കമ്പനികൾക്കും സമീപകാലത്ത് ഉയർന്നുവന്ന ഖതബുക്ക്, ഒക്രെഡിറ്റ്, മീഷോ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾക്കും റേസർപേ സേവനം നൽകുന്നുണ്ട്.

കാർസ് 24

ലോക്ഡൗൺ സമയത്ത് രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായ അടച്ചുപൂട്ടൽ നേരിട്ടപ്പോൾ സുരക്ഷിതമായ യാത്രാ ഓപ്ഷൻ തിരഞ്ഞവർക്ക് മുമ്പിൽവന്ന ആദ്യ പേരുകളിൽ ഒന്നാണ് കാർസ് 24. യൂസ്ഡ് കാർ വിൽപനയിൽ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. ഗുരുഗ്രാം ആസ്ഥാനമായ കമ്പനിയുടെ തുടക്കം 2015-ലാണ്. ഗജേന്ദ്ര ജംഗിദ്, മെഹുൽ അഗർവാൾ, രുചിത് അഗർവാൾ, വിക്രം ചോപ്ര എന്നിവരാണ് സ്ഥാപകർ. റഷ്യൻ ശതകോടീശ്വരൻ യൂറി മിൽനറുടെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനമായ ജിഎസ്ടി ഗ്ലോബൽ 200 മില്യൺ ഡോളർ നിക്ഷേപിച്ചതോടെയാണ് കമ്പനിക്ക് യൂണികോൺ പദവി ലഭിച്ചത്. എക്സോർ സീഡ്സ്, ലണ്ടൻ ആസ്ഥാനമായ ആഗോള നിക്ഷേപ സ്ഥാപനമായ അൺ ബൗണ്ട്, ന്യൂയോർക്ക് ആസ്ഥാനമായ മൂർ സ്ട്രാറ്റജിക് വെഞ്ചേഴ്സ് എന്നിവയും കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയിലെ 130 നഗരങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു.

സെനോട്ടി

ബ്യൂട്ടി, വെൽനസ്, ഫിറ്റ്നസ് മേഖലയിലാണ് സെനോട്ടി യുടെ പ്രവർത്തനം. 2010-ലാണ് തുടക്കം. പത്തുവർഷം കൊണ്ടാണ് യൂണികോൺ പദവി നേടുന്നത്. സുധീർ കൊനേരു, ധീരജ് കൊനേരു, ആനന്ദ് അരവിന്ദ്, സരിത കാതികാനേനി എന്നിവരാണ് സ്ഥാപകർ. ഹൈദരാബാദും ബെല്ലിവ്യൂവും ആസ്ഥാനമായി പ്രവർത്തിക്കുന്ന സെനോട്ടി ഇന്ന് ആഗോളതലത്തിൽ ശ്രദ്ധേയമായ
എന്റർപ്രൈസ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. കോവിഡ് കാലത്ത് പൂർണമായും ടച്ച്‌ലെസ്സ് മൊബൈൽ പരിഹാരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് എളുപ്പത്തിൽ അപ്പോയിന്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാനും സ്വയം ചെക്ക്-ഇൻ ചെയ്യാനും ഇലക്ട്രോണിക് പേമെൻ്റ് നിർവഹിക്കാനും സാധിക്കും. 24/7 ഉപഭോക്തൃ സേവനം, സൗജന്യ പരിശീലനം, കൺസൾട്ടിങ്ങ് സേവനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 12,000-ത്തോളം സംരംഭങ്ങൾക്ക് സേവനം നൽകുന്ന കമ്പനി നിലവിൽ 50-ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യൻ വാക്സ് സെന്റർ, ഹാൻഡ് & സ്റ്റോൺ, മസാജ് ഹൈറ്റ്സ്, റഷ് ഹെയർ & ബ്യൂട്ടി, സോനോ ബെല്ലോ, ഹെയർ കട്ടറി, പ്രൊഫൈൽ ബൈ സാൻഫോർഡ്, ടോണി & ഗൈ ഉൾപ്പെടെ നിരവധി ആഗോള ബ്രാൻഡുകളെ സെനോട്ടി പിന്തുണയ്ക്കുന്നുണ്ട്. 2020 ഡിസംബറിൽ ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ അഡ്വെന്റ് ഇന്റർനാഷണലിൽ നിന്ന് അഡ്വെന്റ് ടെക്കിലൂടെയും അഡ്വെന്റിന്റെ അനുബന്ധ സ്ഥാപനമായ സൺലി ഹൗസ് ക്യാപിറ്റലിലൂടെയും 160 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് കമ്പനി യൂണികോൺ പദവി നേടുന്നത്.

ഡെയ്‌ലിഹണ്ട്

ഒരു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഗൂഗിൾ, ആൽഫവേവ്, മൈക്രോസോഫ്റ്റ് എന്നിവയിൽനിന്ന് 100 മില്യൺ ഡോളറിലേറെ ഫണ്ട് സ്വരൂപിച്ചതോടെയാണ് ഡെയ്‌ലിഹണ്ടിന് യൂണികോൺ പദവി ലഭിച്ചത്. നിലവിലുള്ള നിക്ഷേപകരായ സോഫിന ഗ്രൂപ്പ്, ലുപ സിസ്റ്റംസ് എന്നിവരും ഇത്തവണത്തെ നിക്ഷേപ റൗണ്ടിൽ പങ്കെടുത്തിരുന്നു. ഒരു പ്രാദേശിക വാർത്താ വിതരണ പ്ലാറ്റ്ഫോമായ ഡെയ്‌ലിഹണ്ട് 14 ഇന്ത്യൻ ഭാഷകളിൽ സേവനം നൽകുന്നുണ്ട്. ഒരു ലക്ഷത്തിലധികം കണ്ടൻ്റ് പങ്കാളികളുടെയും വ്യക്തിഗത കണ്ടൻ്റ് സ്രഷ്‌ടാക്കളുടെയും പങ്കാളിത്തത്തോടെയാണ് ഉള്ളടക്കം ലഭ്യമാക്കുന്നത്.
ഡിജിറ്റൽ വിടവ് പരിഹരിക്കാൻ സാങ്കേതികവിദ്യ സഹായിക്കുമെന്ന ആശയമാണ് ഡെയ്ലി ഹണ്ടിൻ്റെ മാതൃകമ്പനിയായ വെർസെ ഇന്നൊവേഷൻ മുന്നോട്ടുവെയ്ക്കുന്നത്.

മെഷീൻ ലേണിങ്ങ്, ആർടിഫിഷ്യൽ ഇൻ്റലിജൻസ്, ഡീപ്പ് ലേണിങ്ങ് സാങ്കേതികവിദ്യകൾ ഉപയുക്തമാക്കിയാണ് വ്യക്തിഗതമാക്കിയ ഉള്ളടക്കം കൈമാറുന്നത്. നിലവിൽ 300 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. 12 ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ ജോഷ് വഴി ഇന്ത്യ കേന്ദ്രീകരിച്ചുള്ള പോർട്ട്‌ഫോളിയോ സ്റ്റാർട്ടപ്പ് വിപുലീകരിക്കുന്ന സമയത്താണ് പുതിയ നിക്ഷേപം കമ്പനിക്ക് ലഭിക്കുന്നത്.

ഗ്ലാൻസ്

ഇൻ‌മോബിയുടെ അനുബന്ധ കമ്പനിയായ ഗ്ലാൻസ് പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിലധികം മൂല്യനിർണയത്തോടെ ഏറ്റവും വേഗതയേറിയ യൂണികോൺ ആയി.
2019 ൽ ബി 2 ബി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ഉഡാൻ പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ യൂണികോൺ പദവി നേടിയിരുന്നു. സ്മാർട്ട്‌ഫോണുകളിലെ ഡിജിറ്റൽ ഉപഭോഗത്തിന്റെ ഭാവി പുനർ‌നിർണയിക്കുക എന്ന ലക്ഷ്യമാണ് ഗ്ലാൻസ് മുന്നോട്ടുവെയ്ക്കുന്നത്. പ്രതിദിനം ശരാശരി 25 മിനിറ്റോളം പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുന്ന 115 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ കമ്പനിക്കുണ്ട്.

കടപ്പാട്: യുവർ സ്റ്റോറി.കോം